ഗ്രീൻലൻഡ് പിടിച്ചെടുക്കുമോ? യുദ്ധവിമാനങ്ങൾ വിന്യസിക്കാൻ യു.എസ്

വാഷിങ്ടൺ: ഗ്രീൻലൻഡ് ഏറ്റെടുക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കങ്ങൾക്കിടയിൽ തന്ത്രപ്രധാനമായ സൈനിക താവളത്തിൽ അമേരിക്ക യുദ്ധവിമാനങ്ങൾ വിന്യസിക്കുന്നു. ഗ്രീൻലൻഡിലെ പിറ്റുഫിക് സ്‌പേസ് ബേസിലാണ് (Pituffik Space Base) യുദ്ധവിമാനങ്ങൾ വിന്യസിക്കാനൊരുങ്ങുന്നത്. നോർത്ത് അമേരിക്കൻ എയറോസ്‌പേസ് ഡിഫൻസ് കമാൻഡിന്റെ ( നോറാഡ് ) നിയന്ത്രണത്തിലുള്ള കേന്ദ്രമാണിത്. മേഖലയിലെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ വിന്യാസമെന്നും ഇത് നേരത്തെ ആസൂത്രണം ചെയ്തതാണെന്നുമാണ് നോറാഡ് യുദ്ധവിമാന വിന്യാസത്തെ പറ്റി വിശദീകരിക്കുന്നത്. ഡെന്മാർക്കുമായി ഏകോപിപ്പിച്ചാണ് ഈ നടപടിയെന്നും ഗ്രീൻലൻഡ് സർക്കാരിനെ മുൻകൂട്ടി അറിയിച്ചിട്ടുണ്ടെന്നും യു.എസ് സൈന്യം അറിയിച്ചു.
ഗ്രീൻലൻഡ് കൈവശപ്പെടുത്താൻ സമ്മർദ്ദം ശക്തമാക്കി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുപോകുന്നതിനിടെ യുദ്ധവിമാനങ്ങൾ വിന്യസിക്കുന്നത്. സൈനിക വിന്യാസത്തിന്റെ കൃത്യമായ സമയം അമേരിക്ക വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ട്രംപിന്റെ സമ്മർദ്ദം ശക്തമാകുന്ന സാഹചര്യത്തിൽ ഈ നീക്കം നിർണായകമാണ്.
ഗ്രീൻലൻഡ് നടപടിയെ പിന്തുണച്ചില്ലെങ്കിൽ ഡെന്മാർക്ക്, നോർവേ, സ്വീഡൻ, ഫ്രാൻസ് തുടങ്ങി നിരവധി യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ കനത്ത താരിഫുകൾ ചുമത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിയിരുന്നു. ഫെബ്രുവരി 1 മുതൽ 10 ശതമാനവും ജൂണോടെ ഇത് 25 ശതമാനമായും ഉയർത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇതിനിടെയാണ് സൈനിക വിന്യാസം.
റഷ്യൻ ഭീഷണി ചൂണ്ടിക്കാട്ടിയാണ് ഗ്രീൻലൻഡ് സ്വന്തമാക്കാൻ യുഎസ് ശ്രമം നടത്തുന്നത്. ട്രംപ് മുന്നോട്ടുവെച്ച ഗോൾഡൻ ഡോം വ്യോമപ്രതിരോധ സംവിധാനത്തിന്റെ കൃത്യതയിൽ ഗ്രീൻലൻഡിന് നിർണായകമായ സ്ഥാനമുണ്ട്. അതേസമയം യുഎസിനെ വെല്ലുവിളിച്ച് ഡെന്മാർക്ക് തങ്ങളുടെ സൈനികരെ ഗ്രീൻലാൻഡിലേക്ക് അയച്ചിട്ടുണ്ട്. ഗ്രീൻലൻഡിൽ നാറ്റോയുടെ നിരീക്ഷണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന് ഡെന്മാർക്ക് നിർദ്ദേശിച്ചു. അമേരിക്ക ഗ്രീൻലൻഡ് പിടിച്ചെടുക്കാൻ ബലം പ്രയോഗിക്കുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
Content Highlights: US deploys fighter jets to Pituffik Space Base in Greenland. Strategic move amid President Trump`s push to acquire Greenland, intensifying global scrutiny.