സമാധാനശ്രമത്തിന് നന്ദിയെന്ന് സെലെൻസ്കി; ചർച്ച നന്നായാൽ ഇന്ന് യുദ്ധംതീരുമെന്ന് ട്രംപ്, കൂടിക്കാഴ്ച

വാഷിങ്ടണ്‍: റഷ്യ-യുക്രൈന്‍യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയുമായി നടത്തുന്ന നിര്‍ണായക കൂടിക്കാഴ്ചയ്ക്കായി ഇരു നേതാക്കളും വൈറ്റ് ഹൗസില്‍ എത്തി. ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്ന ഈ കൂടിക്കാഴ്ച അല്‍പ്പ സമയത്തിനുള്ളില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. പുതിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് ട്രംപ്-സെലെന്‍സ്‌കി കൂടിക്കാഴ്ച.
നിലവിലെ യുദ്ധം അവസാനിപ്പിക്കാനും മേഖലയില്‍ സമാധാനം കൊണ്ടുവരാനും ഡൊണാള്‍ഡ് ട്രംപിന് ശക്തിയുണ്ടെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി ചര്‍ച്ചയ്ക്ക് മുമ്പ് അഭിപ്രായപ്പെട്ടിരുന്നു. ബലപ്രയോഗത്തിലൂടെ മാത്രമേ റഷ്യയെ സമാധാനത്തിലേക്ക് നയിക്കാനാകൂ. പ്രസിഡന്റ് ട്രംപിന് ആ ശക്തിയുണ്ടെന്നായിരുന്നു വൊളോദിമിര്‍ സെലെന്‍സ്‌കിയുടെ വാക്കുകള്‍. ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി യുഎസിന്റെ പ്രത്യേക പ്രതിനിധി കെയ്ത് കെല്ലോഗുമായും അദ്ദേഹം ചര്‍ച്ച നടത്തി.
മേഖലയില്‍ സമാധാനവും സുരക്ഷിതത്വവും കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് യുക്രൈന്‍ പ്രതിജ്ഞാബദ്ധമാണെന്ന് സെലെന്‍സ്‌കി ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിച്ചു. ട്രംപുമായും യൂറോപ്യന്‍ നേതാക്കളുമായും വാഷിങ്ടണില്‍ നടക്കുന്ന കൂടിക്കാഴ്ച പ്രധാനചുവടുവെയ്പ്പാണ്. യുക്രൈനിലെ സമാധാനം എന്നാല്‍ യൂറോപ്പിന് മുഴുവനുമുള്ള സമാധാനമാണെന്നും ശക്തി ഉപയോഗിച്ച് മാത്രമേ റഷ്യയെ സമാധാനത്തിലേക്ക് തള്ളിവിടാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.
റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനായുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഡൊണാള്‍ഡ് ട്രംപും വൊളോദിമിര്‍ സെലെന്‍സ്‌കിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. യൂറോപ്യന്‍നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ഓഗസ്റ്റ് 15-ന് അലാസ്‌കയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിനുമായി ട്രംപ് നടത്തിയ ചര്‍ച്ചയില്‍ വെടിനിര്‍ത്തല്‍കാര്യത്തില്‍ തീരുമാനമാകാത്ത പശ്ചാത്തലത്തിലാണ് സെലെന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ച.
Content Highlights: Trump-Zelensky Summit at White House: Crucial Talks on Russia-Ukraine War