1980കളിലെ കോപ്പർ ലൈൻ, റൂട്ടറിൽ ഓവർലോഡ്; 'സ്മാർട്ട്' ആകാൻ നോക്കി പണിപാളി, അമേരിക്കയിൽ 15000 വിമാനസർവീസുകളെ ബാധിച്ച തകരാറിന് പിന്നിൽ

#ന്യൂസ് ഡെസ്ക്
ഗ്രൗണ്ട് സ്റ്റോപ്പിനെ തുടർന്ന് അമേരിക്കയിലെ വാഷിങ്ടണ്‍ വിമാനത്താവളത്തിൽ വിശ്രമിക്കുന്ന യാത്രക്കാർ
ഗ്രൗണ്ട് സ്റ്റോപ്പിനെ തുടർന്ന് അമേരിക്കയിലെ വാഷിങ്ടണ്‍ വിമാനത്താവളത്തിൽ വിശ്രമിക്കുന്ന യാത്രക്കാർ

വാഷിങ്ടൺ: അമേരിക്കയിൽ സാങ്കേതിക തകരാറുകളെ തുടർന്ന് വിമാനസർവീസുകൾ നിർത്തിവെക്കേണ്ടി വന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. ടെലികമ്മ്യൂണിക്കേഷൻ ശൃംഖലയിലുണ്ടായ രൂക്ഷമായ തകരാർ മൂലമാണ് സർവീസ് നിർത്തിവെക്കേണ്ടി വന്നതെന്നാണ് അധികൃതർ പറയുന്നത്. രാജ്യവ്യാപകമായി വിമാനങ്ങളുടെ യാത്ര തടയുന്ന ഗ്രൗണ്ട് സ്റ്റോപ്പ് ഉത്തരവിട്ടതിലൂടെ 15 ലക്ഷം യാത്രക്കാരാണ് വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിയത്.

നവംബർ 13 വൈകുന്നേരം 4 മണിക്കാണ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ ഗ്രൗണ്ട് സ്റ്റോപ്പ് ഉത്തരവിട്ടത്.

രാത്രി 8:15-ഓടെ ഈ വിലക്ക് പിൻവലിച്ചുവെങ്കിലും നിരവധി വിമാനസർവീസുകളെയും യാത്രക്കാരെയും ഇത് പ്രതിസന്ധിയിലാക്കുകയും ഭീകരാക്രമണമടക്കമുള്ള ഊഹാപോഹങ്ങൾ പ്രചരിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു. 9/11 ആക്രമണത്തിനുശേഷം രണ്ടാമതാണ് രാജ്യത്തെ എല്ലാ സർവീസുകളും ഇത്തരത്തിൽ പെട്ടെന്ന് നിർത്തിവെക്കേണ്ടി വരുന്നത്.

എഫ്.എ.എ-യുടെ 22 പ്രാദേശിക എയർ ട്രാഫിക് കൺട്രോൾ സെന്ററുകളിലേക്ക് റഡാർ വിവരങ്ങളും റേഡിയോ സന്ദേശങ്ങളും എത്തിക്കുന്ന നെറ്റ്വർക്കിലെ സ്വിച്ചുകളും റൂട്ടറുകളും ഓവർലോഡ് ആയതിനെ തുടർന്ന് കൃത്യമല്ലാത്ത വിവരങ്ങൾ നൽകാൻ തുടങ്ങി. ഇതോടെ കൺട്രോളർമാർക്ക് വിമാനങ്ങളുമായുള്ള സമ്പർക്കം തടസ്സപ്പെടുകയോ തെറ്റായ വിവരങ്ങൾ ലഭിക്കുകയോ ചെയ്യുകയായിരുന്നു. സാങ്കേതിക തകരാർ കൂടുതൽ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നതായതോടെയാണ് സർവീസുകൾ നിർത്തിവെച്ചത്.

1980-കളിലെ കോപ്പർ ലൈനുകളിൽ പ്രവർത്തിക്കുന്ന പഴയ നെറ്റ്‌വർക്ക് ശൃംഖലയിലേക്ക് പുതിയ ഡിജിറ്റൽ ഉപകരണങ്ങൾ കൂട്ടിച്ചേർത്തപ്പോൾ ഉണ്ടായ അമിത സമ്മർദ്ദമാണ് സിസ്റ്റം ക്രാഷ് ആകാൻ കാരണമായത് എന്നാണ് സാങ്കേതിക വിദഗ്ധരുടെ നിഗമനം. 

വ്യോമപാത, കാലാവസ്ഥ, വിമാന ട്രാഫിക്, കൺട്രോളർമാരുടെ എണ്ണം എന്നിവ സമഗ്രമായി വിശകലനം ചെയ്ത് സർവീസ് തടസ്സങ്ങൾ കുറയ്ക്കാനായി എഐ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്മാർട്ട് സംവിധാനം 22 വ്യോമമേഖലകളിലേക്കും വ്യാപിപ്പിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് ഈ വൻ പ്രതിസന്ധി ഉണ്ടായത്. പെലറ്റുമാരും എയർ ട്രാഫിക് കൺട്രോളർമാരും തമ്മിലുള്ള ആശയവിനിമയം സാധ്യമാക്കുന്ന 'വോയ്‌സ് സ്വിച്ചിംഗ് ആന്റ് കൺട്രോൾ സിസ്റ്റത്തിലും പ്രതിസന്ധി നേരിട്ടതായി റിപ്പോർട്ടുകളുണ്ട്. 

ഈ നെറ്റ്വർക്ക് തകരാറിന് പിന്നിൽ സൈബർ ആക്രമണത്തിന്റെ യാതൊരു തെളിവുകളും ലഭിച്ചിട്ടില്ലെന്ന് യു.എസ് അധികൃതർ സ്ഥിരീകരിച്ചു. പഴയ നെറ്റ്വർക്ക് പൂർണ്ണമായി മാറ്റിസ്ഥാപിക്കാൻ ഏകദേശം 50 ബില്യൺ ഡോളർ ചെലവ് വരുമെന്നാണ് ഗതാഗത മന്ത്രാലയത്തിന്റെ വിലയിരുത്തൽ.

Content Highlights: A severe telecommunication network failure forced the FAA to issue a nationwide ground stop for flights., Over 1.5 million passengers were stranded across various US airports due to the sudden suspension., Technical experts attribute the crash to overloading old 1980s copper line networks with new digital equipment., US authorities confirmed there is no evidence of a cyberattack behind the network outage.