ഇറാൻ യുദ്ധം തിരിച്ചടിയായി, ഹെഗ്സെത്തിനുനേരെ തിരിഞ്ഞ് റിപ്പബ്ലിക്കന്മാർ, ഇംപീച്ച്മെന്റിന് മുന്നേ തെറിക്കുമോ..?

#ന്യൂസ് ഡെസ്ക്
പീറ്റ് ഹെഗ്‌സെത്ത്, ഡൊണാള്‍ഡ് ട്രംപ് |ഫോട്ടോ:AFP,AP
പീറ്റ് ഹെഗ്‌സെത്ത്, ഡൊണാള്‍ഡ് ട്രംപ് |ഫോട്ടോ:AFP,AP

വാഷിങ്ടൺ: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് പിന്നാലെ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സ്ഥാനത്ത്‌നിന്ന് തെറിച്ചേക്കുമെന്ന് ഏതാണ്ട് ഉറപ്പായി. തോൽവിയിൽ പീറ്റ് ഹെഗ്‌സെത്തിനെ ബലിയാടാക്കാനുള്ള നീക്കങ്ങൾ റിപ്പബ്ലിക്കൻ പാർട്ടി ആരംഭിച്ചതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്വയം സ്ഥാനമൊഴിഞ്ഞില്ലെങ്കിൽ ഹെഗ്‌സെത്തിനെ ഇംപീച്ച്‌മെന്റ് ചെയ്യാനുള്ളനീക്കം തന്റെ ഭാഗത്ത്‌നിന്ന് ഉണ്ടാകുമെന്ന് റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം തോമസ് മാസി പറഞ്ഞു. തിരഞ്ഞെടുപ്പിലെ തോൽവിക്ക് ഇറാൻ യുദ്ധം പ്രധാന കാരണമായെന്ന വിലയിരുത്തലിനെ തുടർന്നാണിത്.

യുദ്ധത്തിൽനിന്ന് പുറത്തുകടക്കാനുള്ള ഒരു തന്ത്രവുമില്ലാതെയും, അനിവാര്യമായ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ കൈകാര്യം ചെയ്യാൻ പദ്ധതിയൊന്നുമില്ലാതെയും ഇറാനെ ആക്രമിക്കാൻ ട്രംപിനെ പ്രേരിപ്പിക്കുന്നതിൽ ഹെഗ്‌സെത്ത് പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് റിപ്പബ്ലിക്കൻ നേതാക്കൾ രഹസ്യമായി വാദിക്കുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ റിപ്പബ്ലിക്കൻ പാർട്ടിയിലെ ഒരു വിഭാഗം ഹെഗ്‌സെത്തിന്റെ നിലപാടുകൾക്കെതിരെയാണ്.

തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം ഇറാൻ യുദ്ധമാണെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പരസ്യമായി കുറ്റപ്പെടുത്തി രംഗത്തെത്തിയതും ട്രംപ് ഭരണകൂടത്തിൽ ഭിന്നത വെളിവാക്കുന്നു. 2028-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്, ഡൊണാൾഡ് ട്രംപിൽ നിന്ന് അകലം പാലിക്കാനുള്ള ശ്രമമായാണ് വാൻസിന്റെ പരസ്യപ്രസ്താവന വിലയിരുത്തപ്പെടുന്നത്.

ഇറാൻ യുദ്ധത്തിൽ വാൻസിന്റെ വ്യത്യസ്തമായ നിലപാട് നേരത്തെയുള്ളതാണ്. ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രയേലും ടെഹ്റാനെ ആക്രമിച്ചതുമുതൽ അദ്ദേഹം ഈ സംഘർഷത്തെ പലതവണ പിന്തുണച്ചിട്ടുണ്ടെങ്കിലും, ഉദ്യോഗസ്ഥരുമായുള്ള സ്വകാര്യ കൂടിക്കാഴ്ചകളിൽ അദ്ദേഹം ഇതിനെ പലതവണ എതിർത്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

ഹെഗ്സെത്താണ് ട്രംപിനെ യുദ്ധത്തിലേക്ക് എത്തിച്ചതെന്ന വാദമാണ് റിപ്പബ്ലിക്കൻ നേതാക്കൾ പറയുന്നത്. എന്നാൽ ട്രംപ് ഹെഗ്സെത്തി പുറത്താകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട ചോദ്യമുയർന്നപ്പോൾ ഹെഗ്സെത്തിനെ പിന്തുണച്ചാണ് ട്രംപ് സംസാരിച്ചത്. അദ്ദേഹത്തെ മാറ്റുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, 'ഇല്ല, അദ്ദേഹം വളരെ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് ഞാൻ കരുതുന്നു' ട്രംപ് മറുപടി നൽകി.

അതേസമയം ഹെഗ്‌സെത്ത് തന്റെ സ്ഥാനത്ത് തുടരണമോ എന്ന കാര്യത്തിൽ ട്രംപ് തന്റെ ഉപദേശകരുമായി ചർച്ച നടത്തിവരികയാണെന്ന് വിഷയവുമായി ബന്ധപ്പെട്ട നിരവധി വൃത്തങ്ങളെ ഉദ്ധരിച്ച് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഹെഗ്‌സെത്തിന് പകരക്കാരനായി ഫ്‌ളോറിഡ റിപ്പബ്ലിക്കൻ ഗവർണർ റോൺ ഡിസാന്റിസിന്റെ പേര് നിർദ്ദേശിക്കപ്പെടുന്നുണ്ടെന്നാണ് വിവരം. എന്നാൽ വൈറ്റ്ഹൗസ് വൃത്തങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

യുദ്ധത്തെ ശക്തമായി പിന്തുണച്ചിരുന്ന ഹെഗ്സെത്ത്, യുദ്ധത്തിൽ പെട്ടെന്നും എളുപ്പത്തിലും വിജയിക്കാനുള്ള അമേരിക്കയുടെ കഴിവിനെ പെരുപ്പിച്ചു കാട്ടുകയാണുണ്ടായതെന്ന് റിപ്പബ്ലിക്കൻ നേതാക്കളും പറയുന്നു.

തുടർച്ചയായ ബോംബാക്രമണങ്ങളിലൂടെ ഇറാനെ കീഴടക്കാനാകുമെന്ന് ഹെഗ്‌സെത്ത് വാദിച്ചെങ്കിലും അതിലേക്ക് അടുപ്പിച്ചതായി യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്നും അവർ കുറ്റപ്പെടുത്തി. സംഘർഷം മിഡിൽ ഈസ്റ്റിൽ അമേരിക്കയെ അനിശ്ചിതകാലത്തേക്ക് കുടുക്കിയിട്ടു, ജീവിതച്ചെലവ് പ്രതിസന്ധി രൂക്ഷമാക്കി, ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കെതിരെ വോട്ടർമാരുടെ രോഷമുണ്ടായെന്നും നേതാക്കൾ പറഞ്ഞു.

ഡെമോക്രാറ്റുകൾ കോൺഗ്രസിന്റെ നിയന്ത്രണം ഏറ്റെടുത്ത് കഴിഞ്ഞാൽ ഹെഗ്സെത്തിനെതിരെ അടക്കം ഇംപീച്ച്മെന്റ് കൊണ്ടുവരാനുള്ള സാധ്യത ഏറെയാണ്. റിപ്പബ്ലിക്കൻ പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണകൂടി ഉണ്ടായാൽ കാര്യങ്ങൾ എളുപ്പമാകും. എന്നാൽ അതിന് മുമ്പ് ട്രംപ് ഹെഗ്സെത്തിനെ മാറ്റുമോ എന്നതാണ് ശ്രദ്ധേയമായ കാര്യം.

Content Highlights: US Defense Secretary Pete Hegseth faces potential ouster or impeachment after midterm election losses., Republican leaders blame Hegseth for pushing Trump into the Iran war without a clear exit strategy., Vice President JD Vance publicly blamed the Iran war for the election defeat, signaling internal administration rifts., Florida Governor Ron DeSantis is rumored as a potential replacement, though the White House has not confirmed.