ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള പായ്ക്കപ്പൽ യുഎസ് സൈന്യം തകർത്തു, ജീവനക്കാരെ ഒഴിപ്പിച്ചു

വാഷിംഗ്ടൺ/മസ്കത്ത്: ഒമാൻ ഉൾക്കടലിൽ ഇറാനുമായി ബന്ധമുള്ള പായക്കപ്പൽ അമേരിക്കൻ സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് (CENTCOM) തകർത്തു. യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലുകളെ നിരീക്ഷിക്കുകയും ലക്ഷ്യമിടുകയും ചെയ്തതിനെത്തുടർന്നാണ് കപ്പലിന് നേരെ സൈനിക നടപടിയുണ്ടായത് എന്നാണ് സെന്റ്കോം നൽകിയ വിശദീകരണം. പായ്ക്കപ്പൽ തകർക്കുന്നതിന് മുൻപ് അതിലുണ്ടായിരുന്ന ജീവനക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചതായി സെന്റ്കോം സ്ഥിരീകരിച്ചു. ഇവരെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അവർ വ്യക്തമാക്കി.
കഴിഞ്ഞ ഏഴ് മാസമായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർ(IRGC) പ്രാദേശിക സമുദ്രപാതകളിലൂടെ സഞ്ചരിക്കുന്ന സാധാരണ കപ്പലുകളെയും യുഎസ് നാവികസേനാ കപ്പലുകളെയും നിരന്തരം ലക്ഷ്യമിടുന്നുണ്ടെന്ന് സെന്റ്കോം ആരോപിച്ചു. ഇതിനുമുമ്പ് ഒക്ടോബർ 10-ന്, ഹോർമുസ് കടലിടുക്കിലെ ഇറാന്റെ തുറമുഖങ്ങളിലേക്കുള്ള യുഎസ് ഉപരോധം ലംഘിക്കാൻ ശ്രമിച്ച 'ഓഷ്യൻ മോളിക്ക' (Ocean Molica / Arika Sun) എന്ന പനാമ പതാക ഘടിപ്പിച്ച വാണിജ്യ കപ്പലിനെയും യുഎസ് സൈന്യം തടഞ്ഞിരുന്നു. യുഎസ് യുദ്ധവിമാനം നടത്തിയ ആക്രമണത്തിൽ ഈ കപ്പലിന്റെ എൻജിൻ സംവിധാനം തകരാറിലായെങ്കിലും ജീവനക്കാർക്ക് പരിക്കുകളൊന്നും സംഭവിച്ചിരുന്നില്ല.
Content Highlights: US Central Command destroys Iranian-affiliated dhow targeting navy ships in Gulf of Oman, ensuring crew safety before action.