ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണം ഭീകരപ്രവർത്തനമെന്ന് യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ്; ഇന്ത്യൻ പൈലറ്റിന്റെ ധീരതയ്ക്ക് പ്രശംസ

#ന്യൂസ് ഡെസ്ക്
സൗദിയിലിറങ്ങിയ ഫ്‌ളൈദുബായ് വിമാനത്തിന്റെ ദൃശ്യം | Photo: x.com/vasishtanagalla
സൗദിയിലിറങ്ങിയ ഫ്‌ളൈദുബായ് വിമാനത്തിന്റെ ദൃശ്യം | Photo: x.com/vasishtanagalla

ന്യൂഡൽഹി: ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തിലുണ്ടായ ആക്രമണത്തെ ‘ഭീകരപ്രവർത്തനം’ എന്ന് വിശേഷിപ്പിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.ഇ.എ.)പ്രസിഡന്റിന്റെ ഉപദേഷ്ടാവ് അൻവർ ഗർഗാഷ്. സാമൂഹികമാധ്യമമായ എക്സിലെ കുറിപ്പിലാണ് അദ്ദേഹത്തിന്റെ പരാമർശം. ആകാശത്ത് അടിയന്തര സാഹചര്യം ഉണ്ടായപ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാർ കാണിച്ച ധീരമായ ഇടപെടലിനെയും കുറിപ്പിൽ അദ്ദേഹം പ്രശംസിച്ചു. സംഭവത്തെക്കുറിച്ചും ഇതിന് പിന്നിലെ ലക്ഷ്യത്തെക്കുറിച്ചുമുള്ള അന്വേഷണം അധികൃതർ തുടരുന്നതിനിടയിലാണ് ഈ പരാമർശം.

ഗുരുതരമായ ഭീകരവാദ പ്രവർത്തിയേയും വലിയൊരു ദുരന്തത്തെയും ധൈര്യപൂർവ്വം നേരിട്ട സ്മിത് മച്ചാർ എല്ലാവിധ അഭിനന്ദനങ്ങളും അർഹിക്കുന്നുവെന്ന് ഗർഗാഷ് പറഞ്ഞു. സംഭവത്തിനിടയിൽ ഇന്ത്യൻ പൈലറ്റ് ‘ധീരതയും ഉത്തരവാദിത്തബോധവും’ പ്രകടിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. അതീവ ദുഷ്കരമായ സാഹചര്യത്തിലും പ്രൊഫഷണലിസവും ധാർമ്മിക ബോധവും കൈവിടാതെ പ്രവർത്തിച്ച മച്ചാർ ഒരു ‘യഥാർത്ഥ ഹീറോ’ ആണെന്ന് എക്സിൽ പങ്കുവെച്ച കുറിപ്പിൽ ഗർഗാഷ് വിശേഷിപ്പിച്ചു.

ഈ സംഭവത്തെ വ്യാഖ്യാനിക്കുന്നതിൽനിന്നും ഗൂഢാലോചന സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കുന്നതിൽനിന്നും ആളുകൾ പിന്മാറണമെന്ന് ഗർഗാഷ് അഭ്യർത്ഥിച്ചു. സംഭവത്തിൽ ഔദ്യോഗിക അന്വേഷണം പുരോഗമിക്കവേ, യു.എ.ഇ.യിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ഈ ആക്രമണത്തെ പരസ്യമായി ‘ഭീകരപ്രവർത്തനം’ എന്ന് വിശേഷിപ്പിക്കുന്നത് ഇതാദ്യമായാണ്.

സെപ്റ്റംബർ 30-നാണ് ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈ ദുബായുടെ FZ1073 വിമാനത്തിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിമാനം പറന്നുകൊണ്ടിരിക്കെ, ഒമാനി സ്വദേശിയായ സഹപൈലറ്റ് വിമാനത്തിന്റെ ക്യാപ്റ്റനായ ഇന്ത്യൻ സ്വദേശി സ്മിത് മച്ചാറിനെ കോക്ക്പിറ്റിനുള്ളിൽ വെച്ച് തുടർച്ചയായി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് വിമാനം ആയിരക്കണക്കിന് അടി താഴേക്ക് പതിച്ചു. ഗുരുതരമായി പരിക്കേറ്റിട്ടും സ്മിത് മച്ചാർ കോക്ക്പിറ്റിന്റെ വാതിൽ തുറന്നതോടെ യാത്രക്കാരും ജീവനക്കാരും അകത്തുകയറുകയും ആക്രമിയെ കീഴടക്കുകയുമായിരുന്നു. തുടർന്ന് വഴിതിരിച്ചുവിട്ട വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ അടിയന്തരമായി ഇറക്കി.

സംഭവത്തിൽ ഔദ്യോഗിക അന്വേഷണം നടത്താൻ യു.എ.ഇ. നേരത്തെ ഉത്തരവിട്ടിരുന്നു. ആക്രമണത്തിന് പിന്നിലെ സാഹചര്യങ്ങളും ലക്ഷ്യവും അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. ഏതെങ്കിലും ഭീകരപ്രവർത്തനവുമായോ ലക്ഷ്യവുമായോ ഇതിന് ബന്ധമുണ്ടോ എന്നും, മുൻകൂട്ടിയുള്ള ആസൂത്രണമോ നിർദേശമോ ഇതിന് പിന്നിലുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. അന്വേഷണം തുടരുന്ന പശ്ചാത്തലത്തിൽ സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

Content Highlights: The UAE officially classified the Fly Dubai cockpit attack as a terrorist act while praising Indian captain Smith Machar for his heroic intervention.