റഷ്യയ്ക്ക് രഹസ്യവിവരങ്ങൾ ചോർത്തി നൽകി: യുഎസ് സൈനികൻ യുകെയിൽ അറസ്റ്റിൽ

ലണ്ടൻ: റഷ്യയ്ക്ക് രഹസ്യവിവരങ്ങൾ ചോർത്തി നൽകിയതുമായി ബന്ധപ്പെട്ട് യുകെയിൽ യുഎസ് സൈനികനെ അറസ്റ്റ് ചെയ്തു. 41 വയസ്സുള്ള സൈനികനാണ് അറസ്റ്റിലായത്. ഇയാളുടെ മറ്റുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ദേശീയ സുരക്ഷാ നിയമലംഘനങ്ങളുടെയും ചാരവൃത്തിയുടെയും പേരിലാണ് നടപടി.
യുകെ കൗണ്ടർ ടെററിസം പോലീസിങ്ങും യുഎസ് അധികാരികളും എഫ്ബിഐയും അമേരിക്കൻ സൈന്യവും സംയുക്തമായി നടത്തിയ അന്വേഷണത്തിനൊടുവിൽ ചൊവ്വാഴ്ചയാണ് ഇയാൾ പിടിയിലായത്. നാഷണൽ സെക്യൂരിറ്റി ആക്ട് 2023 പ്രകാരം വിദേശ രഹസ്യാന്വേഷണ ഏജൻസിയെ സഹായിച്ചതിനും സംരക്ഷിത വിവരങ്ങൾ ശേഖരിച്ച് ചോർത്തിയതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാൾ നിലവിൽ ലണ്ടനിൽ പോലീസ് കസ്റ്റഡിയിലാണ്. അന്വേഷണത്തിന്റെ ഭാഗമായി ഗ്ലൗസെസ്റ്റർഷയറിലെ രണ്ട് കേന്ദ്രങ്ങളിൽ പരിശോധന പുരോഗമിക്കുകയാണ്.
യുകെയും യുഎസും തമ്മിലുള്ള ശക്തമായ സുരക്ഷാ സഹകരണത്തിന്റെ ഫലമാണ് ഈ നിർണായക അറസ്റ്റെന്ന് കൗണ്ടർ ടെററിസം പോലീസിങ് സീനിയർ നാഷണൽ കോർഡിനേറ്റർ ഡെപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷണർ വിക്കി ഇവാൻസ് വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയെ അപകടപ്പെടുത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്ന് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ പറഞ്ഞു.
രഹസ്യവിവരങ്ങൾ കൈകാര്യം ചെയ്യാൻ ചുമതലപ്പെടുത്തപ്പെട്ട ഒരു മുതിർന്ന സൈനികന്റെ ഭാഗത്തുനിന്നുണ്ടായ ഈ നിയമലംഘനം, സൈന്യത്തിനുള്ളിലെ സുരക്ഷാ ഭീഷണികൾ എത്രത്തോളം ഗൗരവമുള്ളതാണെന്നതിന്റെ ഓർമ്മപ്പെടുത്തലാണെന്ന് യുഎസ് ആർമി കൗണ്ടർ ഇന്റലിജൻസ് കമാൻഡിന്റെ കമാൻഡിങ് ജനറൽ ബ്രിഗേഡിയർ ജനറൽ ഷോൺ സ്റ്റിൻചോൺ പറഞ്ഞു. അന്താരാഷ്ട്ര ഏജൻസികളുടെ കൂട്ടായ പ്രവർത്തനത്തെ പ്രശംസിച്ച അദ്ദേഹം, സംശയാസ്പദമായ എന്തെങ്കിലും കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പ്രാദേശിക കൗണ്ടർ ഇന്റലിജൻസ് ഓഫീസുകളിൽ അറിയിക്കണമെന്നും ആവശ്യപ്പെട്ടു.
നിലവിൽ നടക്കുന്ന മറ്റ് ഭീകരവിരുദ്ധ അന്വേഷണങ്ങളുമായി ഈ സംഭവത്തിന് ബന്ധമില്ലെന്ന് അധികാരികൾ വ്യക്തമാക്കിയിട്ടുണ്ട്. യുകെ കൗണ്ടർ ടെററിസം പൊലീസിങ്, എംഐ5, യുകെ ഡിഫൻസ് കൗണ്ടർ ഇന്റലിജൻസ്, യുഎസ് ആർമി കൗണ്ടർ ഇന്റലിജൻസ് കമാൻഡ് എന്നിവയുടെ നേതൃത്വത്തിലാണ് തുടരന്വേഷണങ്ങൾ നടക്കുന്നത്.