ഇറാനിൽ വീണ്ടും യുഎസ് ആക്രമണം; ഐആർജിസി ബോട്ടുകളും മിസൈൽ വിക്ഷേപണ കേന്ദ്രവും തകർത്തു

വാഷിംഗ്ടൺ/ടെഹ്റാൻ: വെടിനിർത്തൽ നിലനിൽക്കുന്നതിനിടെ ദക്ഷിണ ഇറാനിൽ യുഎസ് സൈന്യം ആക്രമണം നടത്തി. ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ച ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോറിന്റെ ബോട്ടുകളും ഒരു മിസൈൽ വിക്ഷേപണ കേന്ദ്രവുമാണ് യുഎസ് ലക്ഷ്യമിട്ടത്. അമേരിക്കൻ സൈനികർക്കെതിരെയുള്ള ഭീഷണി തടയാനും തങ്ങളുടെ സൈനികരെ സംരക്ഷിക്കാനുമാണ് ഈ നീക്കമെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. ഹോർമുസ് കടലിടുക്കിൽ മൈനുകൾ വിരിക്കാൻ ശ്രമിച്ച രണ്ട് ഐആർജിസി ബോട്ടുകളും അമേരിക്കൻ യുദ്ധവിമാനങ്ങളെ ലക്ഷ്യം വെച്ച ബന്ദർ അബ്ബാസിലെ മിസൈൽ കേന്ദ്രവുമാണ് തകർത്തത്.
അതേസമയം ഈ ആക്രമണം നിലവിലുള്ള വെടിനിർത്തൽ കരാറിന്റെ ലംഘനമോ അതിന്റെ അവസാനമോ അല്ലെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആക്രമണം പരിമിതമായ തോതിൽ മാത്രമുള്ളതാണെന്നും ഇത് തുടരാൻ ഉദ്ദേശിക്കുന്നില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. ആക്രമണത്തെത്തുടർന്ന് ബന്ദർ അബ്ബാസ്, സിറിക്, ജാസ്‌ക് എന്നിവിടങ്ങളിൽ വലിയ സ്‌ഫോടനങ്ങൾ ഉണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറാൻ തങ്ങളുടെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ഒന്നുകിൽ അമേരിക്കയ്ക്ക് കൈമാറണം അല്ലെങ്കിൽ അന്താരാഷ്ട്ര മേൽനോട്ടത്തിൽ നശിപ്പിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ സൈനിക നടപടി. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും കൂടുതൽ ആക്രമണങ്ങൾ ആസൂത്രണം ചെയ്തിട്ടില്ലെന്നും യുഎസ് അറിയിച്ചിട്ടുണ്ട്. ഇടക്കാലത്ത് ശാന്തമായിരുന്ന അന്തരീക്ഷം വീണ്ടും വഷളാകാനാണ് സാധ്യത. അമേരിക്കൻ ആക്രമണങ്ങൾക്ക് ഇറാൻ ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല. മേഖലയിൽ വീണ്ടും പ്രത്യാക്രമണങ്ങൾക്ക് ഇറാൻ മുതിരുമോയെന്ന് തുടർ മണിക്കൂറുകളിൽ മാത്രമേ വ്യക്തമാകു.
Content Highlights: US forces launch a targeted strike on Iranian IRGC boats and a missile site in Bandar Abbas. Get the latest updates on CENTCOM's move and Trump's nuclear demands.