ഇറാൻ, യുക്രെയ്ൻ യുദ്ധവിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകി; കുറ്റസമ്മതവുമായി പുറത്താക്കപ്പെട്ട യുഎസ് സൈനിക ജനറൽ

വാഷിങ്ടൺ: ഇറാനിലെയും യുക്രെയ്നിലെയും യുദ്ധങ്ങളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ മാധ്യമപ്രവർത്തകർക്ക് ചോർത്തിനൽകിയെന്ന കുറ്റസമ്മതവുമായി യുഎസ് സൈന്യത്തിൽ നിന്ന് പുറത്താക്കപ്പെട്ട ഉന്നത ഉദ്യോഗസ്ഥൻ. ലെഫ്റ്റനന്റ് ജനറൽ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട ബ്രെറ്റ് സിൽവിയയാണ് രഹസ്യവിവരങ്ങൾ ചോർത്തിയതായി സമ്മതിച്ചത്. രണ്ട് വ്യത്യസ്ത മാധ്യമസ്ഥാപനങ്ങളിലെ മാധ്യമപ്രവർത്തകർക്ക് ഒരു വർഷത്തോളമാണ് ഇദ്ദേഹം വിവരങ്ങൾ കൈമാറിയത് എന്ന് അന്വേഷണത്തിൽ കണ്ടെത്തി. രഹസ്യവിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് യുഎസ്സിലെ പ്രമുഖ ഓൺലൈൻ മാധ്യമമായ ആക്സിയോസ് പുറത്തുവിട്ടു.
പെന്റഗണിലെ ഉന്നത സൈനിക ആസൂത്രണ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനായിരുന്നു സിൽവിയ. വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിയെന്ന ആരോപണത്തെത്തുടർന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഈ ആഴ്ച ആദ്യം അദ്ദേഹത്തെ ചുമതലയിൽനിന്ന് നീക്കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ ചോദ്യംചെയ്യലിനിടെയാണ് സിൽവിയ കുറ്റസമ്മതം നടത്തിയത്. നാല് തവണ നടത്തിയ നുണപരിശോധനകളിൽ പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു ഈ മൊഴിയെന്ന് യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോർട്ട് ചെയ്തു.
2025 ജൂൺ മുതൽ തന്നെ സിൽവിയ രഹസ്യവിവരങ്ങൾ ചോർത്തി നൽകാൻ തുടങ്ങിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. നേരിട്ടുള്ള കൂടിക്കാഴ്ചകൾക്കു പുറമേ എൻക്രിപ്റ്റഡ് മെസേജിങ് പ്ലാറ്റ്ഫോമായ സിഗ്നൽ വഴിയും വിവരങ്ങൾ കൈമാറിയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അന്വേഷണവുമായി പൂർണമായി സഹകരിച്ച സിൽവിയ, ഫോറൻസിക് പരിശോധനയ്ക്കായി സ്വന്തം മൊബൈൽ ഫോൺ കൈമാറുകയും ചെയ്തിരുന്നു.
നുണപരിശോധനകളിൽ പലതവണ പരാജയപ്പെട്ട സിൽവിയ, മാധ്യമപ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഒരു മാധ്യമപ്രവർത്തകനുമായി വെർജീനിയയിലെ ആർലിങ്ടണിലുള്ള സിൽവർ ഡൈനർ റസ്റ്ററന്റിൽവെച്ചാണ് കൂടിക്കാഴ്ച നടത്തിയതെന്നാണ് റിപ്പോർട്ട്. പെന്റഗണിലേക്കുള്ള മാധ്യമപ്രവർത്തകന്റെ പ്രവേശനാനുമതി പിൻവലിച്ചതിന് ശേഷമായിരുന്നു ഈ കൂടിക്കാഴ്ച. പുസ്തകരചനയുമായി ബന്ധപ്പെട്ടാണ് മാധ്യമപ്രവർത്തകൻ ലെഫ്റ്റനന്റ് ജനറലിനെ കണ്ടിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
യുക്രെയ്നിന് അമേരിക്ക നൽകുന്ന സഹായവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഈ കൂടിക്കാഴ്ചയിൽ കൈമാറിയതെന്നാണ് ആരോപണം. ഒരു രഹസ്യ റിപ്പോർട്ട് പരിശോധിക്കുന്നതിനിടെ കുറിച്ചെടുത്ത വിവരങ്ങൾ ഉപയോഗിച്ചാണ് സിൽവിയ മാധ്യമപ്രവർത്തകനോട് കാര്യങ്ങൾ വിശദീകരിച്ചത്. ഇരുവരും ഇതിനുമുമ്പ് രണ്ടുതവണ കൂടിക്കാഴ്ച നടത്തിയിരുന്നതായും അന്വേഷണ റിപ്പോർട്ടിലുണ്ട്. എന്നാൽ, ഇത്തരം കൂടിക്കാഴ്ചകളെക്കുറിച്ച് പെന്റഗണിന്റെ പൊതുജനസമ്പർക്ക വിഭാഗത്തെ സിൽവിയ അറിയിച്ചിരുന്നില്ല. വിവരങ്ങൾ കൈമാറാൻ അനുമതി തേടിയിരുന്നുമില്ല.
സിൽവിയയെ ചുമതലയിൽനിന്ന് നീക്കിയെന്ന വിവരം നേരത്തെ സിബിഎസ് ന്യൂസും ഫോക്സ് ന്യൂസും റിപ്പോർട്ട് ചെയ്തിരുന്നു. രഹസ്യവിവരങ്ങൾ ചോർത്തിയെന്ന ആരോപണത്തെത്തുടർന്നാണ് നടപടിയെന്നും അന്ന് തന്നെ പുറത്തുവന്നിരുന്നു. പെന്റഗൺ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള സിബിഎസ് റിപ്പോർട്ടിൽ മൂന്ന് നുണപരിശോധനകളിൽ സിൽവിയ പരാജയപ്പെട്ടതായാണ് പറഞ്ഞിരുന്നത്. എന്നാൽ, പിന്നീട് പുറത്തുവന്ന ആക്സിയോസ് റിപ്പോർട്ടിൽ നാല് പരിശോധനകളിൽ പരാജയപ്പെട്ടെന്നാണ് വ്യക്തമാക്കുന്നത്.
രഹസ്യവിവരങ്ങൾ അനുമതിയില്ലാതെ മനഃപൂർവം പുറത്തുവിടുന്നത് പ്രതിരോധ വകുപ്പ് ഗൗരവത്തോടെയാണ് കാണുന്നതെന്ന് പെന്റഗൺ വക്താവ് സീൻ പാർണൽ പറഞ്ഞു. ഇത്തരം നടപടികൾ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രഹസ്യവിവരങ്ങൾ സംരക്ഷിക്കുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ, പ്രസ്താവനയിൽ സിൽവിയയുടെ പേര് പരാമർശിച്ചിരുന്നില്ല.
സംഭവവുമായി ബന്ധപ്പെട്ട കേസ് ഉൾപ്പെടെ മറ്റ് ചില കേസുകളും തുടർനടപടികൾക്കായി നീതിന്യായ വകുപ്പിന് കൈമാറിയതായി പാർണൽ അറിയിച്ചു. രഹസ്യവിവരങ്ങൾ ചോർത്തിയെന്ന ആരോപണത്തിൽ നിയമനടപടി സ്വീകരിക്കേണ്ടതുണ്ടോയെന്ന് ഇനി നീതിന്യായ വകുപ്പ് പരിശോധിക്കും. അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾക്ക് പിന്നാലെയാണ് കേസ് നിയമവകുപ്പിന്റെ പരിഗണനയ്ക്ക് വിട്ടത്.
നേരത്തെ യുഎസ് സൈന്യത്തിന്റെ 101-ാമത് എയർബോൺ ഡിവിഷന്റെ കമാൻഡറായും സിൽവിയ പ്രവർത്തിച്ചിട്ടുണ്ട്. ഇറാഖിലും അദ്ദേഹം സൈനിക സേവനം അനുഷ്ഠിച്ചിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെയും നേതൃത്വത്തിൽ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റങ്ങൾ തുടരുന്നതിനിടെയാണ് സിൽവിയയെ പുറത്താക്കിയത്.
Content Highlights: Following multiple failed polygraph tests, retired Lieutenant General Brett Sylvia confessed to leaking classified Pentagon information about the Ukraine and Iran conflicts to journalists.