'എന്നെ സന്തോഷിപ്പിക്കേണ്ടത് പ്രധാനമായിരുന്നു'; ഇന്ത്യക്കെതിരെ വീണ്ടും നികുതി ഭീഷണിയുമായി ട്രംപ്

#ന്യൂസ് ഡെസ്ക്
ട്രംപിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി | Photo: AFP
ട്രംപിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി | Photo: AFP

വാഷിങ്ടൺ: ഇന്ത്യക്കെതിരെ വീണ്ടും നികുതി ഭീഷണി മുഴക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ വ്യാപാര-ഊർജ്ജ താല്പര്യങ്ങൾക്കനുസരിച്ച് ഇന്ത്യ നീങ്ങിയില്ലെങ്കിൽ ഇന്ത്യൻ ഉത്പന്നങ്ങളുടെ മേൽ അതിവേഗത്തിൽ അധിക നികുതി ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിക്കുന്ന നിലപാടുകളിലുള്ള അതൃപ്തി തന്നെയാണ് വീണ്ടും നികുതി ഭീഷണിക്ക് പിന്നിലെന്നാണ് റിപ്പോർട്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ "വളരെ നല്ല മനുഷ്യൻ" എന്ന് പ്രശംസിച്ചെങ്കിലും, വ്യാപാര കാര്യങ്ങളിൽ ഇന്ത്യയുടെ നിലപാടുകളിൽ താൻ സന്തോഷവാനല്ലെന്ന് ട്രംപ് വ്യക്തമാക്കി. "മോദി വളരെ നല്ല മനുഷ്യനാണ്. അദ്ദേഹം നല്ല വ്യക്തിയാണ്. ഞാൻ സന്തോഷവാനല്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. എന്നെ സന്തോഷിപ്പിക്കേണ്ടത് പ്രധാനമായിരുന്നു."എന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയുമായി അമേരിക്കയ്ക്ക് വലിയ വ്യാപാര ബന്ധമുണ്ടെന്നും, ഇന്ത്യയുടെ മേൽ അതിവേഗം താരിഫ് വർദ്ധിപ്പിക്കാൻ തങ്ങൾക്ക് കഴിയുമെന്നും അത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രംപിന്റെ സമ്മർദ്ദം ശക്തമായതോടെ, റഷ്യയിൽ നിന്നും അമേരിക്കയിൽ നിന്നും വാങ്ങുന്ന എണ്ണയുടെ വിവരങ്ങൾ കൃത്യമായി സമർപ്പിക്കാൻ ഇന്ത്യയിലെ എണ്ണ ശുദ്ധീകരണശാലകളോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി രണ്ട് മുതൽ റഷ്യൻ, യുഎസ് എണ്ണ വാങ്ങലുകളുടെ ആഴ്ച തിരിച്ചുള്ള കണക്കുകൾ സമർപ്പിക്കാനാണ് നിർദ്ദേശം. അമേരിക്ക ആവശ്യപ്പെടുമ്പോൾ കൃത്യമായ കണക്കുകൾ നൽകുന്നതിനും, മറ്റുള്ള സ്രോതസ്സുകളിൽ നിന്നുള്ള തെറ്റായ വിവരങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാനുമാണ് ഈ നീക്കമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരമാണ് പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെൽ ഈ വിവരങ്ങൾ ശേഖരിക്കുന്നത്.

റഷ്യൻ എണ്ണയുടെ വലിയ തോതിലുള്ള വാങ്ങലിനെത്തുടർന്ന് കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നികുതി അമേരിക്ക 50 ശതമാനമായി വർദ്ധിപ്പിച്ചിരുന്നു. കടുത്ത ഉപരോധങ്ങൾക്കിടയിൽ ഡിസംബറിൽ ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി പ്രതിദിനം 1.2 ദശലക്ഷം ബാരലായി കുറഞ്ഞിട്ടുണ്ട്. ഇത് കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. എങ്കിലും, വിലക്കിഴിവ് ലഭ്യമായതിനാൽ ചില സ്ഥാപനങ്ങൾ ഇപ്പോഴും വലിയ തോതിൽ റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുന്നുണ്ട്. അമേരിക്കയുടെ ഭാഗത്തുനിന്ന് കടുത്ത സമ്മർദ്ദമുണ്ടെങ്കിലും, രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയ്ക്ക് റഷ്യൻ എണ്ണ അത്യാവശ്യമാണെന്ന നിലപാടിലാണ് ഇന്ത്യ.

Content Highlights: US President Donald Trump threatens swift tariff hikes on Indian goods if New Delhi`s energy and trade decisions don`t align with U.S. expectations, citing Russian oil purchases.