'ഇന്ത്യയുമായും മോദിയുമായും വളരെ അടുത്ത ബന്ധം'; വീണ്ടും അയഞ്ഞ് ട്രംപ്, ശുഭ സൂചനയോ?

വാഷിങ്ടൺ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് മാസങ്ങളായി തുടരുന്ന ഇന്ത്യക്കെതിരായ പ്രതികാര നടപടികളിൽ നിലപാട് മയപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇന്ത്യയുമായും മോദിയുമായും വളരെ അടുത്ത ബന്ധമാണെന്ന് ട്രംപ് പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് ട്രംപിന്റെ പരാമർശം.
കഴിഞ്ഞ ദിവസം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ട്രംപ് ജന്മദിനാശംസകൾ നേർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുമായുള്ള അടുത്ത ബന്ധത്തെകുറിച്ചുള്ള പരാമർശം. "ഇന്ത്യയുമായി വളരെ അടുത്ത ബന്ധത്തിലാണ്, ഇന്ത്യൻ പ്രധാനമന്ത്രിയുമായും അടുത്ത ബന്ധമുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹത്തോട് സംസാരിച്ചിരുന്നു. അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നു. ഞങ്ങൾ തമ്മിൽ വളരെ നല്ലൊരു ബന്ധമാണുള്ളത്," ട്രംപ് പറഞ്ഞു.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്ക ഇന്ത്യക്കുമേൽ 25ശതമാനം തീരുവ ഏർപ്പെടുത്തിയത്. തുടർന്നും ഇന്ത്യ, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടർന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പിഴതീരുവയായി വീണ്ടും 25 ശതമാനം കൂടി അധിക തീരുവ ഏർപ്പെടുത്തുകയായിരുന്നു. ഇതോടെ ഇന്ത്യയ്ക്ക് മേലുള്ള തീരുവ 50 ശതമാനമായി.
ഇതിനിടെ ഇന്ത്യ - യുഎസ് വ്യാപാരക്കരാർ പാതിവഴിയിലാവുകയും ചെയ്തു. കഴിഞ്ഞ ദിവസം ഇന്ത്യ - യുഎസ് വ്യാപാരക്കരാർ ചർച്ച ചെയ്യാൻ വേണ്ടി യുഎസ് പ്രതിനിധികൾ ഇന്ത്യയിൽ എത്തിയിരുന്നു. ഈ ചർച്ച ശുഭസൂചകമെന്നാണ് ഇരുകൂട്ടരും വിശേഷിപ്പിച്ചത്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള അസ്വാരസങ്ങൾ പരിഹരിക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയ്ക്കെതിരേ ഏർപ്പെടുത്തിയ പിഴത്തീരുവ അമേരിക്ക പിൻവലിച്ചേക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
Content Highlights: US President Trump softens stance on sanctions against India