US ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബാർഡ് രാജിവെച്ചു; ഇറാൻ യുദ്ധത്തിൽ ട്രംപുമായി ഭിന്നതയെന്ന് റിപ്പോർട്ട്

#ന്യൂസ് ഡെസ്ക്
തുൾസി ഗബ്ബാർഡ്, ഡൊണാൾഡ് ട്രംപ് | Photo: AFP
തുൾസി ഗബ്ബാർഡ്, ഡൊണാൾഡ് ട്രംപ് | Photo: AFP

വാഷിങ്ടൺ: യുഎസ് രഹസ്യാന്വേഷണ വിഭാഗം ഡയറക്ടർ തുൾസി ഗബാർഡ് രാജിവെച്ചു. അർബുദം സ്ഥിരീകരിച്ച തന്റെ ഭർത്താവിനെ പരിചരിക്കുന്നതിന് വേണ്ടിയാണ് രാജി എന്ന് അവർ അറിയിച്ചു. ഫോക്സ് ന്യൂസ് ആണ് വാർത്ത് പുറത്തുവിട്ടത്. ഇതിന് പിന്നാലെ തുൾസി ഗബാർഡ് രാജിക്കത്ത് എക്സിൽ പങ്കുവെക്കുകയായിരുന്നു.

പ്രതിസന്ധിഘട്ടത്തിലൂടെയാണ് ഭർത്താവ് എബ്രഹാം കടന്നുപോകുന്നതെന്നും ഈ സാഹചര്യത്തിൽ പൊതുരംഗത്ത് നിന്ന് മാറി ഭർത്താവിന് പിന്തുണയുമായി നിൽക്കേണ്ടതുണ്ടെന്നും തുൾസി ഗബാർഡ് പറഞ്ഞു. അപൂവ്വമായി ബാധിക്കാറുള്ള അർബുദമാണ് ഭർത്താവിനെ പിടികൂടിയിരിക്കുന്നതെന്നും വരും ദിവസങ്ങൾ ഏറെ കഠിനമേറിയതാണെന്നും അവർ എക്സിൽ കുറിച്ചു. വെല്ലുവിളികൾ നിറഞ്ഞ എല്ലാ ഘട്ടത്തിലും എന്നെ താങ്ങി നിർത്തിയത് അദ്ദേഹം പകർന്നു തന്ന ശക്തിയും സ്നേഹവുമാണ്. അദ്ദേഹത്തിന് പ്രതിസന്ധിയുണ്ടാകുമ്പോൾ അത് ഒറ്റക്ക് നേരിടണമെന്ന് പറയാൻ എനിക്ക് സാധിക്കില്ല. പൂർണ്ണപിന്തുണയുമായി അദ്ദേഹത്തിനൊപ്പം നിൽക്കേണ്ടതുണ്ടെന്നും അതിനാൽ രാജി സമർപ്പിക്കുന്നുവെന്നും തുൾസി ഗബാർഡ് പറഞ്ഞു.

രഹസ്യാന്വേഷണ വിഭാഗ ഡയറക്ടറായി നിയോഗിച്ചതിൽ ട്രംപിനും ഗബാർഡ് നന്ദി രേഖപ്പെടുത്തി. കഴിഞ്ഞ ഒന്നര വർഷത്തോളം ദേശീയ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഡയറക്ടർ സ്ഥാനം എന്നെ വിശ്വസിപ്പിച്ചേൽപ്പിച്ചതിൽ അഗാധമായ നന്ദിയുണ്ടെന്നും അവർ പറഞ്ഞു.

തന്റെ വിശ്വസ്തയായ തുൾസി ഗബാർഡിന്റെ രാജി വാർത്തയോട് വൈകാരിക പ്രതികരണവുമായി ട്രംപ് രംഗത്തെത്തി. മികച്ച രീതിയിലുള്ള സേവനമായിരുന്നു തുൾസി ഗബാർഡിന്റേതെന്ന് ട്രംപ് പറഞ്ഞു. ഭർത്താവിനൊപ്പം നിൽക്കാനുള്ള അവരുടെ തീരുമാനം ശരിയാണെന്നും എത്രയും പെട്ടെന്ന് തന്നെ സുഖപ്പെടട്ടെ എന്നും ട്രംപ് പ്രതികരിച്ചു.

തുൾസി പടിയിറങ്ങുന്നതോടെ പ്രിൻസിപ്പൽ ഡെപ്യൂട്ടി ഡയറക്ടർ ആരോൺ ലുക്കാസ് താൽക്കാലിക ദേശീയ രഹസ്യാന്വേഷണ മേധാവിയായി ചുമതലയേൽക്കുമെന്നും ട്രംപ് അറിയിച്ചു.

അതേസമയം തുൾസി ഗബാർഡിനെ രാജിവെക്കാൻ വൈറ്റ് ഹൗസ് നിർബന്ധിക്കുകയായിരുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇറാനുമായുള്ള യുദ്ധത്തിൽ തുൾസിയുടെ നിലപാട് ട്രംപിൽ നിന്ന് ഭിന്നമാണെന്നുള്ള ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. ഇതാണ് രാജിയിലേക്ക് നയിച്ചതെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.

നേരത്തെ നാഷണൽ കൗണ്ട‍‍ർ ടെററിസം സെന്റർ ഡയറക്ടർ ജോ കെന്റും യുദ്ധത്തെ പിന്തുണയ്ക്കാനാകില്ലെന്ന് അറിയിച്ച് രാജിവെച്ചിരുന്നു.

Content Highlights: Tulsi Gabbard resigns as US Intelligence Director citing husband's cancer diagnosis., Official statement emphasizes family support, while Reuters reports internal conflict with Trump over Iran policy., Aaron Lucas appointed as interim Director of National Intelligence., Follows the recent resignation of NCTC Director Joe Kent.