സമാധാനചർച്ചയ്ക്കിടെ ഇറാനിയൻ ഉന്നതരെ ഇസ്രയേൽ വധിക്കുമെന്ന് US ഭയന്നു, ഇടപെടൽ തേടി-റിപ്പോർട്ട്‌

#ന്യൂസ് ഡെസ്ക്
ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ ഘലിബാഫ്, വിദേശകാര്യമന്ത്രി അരാഘ്ചി | Photo: PTI
ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ ഘലിബാഫ്, വിദേശകാര്യമന്ത്രി അരാഘ്ചി | Photo: PTI

വാഷിങ്ടൺ: ഈ വർഷം ആദ്യം യുഎസും ഇറാനും തമ്മിൽ നടന്ന സമാധാന ചർച്ചകൾക്കിടെ ഇറാന്റെ രണ്ട് ഉന്നത പ്രതിനിധികളെ വധിക്കാൻ ഇസ്രയേൽ പദ്ധതിയിട്ടേക്കുമെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ ഭയന്നിരുന്നതായി റിപ്പോർട്ട്. ഇത് സംബന്ധിച്ച് ഇറാന് മുന്നറിയിപ്പ് നൽകാൻ പ്രാദേശിക രാജ്യങ്ങളുടെ സഹായം യുഎസ് തേടിയതായും ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇക്കൊല്ലം ഏപ്രിലിൽ നടന്ന ചർച്ചയ്ക്കിടെയാണ് ഇത്തരമൊരു സാധ്യതയെ യുഎസ് ഉദ്യോഗസ്ഥർ ഭയന്നിരുന്നത്.

ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഘ്ചി, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഘലിബാഫ് എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു യുഎസിന്റെ ആശങ്കകൾ. ഇവർ ഇരുവരുമായിരുന്നു അയൽരാജ്യങ്ങളുമായും യുഎസുമായുമുള്ള വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് നേതൃത്വം നൽകിയിരുന്നത്.

ഇപ്പോഴത്തേയും മുൻപത്തേയും അമേരിക്കൻ ഉന്നതോദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ടുള്ളതാണ് റിപ്പോർട്ട്. സമാധാനചർച്ചകൾക്കിടെ ഈ രണ്ട് നേതാക്കൾക്ക് നേരെ വധശ്രമമുണ്ടായാൽ അത് ചർച്ചകളെ തകിടംമറിക്കുമെന്നും മാത്രമല്ല സംഘർഷം പുനഃരാരംഭിക്കാനിടയാക്കുമെന്നും യുഎസ് ഉദ്യോഗസ്ഥർ ഭയന്നിരുന്നു. ഇസ്രയേൽ ഈ നേതാക്കളെ ലക്ഷ്യംവെക്കാൻ സാധ്യതയുണ്ടെന്ന് ഇറാന് മുന്നറിയിപ്പ് നൽകാൻ അയൽരാജ്യങ്ങളോട് അഭ്യർഥിക്കുകയും ചെയ്തിരുന്നു.

സംഘർഷവേളയിൽ എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെട്ടേക്കാവുന്ന ലക്ഷ്യങ്ങളായാണ് അരാഘ്ചിയേയും ഘലിബാഫിനെയും യുഎസ് ഉദ്യോഗസ്ഥർ കണക്കാക്കിയിരുന്നത്. എന്നാൽ സമാധാന ചർച്ചകൾക്ക് ശേഷം ആക്രമണമുണ്ടായാൽ അത് നയതന്ത്രശ്രമങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് യുഎസ് ഉദ്യോഗസ്ഥർ വിലയിരുത്തിയിരുന്നത്.

ഘലിബാഫ്, ഇസ്രയേലിന്റെ ലക്ഷ്യങ്ങളിലൊന്നാണെന്ന് പിന്നീട് വ്യക്തമായതോടെ അദ്ദേഹത്തിനെതിരേ ആക്രമണങ്ങൾ നടത്തരുതെന്ന് യുഎസ് ആവശ്യപ്പെട്ടിരുന്നെന്നും റിപ്പോർട്ടിലുണ്ട്. നേരത്തെ, മാർച്ച് മാസത്തിൽ വാൾ സ്ട്രീറ്റ് ജേണൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലും അരാഘ്ചിയും ഘലിബാഫും ഇസ്രയേലിന്റെ ലക്ഷ്യങ്ങളുടെ പട്ടികയിലുണ്ടായിരുന്നെന്നും എന്നാൽ യുഎസ് അഭ്യർഥനയ്ക്ക് പിന്നാലെ താൽക്കാലികമായി ഇരുവരെയും ആ പട്ടികയിൽനിന്ന് ഒഴിവാക്കിയിരുന്നെന്നും പറഞ്ഞിരുന്നു.

ഏപ്രിൽമാസത്തിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായുള്ള സമാധാന ചർച്ചകൾക്കായി ഘലിബാഫ് ഇസ്ലാമാബാദിലേക്ക് വരുന്നതിന് മുന്നേ, മധ്യസ്ഥരായ പാകിസ്താനും ഖത്തറും മുഖാന്തരം ഇറാൻ യുഎസിൽനിന്ന് ഉറപ്പു തേടിയിരുന്നെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിലുണ്ട്. ഇസ്ലാമാബാദ് സന്ദർശനം അരാഘ്ചിയേയോ ഘലിബാഫിനെയോ ഉന്നമിടാനുള്ള അവസരമായി ഇസ്രയേൽ ഉപയോഗപ്പെടുത്തിയേക്കുമെന്ന് ഇറാൻ ഭയന്നിരുന്നു. ഇറാൻ അതിർത്തിക്കും ഇസ്ലാമാബാദിനും ഇടയിൽ ഇറാൻസംഘത്തിന്റെ വിമാനത്തിന് പാകിസ്താന്റെ യുദ്ധവിമാനങ്ങൾ അകമ്പടി നൽകുകയും ചെയ്തിരുന്നെന്ന് റിപ്പോർട്ടിലുണ്ട്.

Content Highlights: US officials suspected Israel planned to assassinate Iranian officials during April peace negotiations., Concerns focused on Abbas Araghchi and Mohammad Bagher Ghalibaf., US requested neighboring countries to warn Iran about potential threats., Iran sought security guarantees from the US via Pakistan and Qatar before diplomatic visits., Pakistan provided air escort for the Iranian delegation's flight to Islamabad.