‘റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ ഞങ്ങളാവശ്യപ്പെട്ടു, അവർ പാലിച്ചു’, ഇന്ത്യ മികച്ച പങ്കാളിയെന്ന് US

#ന്യൂസ് ഡെസ്ക്
ഡൊണാൾഡ് ട്രംപ്-പ്രധാനമന്ത്രി മോദി (ഫയല്‍ ചിത്രം) |ഫോട്ടോ:AP
ഡൊണാൾഡ് ട്രംപ്-പ്രധാനമന്ത്രി മോദി (ഫയല്‍ ചിത്രം) |ഫോട്ടോ:AP

വാഷിങ്ടൺ: ആഗോള ഊർജവിപണി സ്ഥിരപ്പെടുത്തുന്നതിനായി റഷ്യൻ എണ്ണയുടെ ഇറക്കുമതിക്ക് ഏർപ്പെടുത്തിയ നിരോധനത്തിൽ താത്ക്കാലിക ഇളവ് വരുത്താൻ സാധ്യതയുണ്ടെന്ന് യുഎസ്. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തണമെന്ന ആവശ്യം ഇന്ത്യ പാലിച്ചെന്നും ഇന്ത്യ മികച്ച പങ്കാളിയാണെന്നും യുഎസ് വിശേഷിപ്പിച്ചു.

പശ്ചിമേഷ്യയിലെ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യൻ റിഫൈനറികൾക്ക് അനുമതി നൽകുന്നതിനായി 30 ദിവസത്തെ താത്ക്കാലിക ഇളവ് നൽകിയതായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ് വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ആഗോള എണ്ണ വിതരണത്തിൽ ഹ്രസ്വകാല തടസ്സങ്ങൾ ഒഴിവാക്കുന്നതിനാണ് ഈ അനുമതി നൽകിയതെന്ന് ബെസ്സെന്റ് പറഞ്ഞു.

"ഇന്ത്യ വളരെ നല്ല പങ്കാളികളാണ്. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ ഞങ്ങൾ അവരോട് ആവശ്യപ്പെട്ടിരുന്നു. അവർ അത് ചെയ്തു. അവർ പകരം യുഎസ് എണ്ണ വാങ്ങാൻ തീരുമാനിച്ചിരുന്നു. എണ്ണയുടെ താത്കാലികക്ഷാമം കണക്കിലെടുത്ത് റഷ്യൻ എണ്ണ വാങ്ങാൻ ഞങ്ങൾ അനുമതി നൽകിയിട്ടുണ്ട്. റഷ്യൻ എണ്ണയുടെ മേലുള്ള മറ്റ് നിരോധനങ്ങളും നീക്കം ചെയ്‌തേക്കാം,' ബെസ്സെന്റ് ഫോക്‌സ് ബിസിനസ്സിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. നിരോധനം കാരണം ഇപ്പോൾ നൂറുകണക്കിന് ദശലക്ഷം ബാരൽ റഷ്യൻ അസംസ്‌കൃത എണ്ണ കപ്പലുകളിൽ കെട്ടിക്കിടക്കുന്നുണ്ടെന്ന് ബെസ്സെന്റ് പറഞ്ഞു. ആവശ്യക്കാരിലേക്ക് അതെത്താൻ അനുവദിക്കുന്നത് ആഗോള വിതരണം വർധിപ്പിക്കുമെന്നും ബെസ്സെന്റ് കൂട്ടിച്ചേർത്തു.

ദക്ഷിണേഷ്യയിൽ ഇതിനകം കപ്പലുകളിലുള്ള റഷ്യൻ എണ്ണ വിപണിയിലെത്തിച്ച് ഉടനടി വിതരണം ഉറപ്പാക്കാനും സംഘർഷത്തിനിടയിൽ എണ്ണ പ്രതിസന്ധിയിൽ ആശ്വാസമാകുമെന്ന് യുഎസ് ഊർജ സെക്രട്ടറി ക്രിസ് റൈറ്റും പറഞ്ഞു.

"എണ്ണ വില കുറയ്ക്കാൻ സഹായിക്കുന്നതിനായി ഞങ്ങൾ ഹ്രസ്വകാല നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ഞങ്ങളുടെ സുഹൃത്തുക്കൾക്ക് ഇതിനകം കപ്പലുകളിലുള്ള എണ്ണ സംസ്കരിച്ച്, വേഗത്തിൽ വിപണിയിലെത്തിക്കാൻ അനുവദിക്കുന്നു. വിതരണം ഉറപ്പാക്കാനും സമ്മർദ്ദം ലഘൂകരിക്കാനുമുള്ള ഒരു പ്രായോഗിക മാർഗ്ഗമാണിത്," റൈറ്റ് എക്സ് പോസ്റ്റിൽ പറഞ്ഞു.

പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ ആഗോള ഊർജ വിതരണം സ്ഥിരപ്പെടുത്തുന്നതിനാണ് ഈ നടപടി ലക്ഷ്യമിടുന്നതെന്നും, ഇന്ത്യൻ റിഫൈനറികൾക്ക് റഷ്യൻ എണ്ണ വാങ്ങാൻ 30 ദിവസത്തെ താൽക്കാലിക ഇളവ് നൽകുകയാണെന്നും യുഎസ് ട്രഷറി സെക്രട്ടറി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പരാമർശങ്ങൾ.

Content Highlights: US grants a 30-day temporary waiver for India to process Russian oil., The move aims to stabilize global oil prices amid Middle East tensions., India is recognized as a key partner for adhering to previous sanctions., Focus on clearing oil currently stranded on tankers to boost supply.