ബഹിരാകാശത്തും ആയുധ വിന്യാസം; പുതിയ യുദ്ധമേഖല തുറന്ന് യു.എസ്

വാഷിങ്ടൺ: ബഹിരാകാശത്തും ആയുധവിന്യാസം നടത്തിയെന്ന് വെളിപ്പെടുത്തി അമേരിക്ക. ബഹിരാകാശത്ത് അമേരിക്കൻ സേനയ്ക്കെതിരായ ശത്രുതാപരമായ നീക്കങ്ങളെ പ്രതിരോധിക്കാനാണ് ഈ സംവിധാനങ്ങൾ ലക്ഷ്യമിടുന്നതെന്ന് യു.എസ്. സ്പേസ് ഫോഴ്സ് വക്താവ് വ്യക്തമാക്കി. ഭൂമിയുടെ ഭ്രമണപഥത്തിൽ ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ട് എന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ആയുധങ്ങളുടെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ തയ്യാറായില്ല.
ശത്രുക്കളുടെ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ശേഷിയുള്ള 'ഓൺ-ഓർബിറ്റ് സ്പേസ് കൺട്രോൾ' ആയുധങ്ങൾ തങ്ങളുടെ പക്കലുണ്ടെന്ന് വക്താവ് അറിയിച്ചു. കൈനറ്റിക്, നോൺ-കൈനറ്റിക് മാർഗ്ഗങ്ങൾ ഉപയോഗിച്ച് ശത്രുക്കളുടെ ശേഷികളെ നിയന്ത്രിക്കാനും ബഹിരാകാശ മേഖലയുടെ നിയന്ത്രണം നിലനിർത്താനും ഈ ദൗത്യങ്ങൾ ഉദ്ദേശിക്കുന്നുണ്ടെന്നും ആക്രമണാത്മകവും പ്രതിരോധപരവുമായ ആവശ്യങ്ങൾക്ക് ഇവ ഉപയോഗിക്കാമെന്നും സ്പേസ് ഫോഴ്സ് വ്യക്തമാക്കി.
ഭൂമിക്കപ്പുറമുള്ള അമേരിക്കൻ താൽപ്പര്യങ്ങൾക്ക് ഭീഷണിയായേക്കാവുന്ന രാജ്യങ്ങളായാണ് ചൈനയെയും റഷ്യയെയും യു.എസ്. സ്പേസ് ഫോഴ്സ് കാണുന്നത്. സൈനിക ആധുനികവൽക്കരണ തന്ത്രത്തിന്റെ ഭാഗമായി ചൈന ബഹിരാകാശ, കൗണ്ടർ-സ്പേസ് ശേഷികൾ വികസിപ്പിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു. അതേസമയം, റഷ്യ ബഹിരാകാശത്തെ ഒരു യുദ്ധക്കളമായി കാണുന്നുണ്ടെന്നും ഭാവിയിലെ സംഘർഷങ്ങളിൽ ബഹിരാകാശ മേധാവിത്വം നിർണ്ണായക ഘടകമാകുമെന്ന് അവർ വിശ്വസിക്കുന്നുണ്ടെന്നും സ്പേസ് ഫോഴ്സ് ചൂണ്ടിക്കാണിക്കുന്നു.
ബഹിരാകാശ മത്സരം ആരംഭിച്ച കാലം മുതലേ അതിന്റെ സൈനികവൽക്കരണവും തുടങ്ങിയിരുന്നു. 1957-ൽ സ്പുട്നിക് വിക്ഷേപിച്ചതിനെത്തുടർന്ന്, അമേരിക്കയും റഷ്യയും സാറ്റലൈറ്റുകളിൽ ആയുധങ്ങൾ ഘടിപ്പിക്കുന്നതിനെക്കുറിച്ചും അവയെ നശിപ്പിക്കാനുള്ള ശേഷി വികസിപ്പിക്കുന്നതിനെക്കുറിച്ചും പഠനം ആരംഭിച്ചു.
ഭ്രമണപഥത്തിൽ ആണവായുധങ്ങൾ വിന്യസിക്കുന്നതായിരുന്നു ആദ്യകാലങ്ങളിലെ പ്രധാന ആശങ്ക. എന്നാൽ 1967-ൽ വൻശക്തികളും മറ്റ് രാജ്യങ്ങളും ഒപ്പുവെച്ച 'ഔട്ടർ സ്പേസ് ട്രീറ്റി' ഭ്രമണപഥത്തിൽ ആണവായുധങ്ങൾ വിന്യസിക്കുന്നത് നിരോധിച്ചുകൊണ്ട് ഈ ഭീഷണിക്ക് പരിഹാരം കണ്ടു. എന്നിരുന്നാലും, ഈ ഉടമ്പടിയുടെ നിരോധനങ്ങൾക്ക് പുറത്തുള്ള മറ്റ് സൈനിക പ്രവർത്തനങ്ങളുമായി റഷ്യ, അമേരിക്ക, ചൈന, ഇന്ത്യ രാജ്യങ്ങൾ മുന്നോട്ടുപോകുന്നു. സൈനിക വാർത്താവിനിമയം, നിരീക്ഷണം, നാവിഗേഷൻ എന്നിവയ്ക്കായി എതിരാളികൾ വിക്ഷേപിച്ച ഉപഗ്രഹങ്ങളെ ലക്ഷ്യമിടുന്ന നീക്കങ്ങൾ ഇതിൽ ഉൾപ്പെടുന്നുണ്ട്.