ചൈനീസ് ആണവ നിലയത്തില്‍ ചോര്‍ച്ചയെന്ന് യുഎസ്; നിഷേധിച്ച് ചൈന

വാഷിങ്ടണ്‍: ചൈനയുടെ ഒരു ആണവോര്‍ജ നിലയത്തില്‍ ചോര്‍ച്ച ഉണ്ടായതായി യുഎസിന്റെ വിലയിരുത്തല്‍. തായ്ഷാന്‍ നൂക്ലിയര്‍ പവര്‍ പ്ലാന്റില്‍ അപകടകരമായ തോതില്‍ റേഡിയേഷന്‍ ചോര്‍ച്ചയുണ്ടെന്ന് പദ്ധതിയിൽ പങ്കാളിത്തമുള്ള ഫ്രഞ്ച് കമ്പനിയാണ് മുന്നറിയിപ്പ് നല്‍കിയത്.
എന്നാല്‍ ചൈന ഇത് നിഷേധിച്ചു. പ്ലാന്റിലെ രണ്ട് റിയാക്ടറുകളും സുരക്ഷിതമായി ആവശ്യകതകള്‍ നിറവേറ്റുന്നുവെന്നും സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും തായ്ഷാന്‍ പ്ലാന്റ് അധികൃതര്‍ അറിയിച്ചു.
ചൈന ജനറല്‍ ന്യൂക്ലിയര്‍ പവര്‍ ഗ്രൂപ്പിന്റേയും ഇലക്ട്രിസിറ്റി ഡി ഫ്രാന്‍സിന്റേയും സംയുക്ത സംരംഭമാണ് തായ്ഷാന്‍ നിലയം. റേഡിയേഷന്‍ ചോര്‍ച്ച പരിശോധന നടത്തിയെന്നും റേഡിയേഷന്‍ കണ്ടെത്തുന്നതിനുള്ള സ്വകീര്യമായ പരിധി ചൈനീസ് അധികൃതര്‍ ഉയര്‍ത്തിയെന്നും ഫ്രഞ്ച് കമ്പനി മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇതേ തുടര്‍ന്ന് ചോര്‍ച്ച സംബന്ധിച്ച സ്ഥിരീകരണത്തിന് യുഎസ് ഒരാഴ്ചയോളം ചെലവഴിച്ചുവെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഫ്രഞ്ച് കമ്പനി കഴിഞ്ഞ ആഴ്ചയാണ് യുഎസ് സര്‍ക്കാരിന് സഹായം അഭ്യര്‍ത്ഥിച്ച് കത്തെഴുതിയത്.
നിലവിലെ സ്ഥിതിഗതികള്‍ പ്ലാന്റിലെ തൊഴിലാളികള്‍ക്കോ ചൈനീസ് പൊതുജനങ്ങള്‍ക്കോ കടുത്ത സുരക്ഷാ ഭീഷണിയല്ലെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ കരുതുന്നത്.അതേ സമയം ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയില്‍ പങ്കാളിത്തമുള്ള ഒരു വിദേശ കമ്പനി ഏകപക്ഷീയമായി സഹായത്തിനായി അമേരിക്കന്‍ സര്‍ക്കാരിനെ സമീപിക്കുന്നത് അസാധാരണമാണ്.
മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെ യുഎസ് ദേശീയ സുരക്ഷ സമിതി കഴിഞ്ഞ ആഴ്ച ഒന്നിലധികം തവണ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: