റഷ്യന്‍ വ്യോമതാവളത്തില്‍ വന്‍ ഡ്രോണാക്രമണം; 40 യുദ്ധവിമാനങ്ങള്‍ തകര്‍ത്തതായി യുക്രൈന്‍

യുക്രൈന്‍ നടത്തിയ ഡ്രോണാക്രമണത്തിന്റെ ദൃശ്യങ്ങള്‍ | X.com/@RT_com
യുക്രൈന്‍ നടത്തിയ ഡ്രോണാക്രമണത്തിന്റെ ദൃശ്യങ്ങള്‍ | X.com/@RT_com

മോസ്‌ക്കോ: റഷ്യന്‍ വ്യോമതാവളങ്ങള്‍ക്കുനേരെ യുക്രൈന്റെ ഡ്രോണാക്രമണം. ഒലെന്യ, ബെലായ വ്യോമതാവളങ്ങളില്‍ യുക്രൈന്‍ കടുത്ത ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. നാല്‍പ്പതോളം റഷ്യന്‍ യുദ്ധവിമാനങ്ങളെ ആക്രമിച്ചതായി യുക്രൈന്‍ അവകാശപ്പെട്ടു. ഞായറാഴ്ച യുക്രൈനിലെ സൈനിക പരിശീലനകേന്ദ്രത്തില്‍ റഷ്യ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് യുക്രൈന്‍ ഡ്രോണാക്രമണം നടത്തുന്നത്. റഷ്യയുടെ ആക്രമണത്തില്‍ 12 പേര്‍ മരിക്കുകയും അറുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

നാല്‍പ്പതോളം റഷ്യന്‍ യുദ്ധവിമാനങ്ങളെ യുക്രൈന്‍ ആക്രമിച്ചതായാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. യുക്രൈനിലേക്ക് ദീര്‍ഘദൂര മിസൈലുകള്‍ തൊടുക്കാന്‍ വിന്യസിച്ചിട്ടുള്ള ടിയു-95, ടിയു-22 സ്ട്രാറ്റെജിക് ബോംബറുകളടക്കം ആക്രമിച്ചതായാണ് യുക്രൈന്‍ സുരക്ഷാ ഏജന്‍സികള്‍ അവകാശപ്പെടുന്നത്. 

അതേസമയം യുക്രൈന്റെ ഡ്രോണാക്രമണം റഷ്യയിലെ ഗവര്‍ണര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഒലെന്യ വ്യോമതാവളത്തിന് സമീപം സ്‌ഫോടനശബ്ദങ്ങള്‍ കേട്ടതായും കനത്ത പുക ഉയരുന്നതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. റഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യോമതാവളങ്ങളിലൊന്നാണ് ഒലെന്യയിലേത്. ബെലായ വ്യോമതാവളവും ആക്രമിക്കപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. റഷ്യക്കുനേരെ യുക്രൈന്‍ നടത്തുന്ന ഏറ്റവും വലിയ ഡ്രോണാക്രമണങ്ങളിലൊന്നാണിത്.

Content Highlights: Ukraine launches massive drone attack targeting Russian airbases military aircraft