‘ഇന്ത്യയോളം യുഎസിന് പ്രധാനപ്പെട്ട മറ്റൊരു രാജ്യമില്ല, ട്രംപിന് മോദിയോടുള്ളത് നിർവ്യാജമായ സൗഹൃദം’

ന്യൂഡൽഹി: ഇന്ത്യയോളം അമേരിക്കയ്ക്ക് പ്രധാനപ്പെട്ട മറ്റൊരു രാജ്യമില്ലെന്ന് ഇന്ത്യയിലെ യുഎസ് സ്ഥാനപതി സെർജിയോ ഗോർ. ഇന്ത്യയും യുഎസും ചൊവ്വാഴ്ച (ജനുവരി 12) മുതൽ വ്യാപാര കരാർ ചർച്ചകളുടെ അടുത്ത ഘട്ടം പുനരാരംഭിക്കാൻ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സൗഹൃദം യഥാർഥ്യമാണെന്നും പറഞ്ഞ ഗോർ യഥാർഥ സുഹൃത്തുക്കൾക്ക് അവരുടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ കഴിയുമെന്നും കൂട്ടിച്ചേർത്തു. ട്രംപ് അടുത്ത വർഷം ഇന്ത്യ സന്ദർശിച്ചേക്കുമെന്നും ഗോർ വ്യക്തമാക്കി. യുഎസ് എംബസിയിലെ ദക്ഷിണ, മധ്യ ഏഷ്യയിലെ പ്രത്യേക പ്രതിനിധി കൂടിയായാണ് ഗോർ.
പരസ്പരം പങ്കിടുന്ന താൽപര്യങ്ങൾ കൊണ്ടുമാത്രമല്ല മാത്രമല്ല ഉന്നതതലത്തിൽ ഊന്നിയ ബന്ധത്താലും ഇന്ത്യയും യുഎസും ബന്ധപ്പെട്ടിരിക്കുന്നു. യഥാർഥ സുഹൃത്തുക്കൾക്ക് വിയോജിക്കാം, പക്ഷേ അവസാനം അവരുടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ കഴിയും," ഇന്ത്യയിലെ യുഎസ് സ്ഥാനപതിയായി സ്ഥാനമേറ്റ ശേഷം നടത്തിയ പ്രസംഗത്തിൽ ഗോർ പറഞ്ഞു. ഇന്ത്യ-യുഎസ് ബന്ധത്തിന് വ്യാപാരം വളരെ പ്രധാനമാണെങ്കിലും, സുരക്ഷ, ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ, ഊർജം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മറ്റ് വളരെ പ്രധാനപ്പെട്ട മേഖലകളിലും ഇരുരാജ്യങ്ങളും അടുത്ത് സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഞാൻ പ്രസിഡന്റ് ട്രംപിനോടൊപ്പം ലോകമെമ്പാടും സഞ്ചരിച്ചിട്ടുണ്ട്, അദ്ദേഹത്തിന്റെ പ്രധാനമന്ത്രി മോദിയുമായുള്ള സൗഹൃദം യഥാർഥമാണെന്നതിന് ഞാൻ സാക്ഷിയാണ്," ഗോർ പറഞ്ഞു. ഇരുരാജ്യങ്ങൾക്കിടയിലുള്ള പങ്കാളിത്തം അടുത്ത തലത്തിലേക്ക് കൊണ്ടുപോകുക എന്നതാണ് തന്റെ നിയമനത്തിന്റെ ലക്ഷ്യമെന്ന് ഗോർ വ്യക്തമാക്കി. "ഇത് ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യരാജ്യവും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യവും തമ്മിലുള്ള സംഗമമാണ്. അദ്ദേഹവുമായുള്ള ഒടുവിലത്തെ അത്താഴ വേളയിൽ, പ്രസിഡന്റ് ട്രംപ് ഇന്ത്യയിലെ തന്റെ അവസാന സന്ദർശനത്തെക്കുറിച്ചും ഇന്ത്യയിലെ മഹാനായ പ്രധാനമന്ത്രിയുമായുള്ള തന്റെ വലിയ സൗഹൃദത്തെക്കുറിച്ചും ഓർമ്മിപ്പിച്ചു. പ്രസിഡന്റ് ഉടൻ ഇന്ത്യ സന്ദർശിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുമായുള്ള തന്ത്രപരമായ ബന്ധത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഗോർ പറഞ്ഞു. മഹത്തായ അജൻഡ പിന്തുടരാൻ താൻ ഉദ്ദേശിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. "ഇന്ത്യയേക്കാൾ പ്രധാനപ്പെട്ട പങ്കാളിയൊന്നും അമേരിക്കയ്ക്കില്ല. വരാനിരിക്കുന്ന ദിവസങ്ങളിൽ അംബാസഡർ എന്ന നിലയിൽ ഒരു വലിയ അജൻഡ പിന്തുടരുക എന്നതാണ് എന്റെ ലക്ഷ്യം," അദ്ദേഹം പറഞ്ഞു. ഇന്ത്യ-യുഎസ് വ്യാപാര കരാറിന്റെ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളെക്കുറിച്ച് സംസാരിക്കവെ ചർച്ചകൾ പൂർത്തിയാക്കാൻ താൻ തീരുമാനിച്ചിട്ടുണ്ടെന്നും ഗോർ പറഞ്ഞു.
ഇന്ത്യ പാക്സ് സിലിക്ക അലയൻസിൽ അംഗമായിരിക്കുമെന്നും ഗോർ അറിയിച്ചു. പാക്സ് സിലിക്ക രാജ്യങ്ങളുടെ ഗ്രൂപ്പിൽ ഒരു പൂർണ്ണഅംഗമായി ഇന്ത്യയെ ക്ഷണിക്കുമെന്നതിൽ താൻസന്തുഷ്ടനാണെന്നും അദ്ദേഹം സൂചിപ്പിച്ചു. യുഎസിന്റെ നേതൃത്വത്തിലുള്ള തന്ത്രപ്രധാന സംരംഭമാണ് പാക്സ് സിലിക്ക അലയൻസ്. സുരക്ഷിതവും പ്രതിരോധശേഷിയുള്ളതും നൂതനമായതുമായ ഒരു സിലിക്കൺ വിതരണ ശൃംഖല നിർമ്മിക്കാനാണ് പാക്സ് സിലക്ക അലയൻസ് ലക്ഷ്യമിടുന്നത്.
Content Highlights: US Ambassador highlights strong India-US ties, upcoming trade talks, and President Trump`s potential visit. Discusses strategic partnership and Pax SIllica Alliance.