സെലന്‍സ്‌കിയുടെ 'ഓപ്പറേഷന്‍ ചിലന്തിവല'യും റഷ്യയുടെ 'പേള്‍ ഹാര്‍ബര്‍' നിമിഷവും

ജൂണ്‍ ഒന്നിന് വമ്പന്‍ ഡ്രോൺ ആക്രമണത്തിലൂടെ യുക്രൈന്‍ നാല്‍പ്പതോളം റഷ്യന്‍ പോര്‍വിമാനങ്ങള്‍ കത്തിച്ചാമ്പലാക്കിയെന്ന് വാര്‍ത്തകള്‍. മണിക്കൂറുകള്‍ക്കകം റഷ്യയുടെ ചുട്ട മറുപടി, ഡ്രോണ്‍ പട ഉപയോഗിച്ചു തന്നെ. ഇസ്താംബൂളിലെ സമാധാനചര്‍ച്ചയ്ക്ക് മുമ്പ് നടന്ന ആക്രമണ പ്രത്യാക്രമണങ്ങള്‍ മൂന്നു വര്‍ഷത്തിലധികമായി തുടരുന്ന യുദ്ധത്തെ സമാധാനത്തില്‍നിന്നു കൂടുതല്‍ ദൂരേക്കു നീക്കുകയാണോ എന്നു സംശയിക്കണം. തിങ്കളാഴ്ച നടന്ന ചര്‍ച്ചയില്‍ ഇരുകൂട്ടരും കടുത്ത നിലപാടുകളില്‍ ഉറച്ചുനിന്നു.
എന്തായാലും യുക്രൈന്റെ ആക്രമണം റഷ്യയെ മാത്രമല്ല, ലോകത്തെയും ഞെട്ടിച്ചു. റഷ്യയിലെ പ്രധാനപ്പെട്ട അഞ്ചു വ്യോമത്താവളങ്ങളെ ലക്ഷ്യം വെച്ചായിരുന്നു ഡ്രോണ്‍ ആക്രമണം - ബെലായ, ഡ്യാജിലേവോ, ഇവാനോവോ സെനെമി, ഒലെന്യ, യുക്രൈയിന്‍ക എന്നിവയെ. സൈബീരിയ അടക്കമുള്ള വ്യത്യസ്ത മേഖലകളിലുള്ള താവളങ്ങളില്‍ റഷ്യയുടെ ദീര്‍ഘദൂര വ്യോമായുധങ്ങള്‍ക്കു വേണ്ടുന്ന സജ്ജീകരണങ്ങള്‍ ഉണ്ടായിരുന്നു. ട്രക്കുകളില്‍ ഒളിപ്പിച്ച കാര്‍ഗോ കണ്ടെയ്‌നറുകളില്‍ രഹസ്യമായി റഷ്യയിലെത്തിച്ച ശേഷം പിന്നീട് റിമോട്ട് ഉപയോഗിച്ച് വിക്ഷേപിക്കുകയായിരുന്നു.
നശിപ്പിക്കപ്പെട്ട വിമാനങ്ങളില്‍ ഏവാക്സ് വിമാനവും ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുണ്ടെന്നു കരുതുന്ന ടി.യു 95, ടി.യു 22 എം3 തുടങ്ങിയവയും പെടുമെന്ന് യുക്രൈന്റെ സെക്യൂരിറ്റി സര്‍വീസ് (എസ്.ബി.യു) അവകാശപ്പെടുന്നു. റഷ്യയുടെ നിര്‍ണായകമായ ക്രൂസ് മിസൈല്‍ കാരിയറുകളുടെ 34 ശതമാനവും തകര്‍ത്തുവെന്നും ഏതാണ്ട് 7 ബില്യണ്‍ ഡോളറിന്റെ സൈനിക സജ്ജീകരണങ്ങള്‍ നഷ്ടമാക്കി എന്നും അവര്‍ പറയുന്നു.
പ്രതീക്ഷിക്കാവുന്നതു പോലെ, റഷ്യയുടെ സൈനിക മന്ത്രാലയം ആക്രമണത്തെ നിസ്സാരവല്‍ക്കരിച്ചു. രണ്ടു വ്യോമത്താവളങ്ങളെ മാത്രമേ ബാധിച്ചുള്ളൂ, ബാക്കിയുള്ള ആക്രമണങ്ങളെ ചെറുക്കാനായി എന്ന് അവര്‍ അവകാശപ്പെട്ടു. ഒരു കാര്യം വ്യക്തമാണ്- മനഃശാസ്ത്രപരവും വിവര വിനിമയപരവുമായ യുദ്ധത്തില്‍ യുക്രൈനാണ് ജയിച്ചു നില്‍ക്കുന്നത്.
സെലന്‍സ്‌കിയുടെ തുറുപ്പുഗുലാന്‍
കഴിഞ്ഞ മാര്‍ച്ചില്‍ വൈറ്റ്ഹൗസില്‍ വെച്ച് അമേരിക്കന്‍ പ്രസിഡണ്ട് ട്രംപ് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയെ അപമാനിച്ചയച്ചത് ആരും മറക്കാനിടയില്ല. തങ്ങള്‍ നല്‍കുന്ന സഹായത്തിന് യുക്രൈന് നന്ദിയില്ലെന്നു ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും പറഞ്ഞു. 'നിങ്ങളുടെ കയ്യില്‍ കാര്‍ഡുകള്‍ ഒന്നുമില്ല. ഞങ്ങള്‍ ഒപ്പമുണ്ടെങ്കിലേ നിങ്ങളുടെ കയ്യില്‍ കാര്‍ഡ് ഉണ്ടാവൂ' എന്ന് ട്രംപ് അപമാനിച്ചു വിട്ടിട്ട് മാസം രണ്ടു കഴിഞ്ഞ ശേഷമാണ് ഈ ആക്രമണം. അസാമാന്യമായ ധൈര്യവും സാഹസികതയും ചേര്‍ന്ന 'ഓപ്പറേഷന്‍ സ്പൈഡര്‍ വെബ്' റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധത്തിലെ ശക്തി സമവാക്യത്തെ അട്ടിമറിക്കുന്നതിന് തൊട്ടടുത്തെത്തി. സെലന്‍സ്‌കി എക്സില്‍ ഇങ്ങനെ കുറിച്ചു:
'... തീര്‍ത്തും ഉജ്ജ്വലമായ വിജയം. യുക്രൈന്‍ ഒറ്റയ്ക്കു നേടിയ വിജയം. ഒരു വര്‍ഷവും ആറുമാസവും ഒമ്പത് ദിവസവും കൊണ്ട് ആസൂത്രണം ചെയ്തു ഫലപ്രദമായി നടപ്പാക്കിയ നമ്മുടെ ഏറ്റവും ദീര്‍ഘമായ ഈ ഓപ്പറേഷനില്‍ പങ്കാളികളായവരെ കൃത്യസമയത്ത് തന്നെ റഷ്യന്‍ മേഖലകളില്‍നിന്നു പിന്‍വലിച്ചു... ഈ ഓപ്പറേഷന്റെ വെളിവാക്കാവുന്നത്ര വിശദാംശങ്ങളും ഫലങ്ങളും പൊതുജനത്തെ അറിയിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ നിമിഷം എല്ലാ കാര്യങ്ങളും വെളിപ്പെടുത്താന്‍ ആവുകയില്ലെന്നത് ശരിയാണ്. പക്ഷേ, ചരിത്രപുസ്തകത്തില്‍ തീര്‍ച്ചയായും സ്ഥാനം പിടിക്കുന്ന കാര്യങ്ങളാണ് നടന്നത്. യുക്രൈന്‍ സ്വയം പ്രതിരോധിക്കുകയാണ്. അങ്ങനെയാണ് വേണ്ടതും. ഈ യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യക്ക് തോന്നാന്‍ വേണ്ടുന്നത് എല്ലാം ഞങ്ങള്‍ ചെയ്യുന്നുണ്ട്. റഷ്യയാണ് ഈ യുദ്ധം ആരംഭിച്ചത്, അവര്‍ തന്നെയാണ് അത് അവസാനിപ്പിക്കേണ്ടതും. യുക്രൈന്‍ വിജയിക്കട്ടെ.'
വിജയം ഒറ്റയ്ക്ക് നേടിയതാണ് എന്ന വാചകം ശ്രദ്ധിക്കുക. അത് അമേരിക്കയെ, ട്രംപിനെ മാത്രം ഉദ്ദേശിച്ചാണ്! അമേരിക്കന്‍ സഹായമില്ലെങ്കില്‍ റഷ്യക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനാവില്ല എന്ന അപമാനത്തിനുള്ള മറുപടി. റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുതിനെ വിറപ്പിച്ച യുക്രൈന്റെ ഡ്രോണ്‍ ആക്രമണത്തിന് ശേഷം ബിസിനസ് യുക്രൈന്‍ മാഗസിന്റെ 'എക്സി'ലെ പോസ്റ്റ് ഇങ്ങനെ: യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി + കിംഗ് ഓഫ് ഡ്രോണ്‍സ്. ആരുടെ കൈയിലാണ് ഇപ്പോള്‍ കാര്‍ഡില്ലാത്തത് എന്ന ചോദ്യത്തോടൊപ്പം ഉടവാളേന്തിയ രാജാവായി സെലന്‍സ്‌കിയെ ചിത്രീകരിച്ച ഗുലാന്‍ കാര്‍ഡുമുണ്ട്.
കീബോര്‍ഡ് പോരാളികളും ഡ്രോണ്‍ യുദ്ധവും
മെയ് മാസം ആദ്യം നടന്ന ഓപ്പറേഷന്‍ സിന്ദൂറില്‍ നാം കണ്ടു, ഡ്രോണുകളുടെ വന്‍തോതിലെ ഉപയോഗം. മെയ് ഏഴിന് ഭീകരകേന്ദ്രങ്ങളെ തകര്‍ത്തതിനു പകരമായി പാകിസ്താന്‍ ഇന്ത്യയുടെ 26 കേന്ദ്രങ്ങളില്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തുകയായിരുന്നു. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്ക് അവയെ ഫലപ്രദമായി ചെറുക്കാനായി. തുര്‍ക്കി നിര്‍മ്മിത ഡ്രോണുകള്‍ പറ്റമായാണ് ഇന്ത്യയെ ലക്ഷ്യംവെച്ച് പറന്നെത്തിയത്. തുടര്‍ന്ന് ഇന്ത്യയുടെ അതിശക്തമായ തിരിച്ചടിയുണ്ടായി.
അവരുടെ പതിനൊന്ന് വ്യോമസേനാ താവളങ്ങളില്‍ ഇന്ത്യ ബോംബിട്ടു, കനത്ത നാശനഷ്ടം വരുത്തി. പിന്നാലെ മെയ് പത്തിന് വെടിനിര്‍ത്തലുണ്ടായി. കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് ഇലോണ്‍ മസ്‌ക് എന്തിനാണ് പൈലറ്റുള്ള പോര്‍വിമാനങ്ങള്‍, ആളില്ലാവിമാനങ്ങള്‍ മതിയാവുമെന്ന് പറഞ്ഞത് ഇത്ര പെട്ടെന്ന് യാഥാര്‍ത്ഥ്യമാവുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല. കീബോര്‍ഡ് യോദ്ധാക്കളുടെ കാലമായിരിക്കുന്നു!
സത്യത്തില്‍ റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ കുറച്ചുനാളായി ഡ്രോണ്‍ പോരാട്ടമാരംഭിച്ചിട്ട്. പ്രത്യേകിച്ച് യുക്രൈന്‍. ചെലവേറിയ പാശ്ചാത്യ ഡ്രോണുകള്‍ക്കു പകരം വില കുറഞ്ഞതും എന്നാല്‍ കൂടുതല്‍ ഫലപ്രദവുമായ ഡ്രോണുകള്‍ നിര്‍മിക്കാന്‍ അവര്‍ക്കായി. അവയില്‍ ചിലത് മോസ്‌കോയില്‍ വരെ സാന്നിദ്ധ്യമറിയിച്ചിരുന്നു. റഷ്യയും ഡ്രോണ്‍ ഉപയോഗത്തില്‍ പിന്നിലല്ല. ഇക്കാര്യത്തില്‍ അവര്‍ സഖ്യരാജ്യമായ ഇറാന്റെ സഹായം സ്വീകരിക്കുന്നുണ്ട്.
കഴിഞ്ഞ മെയ് 25-ന് 367 ഡ്രോണുകളും മിസൈലുകളും ഒരുമിച്ച് യുക്രൈനെ ആക്രമിച്ചത് ഉദാഹരണം. അതുവരെ അവര്‍ നടത്തിയ ഏറ്റവും വലിയ ആക്രമണമായിരുന്നു അത്. 13 മേഖലകളെ ലക്ഷ്യംവച്ച് നടത്തിയ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണം സെലന്‍സ്‌കിയെ പ്രകോപിപ്പിച്ചു. സംഭവത്തില്‍ മൗനം പാലിച്ചതിന് അദ്ദേഹം അമേരിക്കയെ പരസ്യമായി വിമര്‍ശിച്ചു. തുടര്‍ന്നാണ് പുതിന് മുഴുവട്ടാണ് എന്ന പരാമര്‍ശം ട്രംപ് നടത്തിയത്. അതേസമയം, സെലന്‍സ്‌കിയുടെ കൈയില്‍ കാര്‍ഡൊന്നുമില്ല എന്ന ആക്ഷേപം ആവര്‍ത്തിക്കുകയും ചെയ്തു.
പുതിനും അമേരിക്കയ്ക്കും നല്‍കാവുന്ന ഏറ്റവും നല്ല തിരിച്ചടിയാണ് ഓപ്പറേഷന്‍ സ്പൈഡര്‍ വെബിലൂടെ യുക്രൈന്‍ നല്‍കിയത്. അമേരിക്കയെ മുന്‍കൂട്ടി അറിയിക്കാതെ ആയിരുന്നു ആക്രമണമെന്ന് കരുതപ്പെടുന്നു. യുക്രൈനില്‍നിന്ന് 2,900 മൈല്‍ അകലെ, കിഴക്കന്‍ സൈബീരിയയിലെ റഷ്യന്‍ താവളത്തില്‍ പോലും നാശം വിതച്ചെന്ന് സി.ബി.യു. അവകാശപ്പെട്ടു.
'പേള്‍ ഹാര്‍ബര്‍ നിമിഷ'വും സമാധാന സാധ്യതകളും
ആക്രമണത്തില്‍ റഷ്യക്ക് ഗണ്യമായ നാശനഷ്ടമുണ്ടായി എന്നത് സത്യമാണ്. എന്നുവെച്ച് ബോംബര്‍ വിമാനങ്ങളുടെയും മിസൈലുകളുടെയും വമ്പന്‍ ശേഖരം ഇപ്പോഴും സ്വന്തമായുള്ള റഷ്യക്ക് പതിവുപോലെ ആക്രമണങ്ങള്‍ തുടരാനാവും. യുക്രൈന്‍ ആക്രമണത്തിനു തൊട്ടുപിന്നാലെ നടത്തിയ വമ്പന്‍ ആക്രമണം ഉദാഹരണം. ഈ ആക്രമണത്തില്‍ പങ്കെടുത്തത് 472 ഡ്രോണും ഏഴു മിസൈലുകളുമാണ്. ഒരു സൈനികപരിശീലന കേന്ദ്രത്തില്‍ നടന്ന ആക്രമണത്തില്‍ പത്തു യുക്രൈന്‍ സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരിക്കേറ്റു. സപോറിഷ്യയ്ക്കടുത്തു നടന്ന ആക്രമണത്തില്‍ അഞ്ചു സാധാരണക്കാരും കൊല്ലപ്പെട്ടു.
ഇനി ഇത്തരം ആക്രമണങ്ങള്‍ കൂടാം. റഷ്യയില്‍ ദേശീയവികാരം ആളിക്കത്തുന്ന സമയമാണിത്, കനത്ത പ്രത്യാക്രമണത്തിന് ജനങ്ങള്‍ ആഹ്വാനം ചെയ്യുന്ന കാലം. റഷ്യയുടെ പേള്‍ ഹാര്‍ബര്‍ നിമിഷമാണ് നടന്നതെന്ന് അവര്‍ പറയുന്നു. (1941 ഡിസംബര്‍ ഏഴിന് ജപ്പാന്‍ അമേരിക്കയിലെ പേള്‍ ഹാര്‍ബറില്‍ ബോംബിട്ടു. കനത്ത നാശനഷ്ടം, ജീവഹാനി. പിറ്റേന്ന് അമേരിക്ക രണ്ടാം ലോകയുദ്ധത്തില്‍ പങ്കു ചേര്‍ന്നു.) യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കീവ് പിടിച്ചെടുക്കാനുദ്ദേശിച്ച് സുമി മേഖലയില്‍ അമ്പതിനായിരം സൈനികരെ റഷ്യ വിന്യസിച്ചതായി വാര്‍ത്തയുണ്ട്. കൂടുതല്‍ ശക്തമായ തിരിച്ചടികള്‍ യുക്രൈനും ഭയക്കുന്നുണ്ട്.
വാശിയില്‍ പിന്നോട്ടില്ലെങ്കിലും റഷ്യയും യുക്രൈനും എങ്ങനെയും യുദ്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്ന കാലമാണ്. യുക്രൈനിലെ നാശനഷ്ടങ്ങള്‍ പറഞ്ഞാല്‍ തീരില്ല. പട്ടാളത്തില്‍ ചേരാന്‍ യുവാക്കളെ കിട്ടാത്തതിനാല്‍ കൗമാരക്കാരെ ഓടിച്ചിട്ടു പിടിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. റഷ്യയാകട്ടെ, ഉത്തരകൊറിയന്‍ പട്ടാളക്കാരെ കടമെടുക്കേണ്ട അവസ്ഥയിലായിട്ട് മാസങ്ങളായി. ദിവസം 1,500 റഷ്യക്കാര്‍ മരിക്കുന്നുണ്ടെന്നാണ് ഒരു കണക്ക്. സോവിയറ്റ് കാലത്തെ ടാങ്കുകള്‍ ഏതാണ്ട് പൂര്‍ണമായും നശിച്ചുകഴിഞ്ഞു. വലിയൊരു യുദ്ധം ഇപ്പോഴും റഷ്യക്ക് ചെയ്യാനാകുമെങ്കിലും ചെലവ് വളരെ കൂടുതലാണ്. യുദ്ധം കൂടുതല്‍ വഷളാക്കാതെ പിടിച്ചെടുത്ത ഭൂഭാഗങ്ങള്‍ നിലനിര്‍ത്താനും തന്ത്രപരമായ നേട്ടങ്ങള്‍ സ്വന്തമാക്കാനും റഷ്യ താല്പര്യപ്പെടുന്നു. പക്ഷേ, പരമാധികാരത്തിന് കോട്ടമേല്‍പ്പിക്കുന്ന നിബന്ധനകള്‍ക്ക് സെലന്‍സ്‌കി വഴങ്ങാനിടയില്ല.
അമേരിക്ക യുക്രൈന് സൈനികസഹായം നല്‍കുന്നുണ്ട്, മിസൈലുകളെ പ്രതിരോധിക്കുന്ന പേട്രിയറ്റ് ഇന്റര്‍ സെപ്ടര്‍ അടക്കം. എങ്കിലും ട്രംപിന്റെ പ്രഖ്യാപനങ്ങള്‍ നോക്കിയാല്‍ അദ്ദേഹം യുദ്ധം വഷളാകുന്നതിന് അനുകൂലമല്ലെന്നത് വ്യക്തമാണ്. പുതിനും സെലന്‍സ്‌കിയുമായി സമാധാനത്തെക്കുറിച്ച് സംസാരിക്കാന്‍ അദ്ദേഹം ഉദ്ദേശിക്കുന്നു. യുക്രൈനെ ശക്തിയായി പിന്തുണയ്ക്കുന്ന യൂറോപ്പ് റഷ്യയ്ക്ക് കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിക്കുകയാണ്. യുദ്ധം വ്യാപിക്കുന്നതിന് നാറ്റോയെ കുറ്റപ്പെടുത്തുന്നതടക്കമുള്ള റഷ്യന്‍ വാദങ്ങള്‍ അംഗീകരിക്കാന്‍ ട്രംപ് ഒരുക്കമാണെന്ന് സൂചനയുണ്ട്.
പക്ഷേ, തിങ്കളാഴ്ച നടന്ന രണ്ടാംവട്ട സമാധാനചര്‍ച്ചയെ തലേന്നത്തെ ആക്രമണ, പ്രത്യാക്രമണങ്ങള്‍ ബാധിച്ചുവെന്നു വേണം കരുതാന്‍. യുക്രൈന്‍ പ്രതിരോധമന്ത്രി രുസ്തം ഉമെറോവും റഷ്യയുടെ വ്ലാദിമിര്‍ മെഡിന്‍സ്‌കിയുമാണ് അതതു പ്രതിനിധി സംഘങ്ങളെ നയിച്ചത്. ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്ക് മടിച്ചു. 30 ദിവസത്തെ വെടിനിര്‍ത്തല്‍, തടവുകാരെയും തട്ടിക്കൊണ്ടുപോയ കുട്ടികളുടെയും വിട്ടുകിട്ടല്‍, നഷ്ടപരിഹാരം, ഭൂവിഭാഗങ്ങളെക്കുറിച്ചുള്ള ചര്‍ച്ച എന്നിവ യുക്രൈന്‍ ആവശ്യപ്പെട്ടു.
യുക്രൈന്റെ നിഷ്പക്ഷത, സൈന്യത്തിന്റെ വലിപ്പം കുറയ്ക്കല്‍, നാറ്റോ അംഗത്വ മോഹങ്ങള്‍ ഉപേക്ഷിക്കുക തുടങ്ങിയവയായിരുന്നു റഷ്യയുടെ ആവശ്യങ്ങള്‍. ഇതിനു വഴങ്ങുന്നത് വന്‍പരാജയമായി മാത്രമേ യുക്രൈനു കാണാനാവൂ. മെയ് 16-നു നടന്ന ആദ്യവട്ട സമാധാനചര്‍ച്ചയില്‍ ആയിരം തടവുകാരെ വീതം പരസ്പരം കൈമാറാന്‍ ഇരുരാജ്യങ്ങളും സമ്മതിച്ചിരുന്നു. തുര്‍ക്കിയുടെ മാധ്യസ്ഥത്തില്‍ നടന്ന ചര്‍ച്ചയിലെ ഏറ്റവും പ്രധാനഫലം തുടര്‍ചര്‍ച്ചയ്ക്ക് ഇരുകൂട്ടരും ഏറെക്കുറെ സമ്മതിച്ചിട്ടുണ്ട് എന്നതാണ്.
നിലവിലെ സ്ഥിതിഗതികള്‍ വെച്ചുനോക്കിയാല്‍ ഈ യുദ്ധം ലോകയുദ്ധമാകാനുള്ള സാധ്യത കുറവാണ്. ആഗോള യുദ്ധമാവണമെങ്കില്‍ അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ഇടപെടണം. ആണവായുധങ്ങളും മറ്റ് മാരകപ്രഹരശേഷിയുള്ള ആയുധങ്ങളും പ്രയോഗിക്കണം. ആണവ വാഹകശേഷിയുള്ള റഷ്യന്‍ വ്യോമത്താവളങ്ങളില്‍ ഡ്രോണ്‍ ആക്രമണം നടത്തിയത് പകരമായി അണുവായുധം പ്രയോഗിച്ചാല്‍ തെറ്റില്ലെന്ന് തീവ്രദേശീയവാദികള്‍ പറയുന്നുണ്ടെങ്കിലും അതുണ്ടാവില്ലെന്നു വേണം പ്രതീക്ഷിക്കാന്‍. കാരണം, യുക്രൈന്റെ ഡ്രോണ്‍ ആക്രമണത്തില്‍ നാറ്റോയോ അമേരിക്കന്‍ സൈന്യമോ ഉള്‍പ്പെട്ടിട്ടില്ല എന്നതാണ്.
Content Highlights: ukraine droke strike and russias reaction explained in malayalam