'താരിഫുകൾ ആദായനികുതിക്ക് പകരമാകും'; തീരുവ പ്രഖ്യാപനങ്ങൾ ജനങ്ങളുടെ നികുതിഭാരം കുറയ്ക്കാനെന്ന് ട്രംപ്

വാഷിങ്ടൺ: വിദേശ രാജ്യങ്ങൾക്കുമേൽ തീരുവ ചുമത്തുന്നതിലൂടെ ലഭിക്കുന്ന വരുമാനം ഭാവിയിൽ ആദായനികുതിക്ക് പകരമാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇതുവഴി അമേരിക്കൻ ജനതയുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാനാകുമെന്നും ട്രംപ് പറഞ്ഞു. ചൊവ്വാഴ്ച നടന്ന 'പീപ്പിൾസ് സ്റ്റേറ്റ് ഓഫ് ദി യൂണിയൻ' പ്രസംഗത്തിൽ സംസാരിക്കുന്നതിനിടെയാണ് ട്രംപിൻ്റെ പ്രസ്താവന. ഇറക്കുമതി തീരുവകൾ ഏർപ്പെടുത്തിയ ട്രംപിൻ്റെ നടപടി നിയമവിരുദ്ധമാണെന്ന് യുഎസ് സുപ്രീം കോടതി വിധിച്ചതിനുപിന്നാലെയാണ് ട്രംപിൻ്റെ പ്രസ്താവന.
മറ്റ് രാജ്യങ്ങൾ വർഷങ്ങളായി അമേരിക്കയെ സാമ്പത്തികമായി ചൂഷണം ചെയ്യുകയാണെന്നും ഡെമോക്രാറ്റുകൾക്ക് പോലും ഇക്കാര്യം അറിയാമെങ്കിലും അവർ അത് തുറന്നുപറയാൻ തയ്യാറാകുന്നില്ലെന്നും ട്രംപ് പറഞ്ഞു. വിദേശ രാജ്യങ്ങൾ നൽകുന്ന താരിഫുകൾവഴി നൂറുകണക്കിന് ബില്യൺ ഡോളർ സമാഹരിക്കാൻ കഴിഞ്ഞെന്നും ഇത് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്കും ദേശീയ സുരക്ഷയ്ക്കും വലിയ ഗുണം ചെയ്തെന്നും അദ്ദേഹം പറഞ്ഞു. ഈ സംവിധാനം നടപ്പിലാക്കാൻ കോൺഗ്രസിന്റെ പ്രത്യേക നടപടികൾ ആവശ്യമില്ലെന്നും അംഗീകരിക്കപ്പെട്ട രീതിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താരിഫുകൾ റദ്ദാക്കിയ സുപ്രീം കോടതി വിധി നിരാശാജനകമാണ്. എങ്കിലും, തന്റെ പക്കലുള്ള പ്രസിഡൻ്റിന്റെ അധികാരങ്ങൾ ഉപയോഗിച്ച് പുതിയ കരാറുകൾ ഉണ്ടാക്കാനാകുമെന്നും ട്രംപ് പറഞ്ഞു. താരിഫ് ഭീഷണി ഉയർത്തിയാണ് താൻ പല യുദ്ധങ്ങളും അവസാനിപ്പിച്ചതെന്നും ട്രംപ് അവകാശപ്പെട്ടു. തീരുവ സംബന്ധിച്ച നിലവിലെ നിയമപരമായ തടസങ്ങൾ പരിഹരിക്കുമെന്നും അമേരിക്കയെ രക്ഷിക്കാൻ ഇത്തരം നടപടികൾ അത്യാവശ്യമാണെന്നും ട്രംപ് പറഞ്ഞു.
യുഎസ് പ്രസിഡന്റിന്റെ അധികാരപരിധി മറികടന്നാണ് ട്രംപ് താരിഫ് നയങ്ങൾ നടപ്പാക്കിയതെന്ന് യുഎസ് സുപ്രീം കോടതി കണ്ടെത്തിയിരുന്നു. തീരുവ ചുമത്തുന്നതിനുള്ള അധികാരങ്ങൾ പ്രയോഗിക്കുന്നതിന് കോൺഗ്രസിന്റെ വ്യക്തമായ അനുമതി ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്‌സ് വിധിന്യായത്തിൽ പ്രസ്താവിച്ചിരുന്നു.
1977-ലെ 'ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട്' (IEEPA) ദുരുപയോഗം ചെയ്താണ് ട്രംപ് കോൺഗ്രസിന്റെ അനുമതിയില്ലാതെ വ്യാപാര നികുതികൾ ചുമത്തിയിരുന്നത്. ശത്രുരാജ്യങ്ങളുടെ ആസ്തികൾ മരവിപ്പിക്കാനോ ഉപരോധം ഏർപ്പെടുത്താനോ പണ്ട് ഉപയോഗിച്ചിരുന്ന ഈ നിയമം, വ്യാപാര നികുതികൾ ചുമത്താൻ ഉപയോഗിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
Content Highlights: US President Donald Trump suggests tariffs on foreign nations could replace income tax, reducing the financial burden on American citizens. He made the statement during a `People`s State of the Union` address.