ഹോർമുസ് കടലിടുക്കിന് സമീപം US സൈനിക ഹെലികോപ്റ്റർ തകർന്നുവീണു; പൈലറ്റുമാർ രക്ഷപ്പെട്ടതായി ട്രംപ്

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് ആർമി അപ്പാച്ചെ ഹെലികോപ്റ്റർ തകർന്നു വീണു. അപകടത്തിൽപ്പെട്ട രണ്ട് പൈലറ്റുമാർ സുരക്ഷിതരാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.
ഇറാനിയൻ വെടിവയ്പ്പിൽ തകർന്നുവീണതാണോ, സങ്കേതിക തകരാർമൂലമാണോ അതോ മറ്റേതെങ്കിലും പ്രശ്നം നേരിട്ടതാണോ എന്ന് വ്യക്തമല്ല. ഇക്കാര്യത്തിൽ ട്രംപും വ്യക്തത വരുത്തിയിട്ടില്ല.
'പൈലറ്റുമാർ സുഖമായിരിക്കുന്നു. ആർക്കും പരിക്കില്ല. സംഭവത്തെ കുറിച്ച് ഞങ്ങൾ നാളെ ഒരു റിപ്പോർട്ട് പുറത്തിറക്കും' ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. വെടിനിർത്തൽ ലംഘിച്ച് കഴിഞ്ഞ ദിവസം ഇറാനും ഇസ്രയേലും സംഘർഷത്തിൽപ്പെട്ടിരുന്നു. ഇതിനിടയിലാണ് യുഎസിന്റെ ഹെലികോപ്റ്റർ തകർന്നുവീഴുന്നത്. ഇറാന്റെ ഭാഗത്ത് നിന്ന് ഇത് സംബന്ധിച്ച് അവകാശവാദങ്ങൾ ഉയർന്നിട്ടില്ല.
ഹോർമുസിന് സമീപം ഇറാനിയൻ കപ്പലുകൾക്ക് എതിരെയുള്ള ഉപരോധം നടപ്പിലാക്കാൻ യുഎസ് അപ്പാച്ചെ ഹെലികോപ്റ്ററുകളാണ് ഉപയോഗിച്ച് വരുന്നത്. കഴിഞ്ഞ ദിവസം ഹോർമുസിന് സമീപം ഇറാനിയൻ ഡ്രോണുകൾ വെടിവെച്ചിട്ടതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചിരുന്നു.
ഇതിനിടെ ഇറാനുമായുള്ള ചർച്ചകളിൽ ട്രംപ് പുതിയ പ്രതീക്ഷ പ്രകടിപ്പിച്ചു. 'രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ' ഒരു കരാർ ഒപ്പിടാൻ സാധ്യതയുണ്ടെന്ന് ട്രംപ് പറഞ്ഞു. 'വളരെ മികച്ചതും ശക്തവുമായ ഒരു കരാറിന് ഞങ്ങൾ വളരെ അടുത്തെത്തിയിരിക്കുന്നു' ട്രംപ് പറഞ്ഞു.
Content Highlights: US Apache helicopter crashed near the Strait of Hormuz., President Trump confirmed both pilots survived without injury