‘ബഗ്‌രാം വ്യോമതാവളം അമേരിക്കയ്ക്ക് കൊടുക്കാനാകില്ല’; അഫ്ഗാനിസ്താന് അനുകൂല നിലപാടുമായി ഇന്ത്യ

ഡോണാൾഡ് ട്രംപ്| Photo: AFP
ഡോണാൾഡ് ട്രംപ്| Photo: AFP

ന്യൂഡല്‍ഹി: അഫ്ഗാനിസ്താനിലെ ബഗ്‌രാം വ്യോമതാവള വിഷയത്തില്‍ അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ച് ഇന്ത്യ. ബഗ്‌രാം വ്യോമതാവളത്തിന്റെ നിയന്ത്രണം തിരികെ വേണമെന്ന ആവശ്യവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മോസ്‌കോയില്‍ നടന്ന ഏഴാമത് മോസ്‌കോ ഫോര്‍മാറ്റ് കണ്‍സള്‍ട്ടേഷന്‍സ് ഓണ്‍ അഫ്ഗാനിസ്താന്‍ യോഗത്തിൽ അഫ്ഗാനിസ്താന്‍, റഷ്യ, ചൈന, ഇറാന്‍, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം വിഷയത്തിലുള്ള എതിര്‍പ്പ് ഇന്ത്യ പ്രകടിപ്പിച്ചത്. 

അഫ്ഗാനിസ്താനിലെ വിദേശ സൈന്യത്തിന്റെ സാന്നിധ്യം അംഗീകരിക്കാനാകില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത രാജ്യങ്ങള്‍ നിലപാട് കൈക്കൊണ്ടു. അഫ്ഗാനിസ്താന്‍, ഇന്ത്യ, ഇറാന്‍, കസാഖ്‌സ്താന്‍, ചൈന, കിര്‍ഗിസ്താന്‍, പാകിസ്താന്‍, റഷ്യ, തജികിസ്താന്‍, ഉസ്‌ബെക്കിസ്താന്‍ എന്നീ രാജ്യങ്ങളിലെ പ്രത്യേകപ്രതിനിധികളും ഉന്നതോദ്യോഗസ്ഥരുമാണ് യോഗത്തില്‍ പങ്കെടുത്തത്. പ്രാദേശിക സമാധാനത്തെയും സ്ഥിരതയേയും ബാധിക്കുമെന്നതിനാല്‍, അഫ്ഗാനിസ്താനിലും സമീപരാജ്യങ്ങളിലും സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ വിന്യസിക്കാനുള്ള രാജ്യങ്ങളുടെ ശ്രമങ്ങളെ അംഗീകരിക്കാനാകില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത രാജ്യങ്ങള്‍ സംയുക്ത പ്രസ്താവന പുറത്തിറക്കി. ബഗ്‌രാം എന്ന് പറഞ്ഞില്ലെങ്കിലും ഇത് ട്രംപിന്റെ ആവശ്യത്തിനുള്ള മറുപടിയായാണ് കണക്കാക്കുന്നത്.

അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടത്തിലെ വിദേശകാര്യമന്ത്രി അമീര്‍ മുത്താക്കി നയിച്ച പ്രതിനിധിസംഘവും യോഗത്തില്‍ പൂര്‍ണസമയ അംഗമായി ആദ്യമായി പങ്കെടുത്തു. ബഗ്‌രാം വ്യോമതാവളം തിരിച്ചുനല്‍കണമെന്ന ആവശ്യം സെപ്റ്റംബര്‍ മാസത്തിലാണ് ട്രംപ് മുന്നോട്ടുവെച്ചത്. അല്ലാത്തപക്ഷം പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ട്രംപ് പറഞ്ഞിരുന്നു. 2017-ല്‍ നിലവില്‍വന്ന നയതന്ത്ര സംവിധാനമാണ് ദ മോസ്‌കോ ഫോര്‍മാറ്റ് കണ്‍സള്‍ട്ടേഷന്‍സ് ഓണ്‍ അഫ്ഗാനിസ്താന്‍. ബഹുമുഖസഹകരണത്തിലൂടെ അഫ്ഗാനിസ്താനില്‍ സമാധാനം, സ്ഥിരത, വികസനം എന്നിവ സാധ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

Content Highlights: unacceptable india sides with afghanistan over bagram airbase issue