കപ്പലുകൾക്കുണ്ടാകുന്ന നഷ്ടത്തിന് ഇറാന്റെ ആസ്തി ഉപയോഗിക്കുമെന്ന് ട്രംപ്; അതത്ര സുഖകരമാകില്ലെന്ന് ഇറാൻ

വാഷിങ്ടൺ/ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ, ഇറാനുമായുള്ള ഏറ്റുമുട്ടലുകളിൽ കപ്പലുകൾക്കോ ചരക്കുകൾക്കോ സംഭവിക്കുന്ന എല്ലാ നാശനഷ്ടങ്ങൾക്കും പരിഹാരമായി അമേരിക്കയുടെ പക്കലുള്ള ഇറാനിയൻ ആസ്തികൾ ഉപയോഗിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്. ഇത് 'നീതിയുക്തമായ' കാര്യമാണെന്നാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
'അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ, ഇനിമുതൽ കപ്പലുകൾക്കോ ചരക്കുകൾക്കോ അവയുമായി ബന്ധപ്പെട്ട മറ്റെന്തിനെങ്കിലുമോ സംഭവിക്കുന്ന നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാരം, അമേരിക്കയുടെ കൈവശമുള്ളതും നിയന്ത്രണത്തിലുള്ളതുമായ ഇറാന്റെ ആസ്തി ഉപയോഗിച്ച് നൽകുമെന്ന് ഈ പ്രസ്താവനയിലൂടെ അറിയിക്കുന്നു. ഈ നഷ്ടപരിഹാരത്തുക വളരെ വലുതായിരിക്കാൻ സാധ്യതയുണ്ടെങ്കിലും, നീതിപൂർവ്വവും ന്യായയുക്തവുമായ നടപടിയാണിത്' ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഹോർമുസിൽ ഇറാനും ചെങ്കടലിൽ ഹൂതി വിമതരും വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തി വരുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം. ഇറാന്റെ 100 ബില്യൺ ഡോളറോളം വരുന്ന ആസ്തികൾ മറ്റ് രാജ്യങ്ങൾ മരവിപ്പിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ. സമാധാന ചർച്ചയുമായി ബന്ധപ്പെട്ട് ഈ ആസ്തികൾ വിട്ടുകിട്ടണമെന്ന് ഇറാൻ ആവശ്യപ്പെട്ടിരുന്നു.
ട്രംപിന്റെ പ്രഖ്യാപനത്തിൽ രൂക്ഷമായ പ്രതികരണവുമായി ഇറാൻ രംഗത്തെത്തി. മറ്റൊരു രാജ്യത്തിന്റെ ആസ്തികൾ പിടിച്ചെടുക്കുന്നത് പ്രകോപനപരമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. അത്തരം ഫണ്ടുകളിൽ സന്തോഷിക്കുന്നവരും ലാഭം നേടുന്നവരും ഓർക്കണം: ഒരിക്കൽ സർക്കാരുകൾ കണ്ടുകെട്ടൽ സാധാരണ നിലയിലാക്കിയാൽ, ആരുടെയും സ്വത്തുക്കൾ സുരക്ഷിതമായിരിക്കില്ല. തുടർന്നുള്ള കാര്യങ്ങൾ മനോഹരമോ സമാധാനപരമോ ആയിരിക്കില്ലെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
Content Highlights: President Trump announces use of frozen Iranian assets for shipping damage compensation., Policy targets losses in the Hormuz Strait and Red Sea shipping routes., Iran labels the move as a provocative and dangerous precedent., Over $100 billion in Iranian assets currently remain frozen globally.