അമേരിക്കയിൽ മദ്യപാനം കുറയുന്നു; മദ്യപിക്കുന്ന മുതിർന്നവരുടെ എണ്ണം 54 ശതമാനമായി ഇടിഞ്ഞു

വാഷിങ്‌ടൺ: അമേരിക്കയിൽ മദ്യപിക്കുന്ന മുതിർന്നവരുടെ എണ്ണം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലെന്ന് സർവേ. തുടർച്ചയായ രണ്ടാം വർഷവും 54 ശതമാനം മുതിർന്ന ആളുകൾ മാത്രമാണ് മദ്യം ഉപയോഗിക്കുന്നതായി വെളിപ്പെടുത്തിയതെന്ന് പ്രമുഖ അഭിപ്രായ സർവേ ഏജൻസിയായ 'ഗാലപ്' (Gallup) പ്രസിദ്ധീകരിച്ച സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു. 1939 മുതൽ ഗാലപ് നടത്തുന്ന സർവേകളുടെ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.
2023-ൽ 62 ശതമാനമായിരുന്ന മദ്യപാന നിരക്ക് 2024-ൽ 58 ശതമാനമായും 2025-ലും 2026-ലും 54 ശതമാനമായും കുറഞ്ഞു. പുരുഷന്മാരിൽ മദ്യപിക്കുന്നവരുടെ നിരക്ക് 2023-ലെ 62 ശതമാനത്തിൽ നിന്ന് 2026-ൽ 56 ശതമാനമായി കുറഞ്ഞു (6 ശതമാനം കുറവ്). സ്ത്രീകളിൽ ഇത് 63 ശതമാനത്തിൽ നിന്ന് 53 ശതമാനമായി കുറഞ്ഞു (10 ശതമാനം കുറവ്).
മിതമായ തോതിൽ മദ്യപിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ഇപ്പോൾ 51 ശതമാനം അമേരിക്കക്കാരും വിശ്വസിക്കുന്നുവെന്നാണ് സർവേ പറയുന്നത്. 2001-ൽ 27 ശതമാനം പേർ മാത്രമാണ് മിതമായ മദ്യപാനവും ദോഷകരമാണെന്ന് കരുതിയത്. 22 ശതമാനം പേർ ഇത് നല്ലതാണെന്നും 46 ശതമാനം പേർ മാറ്റമൊന്നുമുണ്ടാക്കില്ലെന്നും കരുതിയവരായിരുന്നു. എന്നാൽ 2026-ൽ 51 ശതമാനം പേർ ഹാനികരമെന്നും, 40 ശതമാനം പേർ മാറ്റമുണ്ടാക്കില്ലെന്നും, 6 ശതമാനം പേർ നല്ലതാണെന്നും അഭിപ്രായപ്പെട്ടു.
അമിതമായി മദ്യപിക്കാറുണ്ടെന്ന് സമ്മതിക്കുന്നവരുടെ അനുപാതവും എക്കാലത്തെയും കുറഞ്ഞ നിരക്കായ 13 ശതമാനത്തിലെത്തി. 2000-ത്തിന് മുമ്പ് 20 ശതമാനത്തിലധികം ആളുകൾ അമിതമായി മദ്യപിക്കുന്നവരായിരുന്നു.
Content Highlights: A Gallup survey reveals that the percentage of drinking adults in America has dropped to a historic low of 54 percent amid growing health awareness.