വിലക്കയറ്റം, തിരഞ്ഞെടുപ്പില്‍ തിരിച്ചടി; മാങ്ങയും തേങ്ങയും അടക്കമുള്ള ഭക്ഷ്യോത്പന്നങ്ങളുടെ താരിഫ് പിന്‍വലിച്ച് ട്രംപ്

വാഷിങ്ടണ്‍: വര്‍ധിച്ചുവരുന്ന വിലക്കയറ്റത്തില്‍ ജനരോഷം ഉയരുന്നതും തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കും പിന്നാലെ താരിഫ് കടുംപിടിത്തത്തില്‍ അയഞ്ഞ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാപ്പി, വാഴപ്പഴം, ബീഫ് എന്നിവയുള്‍പ്പെടെയുള്ള വിവിധ ഭക്ഷ്യോത്പ്പന്നങ്ങളെ താരിഫുകളില്‍ നിന്ന് ഒഴിവാക്കുന്ന ഒരു എക്സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു.
താരിഫ് കടുംപിടിത്തെത്തുടര്‍ന്നുണ്ടായ ജീവിതച്ചെലവിനെക്കുറിച്ചുള്ള ആശങ്കകളെ ട്രംപ് മുന്‍പ് നിസ്സാരവല്‍ക്കരിച്ചിരുന്നെങ്കിലും, കഴിഞ്ഞയാഴ്ചത്തെ ന്യൂയോര്‍ക്ക് തിരഞ്ഞെടുപ്പില്‍ തന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മോശം പ്രകടനം പുനരാലോചനകള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്.
അവോക്കാഡോയും തക്കാളിയും മുതല്‍ തേങ്ങയും മാമ്പഴവും വരെ ഉള്‍പ്പെടുന്ന ഉത്പന്നങ്ങള്‍ക്കാണ് ട്രംപ് ഭരണകൂടം ഇപ്പോള്‍ താരിഫ് ഒഴിവാക്കിയിരിക്കുന്നത്. ഈ സാധനങ്ങള്‍ മതിയായ അളവില്‍ ആഭ്യന്തരമായി ഉത്പാദിപ്പിക്കാന്‍ കഴിയില്ലെന്ന് ട്രംപ് ഭരണകൂടം സമ്മതിച്ചു. മതിയായ അളവില്‍ യുഎസില്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയാത്ത ചരക്കുകള്‍ക്കാണ് ഇളവുകള്‍ നല്‍കിയിട്ടുള്ളതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
ഇളവ് ലഭിച്ച പ്രധാന ഉത്പന്നങ്ങള്‍
വൈറ്റ് ഹൗസ് പുറത്തിറക്കിയ ഒരു പട്ടികയില്‍ ഇനി മുതല്‍ തീരുവകള്‍ ബാധകമല്ലാത്ത 100-ലധികം ഉത്പന്നങ്ങള്‍ ഉള്‍പ്പെടുന്നു. അതില്‍ ചിലത് ഇവയാണ്:
കാപ്പി, കൊക്കോ, ബ്ലാക് ടീ, ഗ്രീന്‍ ടീ, വാനില ബീന്‍സ്, ബീഫ് ഉല്‍പ്പന്നങ്ങള്‍, അക്കായി, അവോക്കാഡോ, വാഴപ്പഴം, തേങ്ങ, പേരയ്ക്ക, ചെറുനാരങ്ങ, ഓറഞ്ച്, മാമ്പഴം, നേന്ത്രപ്പഴം, പൈനാപ്പിള്‍, വിവിധയിനം മുളകുകള്‍, തക്കാളി, സര്‍വ്വസുഗന്ധി, കറുവയില, ഏലം, കറുവപ്പട്ട, ഗ്രാമ്പൂ, മല്ലി, ജീരകം, കറി പൗഡര്‍, പെരുംജീരകം, ഇഞ്ചി, ജാതിപത്രി, ജാതിക്ക, ഒറിഗാനോ, പപ്രിക, കുങ്കുമപ്പൂവ്, മഞ്ഞള്‍ എന്നിവ ഉള്‍പ്പെടെ
അണ്ടിപ്പരിപ്പുകള്‍, ധാന്യങ്ങള്‍, കിഴങ്ങുകള്‍, ബാര്‍ളി, ബ്രസീല്‍ നട്ട്, കേപ്പര്‍, കശുവണ്ടി, ചെസ്റ്റ്നട്ട്, മക്കാഡാമിയ നട്ട്, മിസോ, പനയുടെ കൂമ്പ്, പൈന്‍ നട്ട്, കസ്‌കസ്, മരച്ചീനി, ചേമ്പ്.
എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ഇറക്കുമതിക്ക് 10% അടിസ്ഥാന തീരുവയും, ഇന്ത്യയടക്കമുള്ള പല രാജ്യങ്ങള്‍ക്കും അധിക തീരുവകളും ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയിരുന്നു. ഇത് യുഎസ് ഉപഭോക്താക്കള്‍ക്ക് വില വര്‍ദ്ധനവിന് കാരണമാകില്ലെന്നായിരുന്നു ട്രംപിന്റെ അവകാശവാദം.
യുഎസ് വ്യാപാരക്കമ്മി കുറയ്ക്കുന്നതിന് ഈ നികുതികള്‍ ആവശ്യമാണെന്നും അദ്ദേഹം വാദിച്ചു. ഉയര്‍ന്ന തീരുവകള്‍ യുഎസിലുള്ളവരെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
എന്നാല്‍ ഭക്ഷ്യോത്പന്നങ്ങളുടെ വില കുതിച്ചുയര്‍ന്നത് ജനരോഷത്തിനിടയാക്കി. ട്രംപിന് ഇത് ഒരു രാഷ്ട്രീയ പ്രശ്‌നമായി മാറുകയും ചെയ്തു.താരിഫുകള്‍ ഉയര്‍ത്താന്‍ ട്രംപിന് നിയമപരമായ അധികാരമുണ്ടോയെന്ന് പരിശോധിക്കുമെന്ന് യുഎസ് സുപ്രീംകോടതിയും കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. എന്നാല്‍ താരിഫുകള്‍ ഉയര്‍ത്തിയത് അമേരിക്കയ സമ്പന്നമാക്കിയെന്ന അവകാശപ്പെട്ട ട്രംപ് അമേരിക്കക്കാര്‍ക്ക് 2,000 ഡോളര്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്യുകയുമുണ്ടായി. എന്നാല്‍ പുതിയ തീരുമാനം താരിഫ് നയത്തില്‍ നിന്ന് ട്രംപ് പിന്‍വാങ്ങുന്നതിന്റെ സൂചനയാണ് നല്‍കുന്നത്.
അതേസമയം യുഎസില്‍ ഉത്പാദിപ്പിക്കാത്ത ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമാണ് ഇളവ് നല്‍കിയതെന്നാണ് ട്രംപ് ഇതിനോട് പ്രതികരിച്ചത്. ഭാവിയില്‍ കൂടുതല്‍ നയപരമായ പിന്മാറ്റങ്ങള്‍ ആവശ്യമായി വരുമെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
Content Highlights: US President Trump signs executive order exempting coffee, bananas, beef & more from tariffs due to public anger over rising prices & election setbacks