യുഎസ് ഉപരോധം; ഹോർമുസിലേക്ക് കടക്കാനാകാതെ ഇറാനിലേക്കുള്ള കപ്പലുകൾ, വഴിതടഞ്ഞ് യുഎസ് സൈന്യം

ടെഹ്‌റാൻ: അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തെ തുടർന്ന് ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള കപ്പൽ ഗതാഗതം തടസപ്പെട്ടതായി വിവരം. യുഎസും ഇറാനും തമ്മിൽ കഴിഞ്ഞ വാരാന്ത്യത്തിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിൽ ചൈനീസ് ഉടമസ്ഥതയിലുള്ള റിച്ച് സ്റ്റാറി എന്ന ടാങ്കർ ഉൾപ്പെടെയുള്ള നിരവധി കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്ര പൂർത്തിയാക്കാനാവാതെ പിന്തിരിയേണ്ടി വന്നതായാണ് വിവരം.
ഇറാനെതിരെയുള്ള സൈനിക നടപടികളുടെ ഭാഗമായി യുഎസ് പ്രസിഡന്റ് പ്രഖ്യാപിച്ച ഈ വിലക്ക് ആഗോള എണ്ണ വിപണിയെയും ഇൻഷുറൻസ് മേഖലയെയും വലിയ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. നിലവിൽ മേഖലയിൽ കപ്പൽ ഗതാഗതം വളരെ കുറവാണെന്നും യുഎസ് സേന കർശനമായ പരിശോധനയും നിയന്ത്രണങ്ങളും തുടരുകയാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇറാനുമായുള്ള സംഘർഷം മൂർച്ഛിച്ച സാഹചര്യത്തിൽ അന്താരാഷ്ട്ര സമുദ്രപാതയിൽ യുദ്ധസമാനമായ സാഹചര്യമാണ് രൂപപ്പെട്ടിട്ടുള്ളത്. പാകിസ്താന്റെ തലസ്ഥാനമായ ഇസ്ലാമാബാദിൽ യുഎസും ഇറാനും തമ്മിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് ഞായറാഴ്ചയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉപരോധം പ്രഖ്യാപിച്ചത്.
ഇറാന്റെ തുറമുഖങ്ങളിലേക്ക് എത്തുന്ന കപ്പലുകളെ ലക്ഷ്യംവെച്ചാണ് യുഎസ് പ്രധാനമായും ഈ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്. ഉപരോധത്തിന്റെ ആദ്യ 24 മണിക്കൂറിനുള്ളിൽ ഒരു കപ്പലിനും യുഎസ് തടസ്സം മറികടക്കാൻ കഴിഞ്ഞില്ലെന്നും, യുഎസ് സേനയുടെ നിർദ്ദേശപ്രകാരം ആറ് കപ്പലുകൾ ഇറാനിയൻ തുറമുഖങ്ങളിലേക്ക് തന്നെ തിരിച്ചുപോയെന്നും യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
ഉപരോധം നിലവിൽ വന്ന ആദ്യ ദിനമായ ചൊവ്വാഴ്ച ഈ ജലപാത മുറിച്ചുകടക്കാൻ ശ്രമിച്ച എട്ട് കപ്പലുകളിൽ ഒന്നായിരുന്നു ചൈനീസ് ഉടമസ്ഥതയിലുള്ള യുഎസ് ഉപരോധം നേരിടുന്ന ടാങ്കറായ റിച്ച് സ്റ്റാറി. ഒമാൻ ഉൾക്കടലിലെ ഇറാനിയൻ തുറമുഖമായ ചബഹാറിൽ (Chabahar) നിന്ന് പുറപ്പെടാൻ ശ്രമിച്ച രണ്ട് ഓയിൽ ടാങ്കറുകളെയും യുഎസ് ഡിസ്‌ട്രോയർ തടഞ്ഞതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ഇറാനുമായുള്ള ഇടപാടുകൾ കാരണം റിച്ച് സ്റ്റാറിയെയും അതിന്റെ ഉടമസ്ഥരായ ഷാങ്ഹായ് സുന്റൺ ഷിപ്പിംഗ് കമ്പനിയെയും (Shanghai Xuanrun Shipping Co) നേരത്തേതന്നെ യുഎസ് ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ഹംരിയ തുറമുഖത്ത് നിന്ന് കയറ്റിയ ഏകദേശം 2,50,000 ബാരൽ മെഥനോൾ ആണ് ഈ ടാങ്കറിലുള്ളത്.
അതേസമയം, യുഎസ് ഉപരോധത്തിലുള്ള മറ്റൊരു കൂറ്റൻ ടാങ്കറായ അലീഷ്യ (Alicia) ബുധനാഴ്ച കടലിടുക്ക് വഴി ഗൾഫിലേക്ക് പ്രവേശിക്കുന്നുണ്ട്. 20 ലക്ഷം ബാരൽ എണ്ണ വഹിക്കാൻ ശേഷിയുള്ള ഈ ഒഴിഞ്ഞ കപ്പൽ ഇറാഖിൽ നിന്ന് ചരക്ക് കയറ്റാനാണ് പോകുന്നത്. യുഎസ് ഉപരോധം നിലനിൽക്കുന്ന കപ്പലാണെങ്കിലും ഇറാഖിലേക്ക് പോകുന്നതിനായാണ് കപ്പൽ ഗൾഫിലേക്ക് പ്രവേശിക്കുന്നത്.
ഇറാൻ തുറമുഖത്തേക്കല്ല എന്നുള്ളതുകൊണ്ടുതന്നെ ഈ കപ്പലിന് തടസങ്ങൾ നേരിടേണ്ടിവരില്ല എന്നാണ് പ്രതീക്ഷ. ഫെബ്രുവരി 28-ന് ഇറാനെതിരെ യുഎസും ഇസ്രായേലും യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് പ്രതിദിനം 130-ലധികം കപ്പലുകൾ ഈ വഴി കടന്നുപോയിരുന്നു. നിലവിൽ ഈ കടലിടുക്ക് ഏറെക്കുറെ അടച്ചിട്ട നിലയിലാണ്.
Content Highlights: Sanctioned tanker Rich Starry forced to retreat by US naval blockade. US Central Command confirms zero vessels successfully breached the blockade. Shipping traffic remains significantly reduced following the escalation of regional conflict. Ongoing uncertainty for global oil markets and war risk insurance providers.