ഗ്രീൻലൻഡ് വിഷയത്തിൽ യുഎസ് അടുത്തയാഴ്ച ഡെൻമാർക്കുമായി ചർച്ച നടത്തും – മാർക്കോ റൂബിയോ

#ന്യൂസ് ഡെസ്ക്
മാർക്കോ റൂബിയോ | Photo : AFP
മാർക്കോ റൂബിയോ | Photo : AFP

വാഷിങ്ടൺ: ഗ്രീൻലൻഡിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഡെൻമാർക്ക് സർക്കാരുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഗ്രീൻലൻഡിന്റെ നിയന്ത്രണം ഏറ്റെടുക്കണമെന്ന ആവശ്യം വർധിച്ചതിനിടയിലാണ് ഈ കൂടിക്കാഴ്ച. സൈനിക നടപടി എപ്പോഴും ഒരു ഒപ്ഷനാണ് എന്നാണ് ഗ്രീൻലൻഡിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനെക്കുറിച്ച് ട്രംപ് ചൊവ്വാഴ്ച പറഞ്ഞത്.

വിഷയം പരിഹരിക്കാനായി ഡെൻമാർക്ക്, ഗ്രീൻലൻഡ് സർക്കാരുകൾ റൂബിയോയുമായി കൂടിക്കാഴ്ചയ്ക്ക് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡാനിഷ് വിദേശകാര്യ മന്ത്രി ലാർസ് ലോകെ റാസ്മുസ്സൻ പറഞ്ഞു. നിലവിലുള്ള തെറ്റിധാരണകൾ പരിഹരിക്കുന്നതിനായി യുഎസ് പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുന്നത് യുക്തിസഹമാണെന്ന് വിശ്വസിക്കുന്നതായി റാസ്മുസ്സൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഗ്രീൻലൻഡിനെക്കുറിച്ചുള്ള യുഎസിന്റെ പ്രസ്താവനകൾ ചർച്ച ചെയ്യുക എന്നതാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്ന് ഗ്രീൻലൻഡിന്റെ വിദേശകാര്യ മന്ത്രി വിവിയൻ മോട്സ്ഫെൽറ്റ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ചൊവ്വാഴ്ച ആദ്യം, ഗ്രീൻലൻഡിന്റെയും ഡെൻമാർക്കിന്റെയും പ്രാദേശിക സമഗ്രതയെ മാനിക്കണമെന്ന് യൂറോപ്യൻ നേതാക്കൾ ചൊവ്വാഴ്ച സംയുക്ത പ്രസ്താവനയിലൂടെ ട്രംപിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഗ്രീൻലാൻഡിന് മേലുള്ള ഏതൊരു യുഎസ് ആക്രമണവും നാറ്റോ സഖ്യത്തിന്റെയും രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തോടെ സ്ഥാപിതമായ സുരക്ഷയുടെയും അവസാനമായിരിക്കുമെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൻ തിങ്കളാഴ്ച പറയുകയും ചെയ്തു.

ചൈനയുടെയും റഷ്യയുടെയും വർധിച്ചുവരുന്ന ഭീഷണികൾക്കിടയിൽ ലോകത്തിലെ ഏറ്റവും വലിയ ദ്വീപിന്റെ നിയന്ത്രണം തങ്ങൾക്ക് ഉറപ്പാക്കേണ്ടതുണ്ടെന്നാണ് ട്രംപിന്റെ വാദം. ഡെൻമാർക്കിന്റെ കീഴിലുള്ള സ്വയംഭരണ പ്രദേശവും നാറ്റോയുടെ ഭാഗവുമായ ഗ്രീൻലൻഡിനെ വാങ്ങാനാണ് ട്രംപ് ഭരണകൂടത്തിന്റെ ഉദ്ദേശ്യം എന്നാണ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞതെന്ന് അസോസിയേറ്റ് പ്രസ്സ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

Content Highlights: US Secretary of State Mike Pompeo to meet Danish officials next week to discuss Greenland, following President Trump`s acquisition interest and suggestions of military action.