F-35 യുദ്ധവിമാനത്തിന്റെ നിർണായക ഭാഗങ്ങൾ ചൈനയുടെ കൈയിൽ: ട്രംപ്-ഷി ജിൻപിങ് കൂടിക്കാഴ്ച നിർണ്ണായകം

വാഷിങ്ടൺ: അമേരിക്കയുടെ അത്യാധുനിക എഫ്-35 (F-35) യുദ്ധവിമാനത്തിന്റെ ചില രഹസ്യഭാഗങ്ങൾ ചൈനയുടെ കൈവശമെത്തിയ സംഭവത്തിൽ ചർച്ചകൾ നടന്നേക്കുമെന്ന് റിപ്പോർട്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ചയിൽ ഈ വിഷയവും ചർച്ചയാകുമെന്നാണ് റിപ്പോർട്ട്.
ഓസ്ട്രേലിയൻ സൈന്യത്തിന്റെ എഫ്-35 വിമാനത്തിന്റെ കോക്ക്പിറ്റ് കനോപ്പിയും വെപ്പൺസ്-ബേ ഡോറും പരിശോധനയ്ക്കായി അമേരിക്കയിലേക്ക് അയച്ചതായിരുന്നു. എന്നാൽ യാത്രാമധ്യേ തെക്കൻ കൊറിയയിലും തുടർന്ന് ഹോങ്കോങിലും അപ്രതീക്ഷിതമായി റൂട്ട് മാറിയെത്തിയ ഈ ഭാഗങ്ങൾ ചൈന കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഓസ്ട്രേലിയയിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം തെറ്റായ റൂട്ടിങിലൂടെയാണ് ഇവ ഹോങ്കോങിൽ എത്തിയതെന്ന് വ്യക്തമാക്കുന്നു.
യു.എസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണും ഓസ്ട്രേലിയൻ പ്രതിരോധ മന്ത്രാലയവും എഫ്-35 ജോയിന്റ് പ്രോഗ്രാം ഓഫീസും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റഡാറുകളിൽ പതിയാതിരിക്കാൻ സഹായിക്കുന്ന 'സ്റ്റെൽത്ത്' സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന അപൂർവ്വ കോട്ടിങുള്ള ഭാഗങ്ങളാണ് കാണാതായിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കാണാതായ ഭാഗങ്ങളിൽ തന്ത്രപ്രധാനമായ സാങ്കേതികവിദ്യകൾ അടങ്ങിയിട്ടില്ലെന്ന് ഓസ്ട്രേലിയൻ പ്രതിരോധ മന്ത്രി റിചാർഡ് മാർലെസ് വ്യക്തമാക്കിയെങ്കിലും, പ്രസ്തുത ഭാഗങ്ങൾ സുരക്ഷിതമായി തിരിച്ചെടുക്കാനുള്ള ശ്രമങ്ങൾ അമേരിക്കൻ അധികൃതർ ഊർജ്ജിതമാക്കിയിരിക്കുകയാണ്. എന്നാൽ ചൈനീസ് വിദേശകാര്യ മന്ത്രാലയം ഈ വിഷയത്തിൽ ഔദ്യോഗികമായി തങ്ങൾക്ക് അറിവില്ലെന്നാണ് പ്രതികരിച്ചിട്ടുള്ളത്.
ലോക്ക്ഹീഡ് മാർട്ടിൻ കമ്പനി വികസിപ്പിച്ച എഫ്-35 വിമാനങ്ങൾ നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഒന്നാണ്. ദക്ഷിണ കൊറിയ, ജപ്പാൻ, സിംഗപ്പൂർ, ഓസ്ട്രേലിയ ഉൾപ്പെടെ ഇരുപതോളം രാജ്യങ്ങൾ ഉപയോഗിക്കുന്ന ഈ വിമാനം ഇറാന് എതിരായ സൈനിക നീക്കങ്ങളിലും സജീവമായി പങ്കാളിയായിട്ടുണ്ട്.
ഒരു പതിറ്റാണ്ടിനു ശേഷമാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അമേരിക്കയിലെത്തുന്നത്. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി അമേരിക്കയിലെത്തിയ ഷി ജിൻപിങിനെ വാഷിങ്ടണിലെ ജോയിന്റ് ബേസ് ആൻഡ്രൂസിൽ ട്രംപും പ്രഥമവനിത മെലാനിയ ട്രംപും ചേർന്ന് സ്വീകരിച്ചു. വ്യാപാരം, നിർമ്മിത ബുദ്ധി (AI), തായ്‌വാൻ, ഇറാൻ വിഷയം എന്നിവയോടൊപ്പം എഫ്-35 യുദ്ധവിമാനത്തിന്റെ കാണാതായ ഭാഗങ്ങളെക്കുറിച്ചുള്ള വിഷയവും നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഉന്നയിക്കപ്പെടാൻ സാധ്യതയുണ്ട്.