B2 ബോംബര്‍; റഡാര്‍ കണ്ണിനെ വെട്ടിക്കുന്ന 'രാക്ഷസപക്ഷി',ഇറാനില്‍ ഇട്ടത് 6 ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍

വാഷിങ്ടണ്‍: ഇസ്രയേല്‍- ഇറാന്‍ യുദ്ധത്തിന്റെ ഗതിമാറ്റുന്ന ഇടപെടലാണ് യു.എസ് നടത്തിയിരിക്കുന്നത്. ഇറാനിലെ ആണവ പദ്ധതികളെ ലക്ഷ്യമിട്ടുള്ള യു.എസ് ആക്രമണത്തിന് സൂചനകളുണ്ടായിരുന്നെങ്കിലും അത് വളരെ നേരത്തെ നടത്തിയാണ് യു.എസ് ഇറാനെ ഞെട്ടിച്ചിരിക്കുന്നത്. ഫൊര്‍ദൊ പോലെ മലനിരകള്‍ക്കുള്ളില്‍ ഭൂഗര്‍ഭ കേന്ദ്രമാണ് അമേരിക്കന്‍ ആക്രമണത്തില്‍ തകര്‍ന്നത്. ഈ ആണവകേന്ദ്രത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചതായി ഇറാനും സമ്മതിച്ചിട്ടുണ്ട്.
യു.എസിന്റെ ബി-2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങളാണ് ഇറാനില്‍ ആക്രമണം നടത്തിയതെന്നാണ് വിവരങ്ങള്‍. മിസോറിയിലെ വൈറ്റ്മാന്‍ വ്യോമതാവളത്തില്‍ നിന്ന് ആറ് ബി-2 സ്റ്റെല്‍ത്ത് ബോംബറുകള്‍ ഗുവാമിലെ സൈനികകേന്ദ്രത്തിലേക്ക് നീങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ധനം പൂര്‍ണമായി നിറയ്ക്കാതെ ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കാന്‍ കഴിയുന്ന വിമാനങ്ങള്‍ക്കൊപ്പമാണ് ഇവ ഗുവാമിലേക്ക് നീങ്ങിയത്.
ഇതോടെ ഏത് നിമിഷവും ഇറാനെതിരെ ആക്രമണത്തിന് യു.എസ് സര്‍വ്വസജ്ജമായി എന്ന് വ്യക്തമായിരുന്നു. എന്നാല്‍ ഉടനെ തന്നെ ആക്രമണം നടത്താനുള്ള കാരണം എന്തെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല.
അമേരിക്കയുടെ കൈവശം മാത്രമുള്ള ബി-2 വിമാനത്തിന് 15 ടണ്‍ ഭാരമുള്ള രണ്ട് ബങ്കര്‍-ബസ്റ്റര്‍ ബോംബുകള്‍ വഹിക്കാന്‍ കഴിയും. ഇറാന്‍ മലനിരകളില്‍ ഭൂഗര്‍ഭത്തില്‍ സ്ഥിതിചെയ്യുന്ന ഫൊര്‍ദോ യുറേനിയം സമ്പുഷ്ടീകരണകേന്ദ്രം തകര്‍ക്കാന്‍ യുഎസിന്റെ സഹായം ഇസ്രയേല്‍ ആവശ്യപ്പെട്ടിരുന്നു. ഇറാന്റെ രഹസ്യ ആണവ ഗവേഷണ കേന്ദ്രങ്ങളുടെ ശൃംഖലകളിലടക്കം കൃത്യമായ ആക്രമണം നടത്താന്‍ ബി-2 ബോംബറുകള്‍ക്ക് കഴിയുമെന്നാണ് യുഎസിന്റെ അവകാശവാദം.
പക്ഷിയുടെ രുപം, ഒറ്റയടിക്ക് 18,500 കിലോമീറ്റര്‍
ലോകത്തിന്റെ ഏത് കോണിലും ആക്രമണം നടത്താന്‍ യു.എസിന് സാധിക്കുന്ന സ്ട്രാറ്റജിക് ബോംബര്‍ വിമാനമാണ് ബി2. നോര്‍ത്രോപ് ഗ്രമ്മന്‍ എന്ന യു.എസ് ആയുധ നിര്‍മാതാക്കളാണ് ഈ സവിശേഷമായ യുദ്ധവിമാനം വികസിപ്പിച്ചത്. ഹെവി ബോംബര്‍ എന്ന വിഭാഗത്തില്‍ പെടുന്ന ഈ യുദ്ധവിമാനത്തിന് 18,000 കിലോവരെ ഭാരമുള്ള ബോംബുകള്‍ വഹിക്കാനുള്ള ശേഷിയുണ്ട്. ഒറ്റപ്പറക്കലില്‍ 11,500 കിലോമീറ്റര്‍ ദൂരം വരെ ഇവയ്ക്ക് സഞ്ചരിക്കാന്‍ സാധിക്കും.
1988-ല്‍ നിര്‍മിക്കപ്പെട്ട ബി2 ബോംബര്‍ അതിന്റെ രൂപഘടന കൊണ്ടും സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യകൊണ്ടും ലോകമെങ്ങും കേള്‍വികേട്ടതാണ്. യു.എസ് വ്യോമസേനയുടെ പക്കല്‍ ആകെ 19 ബി2 ബോംബറുകളുണ്ട്. റഡാര്‍ കണ്ണുകളെ വെട്ടിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇവയുടെ രൂപഘടന. ഒരു ഭീമന്‍ പക്ഷി പറന്നുപോകുന്നതുപോലെയാണ് ദൂരെനിന്ന് നോക്കിയാല്‍ ഇവയെ കാണാനാകുക. ഇതിനൊപ്പം റഡാര്‍ ക്രോസ് സെക്ഷനില്‍ ഇവയെ ചെറിയൊരു പക്ഷിയുടെ അത്രയുമെ കാണിക്കു. അതിനാല്‍ ഇവ വരുന്നതും പോകുന്നതും തിരിച്ചറിയാനാകില്ല.
ഇവയെ കണ്ടെത്തണമെങ്കില്‍ അതിശക്തമായ റഡാര്‍ സംവിധാനങ്ങള്‍ വേണം. നിലവില്‍ ഭൂരിഭാഗം രാജ്യങ്ങള്‍ക്കും ബി2 ബോംബറിനെ തിരിച്ചറിയാനുള്ള സംവിധാനങ്ങളില്ല.
ബങ്കര്‍ ബസ്റ്റര്‍ ബോംബ്
ഇറാനിലെ ഫൊര്‍ദൊ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ ആണവകേന്ദ്രങ്ങളിലാണ് യു.എസ് ബോംബറുകള്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ലെങ്കിലും ആണവ കേന്ദ്രങ്ങള്‍ക്ക് കാര്യമായ നാശമുണ്ടായിട്ടുണ്ട് എന്നാണ് വിവരം.
യു.എസിന്റെ പക്കല്‍ മാത്രമാണ് ഇത്തരം കേന്ദ്രങ്ങളെ തകര്‍ക്കാന്‍ കഴിയുന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബായ ജിബിയു-57എ/ബി എന്ന ബോംബുള്ളത്. 15 ടണ്ണോളം വരുന്ന ഈ ബോബിന് എത്രശക്തമായ കോണ്‍ക്രീറ്റ് കവചത്തെയും തുളഞ്ഞിറങ്ങി ഉള്ളില്‍ ചെന്ന് കനത്ത സ്‌ഫോടനം നടത്താനുള്ള ശേഷിയുണ്ട്. 20 അടി നീളമുള്ള ഈ ബോംബ് പ്രയോഗിക്കാന്‍ യു.എസിന്റെ ബി2 ബോംബറിന് മാത്രമേ സാധിക്കു.
മാസ്സീവ് ഓര്‍ഡനന്‍സ് പെനെട്രേറ്റര്‍ എന്നറിയപ്പെടുന്ന ഈ ബോംബിന്റെ രണ്ടെണ്ണം മാത്രമേ ബി2 ബോംബറിന് വഹിക്കാന്‍ സാധിക്കു. നിലവില്‍ ആറ് ജിബിയു-57എ/ബി ബോംബുകള്‍ ഇറാനില്‍ പ്രയോഗിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മൂന്ന് ആണവ കേന്ദ്രങ്ങളിലും കുറഞ്ഞത് രണ്ട് ബോംബുകള്‍ എങ്കിലും യു.എസ് പ്രയോഗിച്ചിട്ടുണ്ട്.
ഇതിന് പുറമെ ഫൊര്‍ദൊയിലേക്ക് യു.എസ് നാവികസേന മിസൈലാക്രമണവും നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. യു.എസ് നാവികസേനയുടെ കപ്പലുകളില്‍ നിന്ന് ഫൊര്‍ദൊ ആണവകേന്ദ്രം ലക്ഷ്യമാക്കി 30 ടൊമഹാക് ക്രൂയിസ് മിസൈലുകള്‍ ആണ് വിക്ഷേപിച്ചത്.
Content Highlights: US B-2 bombers target Iranian nuclear sites. Iran shocked by unexpected attack