H-1B Visa ഫീസ് വര്‍ധന, ഇന്ത്യക്കാരുടെ അമേരിക്കന്‍ തൊഴില്‍ സ്വപ്‌നങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകും

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

വാഷിങ്ടൺ: അമേരിക്കൻ വിസ നയങ്ങളിൽ ട്രംപ് ഭരണകൂടം വരുത്തിയ സമഗ്രമായ മാറ്റങ്ങൾ ഇന്ത്യയിൽ നിന്നുള്ളടെക്കികളക്കമുള്ളവരെ വലിയ 
ആശങ്കയിലാക്കിയിട്ടുണ്ട്. ഒറ്റയടിക്ക് വിസ ഫീസ് ഒരു ലക്ഷം ഡോളര്‍(90 ലക്ഷത്തോളം രൂപ) ആക്കിയാണ് കൂട്ടിയത്. അമേരിക്കൻ തൊഴിൽ വിപണിയെ സംരക്ഷിക്കാനും ഉയർന്ന വൈദഗ്ധ്യമുള്ളവരെ മാത്രം രാജ്യത്തേക്ക് കൊണ്ടുവരാനുമാണ് ഈ നീക്കമെന്ന് ഭരണകൂടം അവകാശപ്പെടുമ്പോഴും, എച്ച്-1ബി വിസകളെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഇന്ത്യക്കാർക്ക് ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കും.

അമേരിക്കൻ ഐടി മേഖലയിൽ തൊഴിൽ തേടിയെത്തുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരുടെ പ്രധാന മാർഗ്ഗമാണ് എച്ച്-1ബി വിസ. സർക്കാർ കണക്കുകൾ പ്രകാരം, 2020 മുതൽ 2023 വരെയുള്ള കാലയളവിൽ അനുവദിച്ച എച്ച്-1ബി വിസകളിൽ 71ശതമാനവും ലഭിച്ചത് ഇന്ത്യക്കാര്‍ക്കാണ്‌. പുതിയ ഉയർന്ന വിസ ഫീസ് ഘടന ഏറ്റവും പ്രതികൂലമായി ബാധിക്കാൻ പോകുന്നത് ഇന്ത്യൻ അപേക്ഷകരെയും അവരെ ജോലിക്കെടുക്കുന്ന കമ്പനികളെയുമായിരിക്കും. 

പുതിയ നിയമപ്രകാരം, വിസയ്ക്ക് അപേക്ഷിക്കുന്ന ജീവനക്കാർക്ക് വേണ്ടി തൊഴിലുടമയായ കമ്പനിയാണ് ഒരു ലക്ഷം ഡോളർ (ഏകദേശം 88ലക്ഷം രൂപ) വാർഷിക ഫീസ് അടയ്ക്കേണ്ടത്. നിലവിലുള്ള രജിസ്ട്രേഷൻ ഫീസ്, ഫോം I-129 ചാർജ് തുടങ്ങിയ ഫീസുകൾക്ക് പുറമെയാണ് ഈ ഭീമമായ തുക നൽകേണ്ടത്. വിദേശ തൊഴിലാളികളെ പരിശീലിപ്പിക്കുന്നതിന് പകരം അമേരിക്കയിലെ മികച്ച സർവകലാശാലകളിൽ നിന്ന് ബിരുദം നേടിയവരെ പരിശീലിപ്പിക്കാൻ കമ്പനികളെ പ്രേരിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വാദം. ഇത്രയും തുക വിസ ഫീസായി നല്‍കി വിദേശരാജ്യങ്ങളില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യുന്നതില്‍ നിന്ന് യു.എസ് ടെക് കമ്പനികളെ തടയുകയാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്. അതിന്റെ തുടര്‍ച്ചയായി കുടിയേറ്റം തടയാനുള്ള ലക്ഷ്യവും അടങ്ങിയിട്ടുണ്ട്‌.

ആമസോൺ, മൈക്രോസോഫ്റ്റ്, മെറ്റാ പ്ലാറ്റ്‌ഫോംസ് തുടങ്ങിയ വൻകിട ടെക് കമ്പനികളാണ് എച്ച്-1ബി വിസയുടെ പ്രധാന സ്പോൺസർമാർ. ഈ കമ്പനികളെല്ലാം പുതിയ ഫീസിനെ അനുകൂലിക്കുന്നുണ്ടെന്ന് അമേരിക്ക അവകാശപ്പെടുന്നുണ്ടെങ്കിലും, പല കമ്പനികളും വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. അമേരിക്കയിൽ തൊഴിൽ സ്വപ്നം കാണുന്ന ആയിരക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകളുടെ ഭാവിയെ സാരമായി ബാധിച്ചേക്കാവുന്നതാണ് ട്രംപിന്റെ പുതിയ നയം. എച്ച്-1ബി വിസയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ എന്ന നിലയിൽ, ഈ പ്രതിസന്ധി ഇന്ത്യക്കാർക്ക് മറ്റ് രാജ്യക്കാരെ അപേക്ഷിച്ച് വലിയ ആഘാതമുണ്ടാക്കും. മറ്റ് കുടിയേറ്റ നിയമങ്ങൾ കൂടി കർശനമാകുന്നതോടെ, അമേരിക്കയിലേക്കുള്ള ഇന്ത്യക്കാരുടെ യാത്ര കൂടുതൽ ദുഷ്കരമാകാനാണ് സാധ്യത.

ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം തുടങ്ങിയ മേഖലകളിൽ, ഒഴിവുകൾ നികത്താൻ പ്രയാസമുള്ള ജോലികളിൽ ബിരുദമോ അതിൽ കൂടുതലോ യോഗ്യതയുള്ള ആളുകൾക്കായി 1990-ലാണ് എച്ച്1-ബി വിസ പദ്ധതി ആരംഭിച്ചത്. ശരാശരി 2.5 ലക്ഷം തൊട്ട് 5 ലക്ഷം രൂപ വരെയായിരുന്നു എച്ച് വൺ ബി വിസയ്ക്ക് ഈടാക്കിയിരുന്നത്. ഇതിൽ ബഹുഭൂരിപക്ഷവും തൊഴിലുടമയാണ് അടക്കേണ്ടിയിരുന്നത്. അമേരിക്കൻ തൊഴിൽ വിപണി സംരക്ഷിക്കുന്നതിനും രാജ്യത്തിന് കാര്യമായ പ്രയോജനം ഉറപ്പാക്കുന്നതിനുമായിട്ടാണ് വിസ പ്രോഗ്രാമുകളിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തുന്നതെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വാദം.

Content Highlights: Trump`s H-1B visa policy changes, including increased fees