ഒരേ എയര്‍സ്ട്രിപ്പ്, മണിക്കൂറുകളുടെ ഇടവേളയില്‍ റണ്‍വേയില്‍നിന്ന് തെന്നിമാറി രണ്ട് വിമാനങ്ങള്‍ |VIDEO

ഡൊഡോമ (ടാന്‍സാനിയയ): ഒരേ എയര്‍സ്ട്രിപ്പില്‍ ഒരേ ദിവസം മണിക്കൂറുകളുടെ ഇടവേളയില്‍ റണ്‍വേയില്‍നിന്ന് തെന്നിമാറി അപകടത്തില്‍പ്പെട്ടത് രണ്ട് വിമാനങ്ങള്‍. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയിലാണ് സംഭവം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് രണ്ട് അപകടങ്ങളും നടന്നത്. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനകം വൈറലായിട്ടുണ്ട്.
30 യാത്രക്കാരും മൂന്ന് ജീവനക്കാരുമായി സാന്‍സിബാറില്‍ നിന്ന് വന്ന യുണൈറ്റഡ് എയര്‍ സാന്‍സിബാറിന്റെ വിമാനമാണ് ആദ്യം തെന്നിമാറിയത്. കികൊബോഗ എയര്‍സ്ട്രിപ്പില്‍ ഇറങ്ങാന്‍ ശ്രമിക്കവെ പ്രധാന ലാന്‍ഡിങ് ഗിയര്‍ തകര്‍ന്നാണ് വിമാനം മൂക്കുകുത്തിയത്. റണ്‍വേയില്‍ നിന്ന് തെന്നിനീങ്ങിയ വിമാനം മുന്‍ഭാഗത്തെ ലാന്‍ഡിങ് ഗിയറും വിമാനത്തിന്റെ അടിഭാഗവും ചിറകുകളും നിലത്തുരഞ്ഞാണ് നിന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെങ്കിലും വിമാനത്തിന് സാരമായ തകരാറ് പറ്റിയിട്ടുണ്ട്.
ആറ് മണിക്കൂറിന് ശേഷമാണ് ഇതേ കികൊബോഗ എയര്‍സ്ട്രിപ്പില്‍ രണ്ടാമത്തെ അപകടമുണ്ടാകുന്നത്. ആദ്യം അപകടത്തില്‍പ്പെട്ട വിമാനത്തിലെ അത്രതന്നെ യാത്രക്കാരുമായി കികിബോഗയില്‍ നിന്ന് സാന്‍സിബാറിലേക്ക് പോകാന്‍ പറന്നുയര്‍ന്ന വിമാനത്തിന്റെ മുന്‍ഭാഗത്തെ ലാന്‍ഡിങ് ഗിയര്‍ തകര്‍ന്നു. വലത് ചിറക് സമീപത്തെ കെട്ടിടത്തില്‍ ഇടിച്ച ശേഷമാണ് വിമാനം നിന്നത്. ഈ അപകടത്തിലും യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ പരിക്കില്ല. അതേസമയം വിമാനത്തിന് ഗുരുതരമായ തകരാറ് സംഭവിച്ചിട്ടുണ്ട്.
അപകടസ്ഥലത്തുനിന്ന് ആരോ ചിത്രീകരിച്ച വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഒരു വിമാനം വീണ് കിടക്കുന്നതും രണ്ടാമത്തെ വിമാനത്തില്‍ നിന്ന് പുക ഉയരുന്നതും വീഡിയോയില്‍ കാണാം. അപകടങ്ങള്‍ വിമാന സര്‍വീസുകളെ ബാധിച്ചില്ല. സംഭവത്തെക്കുറിച്ച് ടാന്‍സാനിയന്‍ ഗതാഗതമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക സംഘം അന്വേഷണം നടത്തും.