തോക്കും വ്യാജരേഖകളും കണ്ടെടുത്തു; ബ്രയാന്‍ തോംസന്റെ കൊലപാതകിയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ യുണൈറ്റഡ് ഹെല്‍ത്ത് കെയര്‍ സി.ഇ.ഒ. ബ്രയാന്‍ തോംസന്റെ കൊലയാളിയെ പിടികൂടിയതായി വിവരം. പെന്‍സില്‍വാനിയയിലെ ആള്‍ട്ടുഡയില്‍ നിന്ന് തിങ്കളാഴ്ചയാണ് ലൂയിജി മാഞ്ചിയോണ്‍ (26) എന്ന യുവാവിനെ പോലീസ് അറസ്റ്റുചെയ്തത്. ഇയാളുടെ പക്കല്‍ നിന്നും തോക്കും വ്യാജരേഖകളും കണ്ടെടുത്തതായി ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ടുമെന്റ് കമ്മീഷണര്‍ ജെസിക്ക ടിഷ് അറിയിച്ചു. ബ്രയാന്‍ കൊല്ലപ്പെട്ടതിന് ആറുദിവസങ്ങള്‍ക്കിപ്പുറമാണ് കൊലപാതകി എന്ന് സംശയിക്കുന്നയാള്‍ പിടിയിലായിരിക്കുന്നത്.
ന്യൂയോര്‍ക്ക് നഗരത്തില്‍ നിന്നും ഏകദേശം 300 മൈല്‍ അകലെ പെന്‍സില്‍വാനിയയില്‍ സ്ഥിതി ചെയ്യുന്ന ആല്‍ട്യൂണ എന്ന സ്ഥലത്തുവെച്ചാണ് പോലീസ് ലൂയിജിയെ കസ്റ്റഡിയിലെടുത്തത്. മക്‌ഡൊണല്‍സില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന ലൂയിജിയെ തിരിച്ചറിഞ്ഞ റസ്‌റ്റൊറന്റ് ജീവനക്കാരനാണ് പോലീസില്‍ വിവരം അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി ചോദ്യം ചെയ്തപ്പോള്‍ ലൂയിജി തിരിച്ചറിയല്‍ രേഖയായി നല്‍കിയത് ഒരു വ്യാജ ന്യൂജേഴ്‌സി ഡ്രൈവിങ് ലൈസന്‍സ് ആയിരുന്നു.
സംശയം തോന്നിയ പോലീസ് കൂടുതല്‍ പരിശോധന നടത്തിയതോടെയാണ് കൊലപാതകത്തിന് ഉപയോഗിച്ചതായി സംശയിക്കപ്പെടുന്ന തോക്കും ഇയാളില്‍ നിന്ന് കണ്ടെടുത്തത്. ഇതുകൂടാതെ, മൂന്ന് പേജുള്ള ഒരു കുറിപ്പും പോലീസിന് ലഭിച്ചു. കോര്‍പ്പറേറ്റ് മേഖലയ്‌ക്കെതിരെയും ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കെതിരെയും നിരവധി പരാമര്‍ശങ്ങളുള്ള മാനിഫെസ്റ്റോകളായിരുന്നു ഇത്. ഇതിനെക്കുറിച്ച് കൂടുതല്‍ ചോദിച്ചതോടെ ലൂജിയി അസ്വസ്ഥനായതായി പോലീസ് പറയുന്നു.
Read More: അമേരിക്കയില്‍ ഇന്‍ഷുറന്‍സ് കമ്പനി മേധാവിയെ വെടിവെച്ചു കൊന്നു, കാരണം ക്ലെയിം നിഷേധിച്ചതോ?
പെന്‍സില്‍വാനിയ പോലീസ് കസ്റ്റഡിയിലെടുത്ത ലൂയിജിയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കി. അനധികൃതമായി തോക്ക് കൈവശം വെച്ചതിനടക്കം അഞ്ചുകുറ്റങ്ങളാണ് ഇപ്പോള്‍ ചുമത്തിയിട്ടുള്ളത്. വൈകാതെ ന്യൂയോര്‍ക്ക് പോലീസിന് കൈമാറും. ലൂയിജിയെ ന്യൂയോര്‍ക്കില്‍ എത്തിച്ച് ചോദ്യം ചെയ്ത ശേഷമേ ബ്രയാന്‍ തോംസണ്‍ വധക്കേസുമായി ബന്ധപ്പെടുത്തിയുള്ള അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂ എന്നാണ് വിവരം. സാന്‍ഫ്രാന്‍സിസ്‌കോയില്‍ കുടുംബവേരുകളുള്ള ലൂയിജി ജനിച്ചതും വളര്‍ന്നതും മേരിലാന്‍ഡിലാണ്.
പെന്‍സിന്‍വാനിയയിലെ ഐവി ലീഗ് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ലൂയിജി ഹവായിയിലാണ് താമസിച്ചിരുന്നത്. ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ടുമെന്റ് പ്രതിക്കായി വ്യാപകമായ തിരച്ചില്‍ നടത്തിവരികയായിരുന്നു. അറുപതിനായിരത്തിലധികം നിരീക്ഷണ ക്യാമറകളില്‍ നിന്നെടുത്ത ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു.
Content Highlights: united health care ceo brian thompson killer arrested in pennsylvania