പരമാധികാരം എനിക്ക്, ഡെമോക്രാറ്റുകൾ ജയിച്ചാൽ ‘വീറ്റോ’ പ്രയോഗിക്കും; മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടൺ: യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി കോൺഗ്രസിന്റെ നിയന്ത്രണം നേടിയാലും തനിക്കോ റിപ്പബ്ലിക്കൻ പാർട്ടിക്കോ എതിരെ കൊണ്ടുവരുന്ന നിയമനിർമാണങ്ങൾ വീറ്റോ അധികാരം ഉപയോഗിച്ച് തടുക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തിരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും തന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാൻ തനിക്ക് കഴിയുമെന്നും, 'വീറ്റോ' എന്ന പരമാധികാരം തന്റെ കൈയിലുണ്ടെന്നും സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.
പ്രതിപക്ഷം സഭകളിൽ ഭൂരിപക്ഷം നേടിയാൽ, പിന്നീടുള്ള ചർച്ചകളിൽ 'മിസ്റ്റർ വീറ്റോ' എന്ന് അറിയപ്പെടുന്നതിൽ സന്തോഷമേയുള്ളൂ. വരുന്ന രണ്ടു വർഷങ്ങളിലും ഭരണകൂടത്തിന് സ്വന്തം നയങ്ങളുമായി മുന്നോട്ടുപോകാൻ അവസരമുണ്ട്. തുടർച്ചയായി വീറ്റോ അധികാരം പ്രയോഗിക്കുമ്പോൾ പ്രതിപക്ഷം ചർച്ചകൾക്കും ധാരണകൾക്കും തയ്യാറാകുമെന്നാണ് അമേരിക്കയുടെ ചരിത്രം വ്യക്തമാക്കുന്നതെന്ന് ട്രംപ് പറഞ്ഞു.
ഡെമോക്രാറ്റുകൾ തങ്ങളുടെ നയങ്ങളെ തടയാൻ ശ്രമിച്ചാൽ കുടിയേറ്റം, വ്യാപാരം തുടങ്ങിയ മേഖലകളിൽ എക്സിക്യൂട്ടീവ് ഉത്തരവുകളിലൂടെ കൂടുതൽ നടപടികൾ കൈക്കൊള്ളാൻ വൈറ്റ് ഹൗസ് ആലോചിക്കുന്നുണ്ട്. ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലർ, ഓഫീസ് ഓഫ് മാനേജ്മെന്റ് ആൻഡ് ബജറ്റ് ഡയറക്ടർ റസ്സൽ വോട്ട് എന്നിവരാണ് ഈ ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. ഡെമോക്രാറ്റുകൾ ജയിച്ചാലും അതിർത്തി സുരക്ഷ, വിദേശനയം, ഫെഡറൽ ഭരണനിർവഹണം, ദേശീയ സുരക്ഷ എന്നിവയിൽ തങ്ങളുടെ തീരുമാനം നടപ്പാക്കുന്നതിൽനിന്ന് തടയാനാകില്ലെന്നും ട്രംപ് പറഞ്ഞു.
Content Highlights: Trump states he will use presidential veto power against opposition legislation if Democrats take control of Congress., Supreme Court executive power rulings give the administration confidence for future actions., White House considers executive orders on immigration and trade if blocked by Democrats., Key officials Stephen Miller and Russell Vought are leading strategic discussions.