വെള്ളിയാഴ്ചയോടെ 'ശുഭവാർത്ത' ഉണ്ടായേക്കുമെന്ന് ട്രംപ്; 'വീണ്ടും കള്ളം പറയുന്നു' എന്ന് ഇറാൻ

വാഷിങ്ടൺ: ഇറാനുമായുള്ള സമാധാന ചർച്ചകളിൽ വൈകാതെ പുരോഗതിയുണ്ടാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായുള്ള രണ്ടാം ഘട്ട സമാധാന ചർച്ചകളെക്കുറിച്ചുള്ള 'ശുഭവാർത്ത' വെള്ളിയാഴ്ചയോടെ ലഭിച്ചേക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ഇത്തരമൊരു ചർച്ചയെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും ട്രംപ് കള്ളം പറയുകയാണെന്നും ഇറാൻ പ്രതികരിച്ചു.
പാകിസ്താൻ ഭരണകൂടത്തിന്റെ അഭ്യർത്ഥനപ്രകാരം ഇറാനെതിരായ സൈനിക നടപടികൾ താൽക്കാലികമായി നിർത്തിവെച്ച ട്രംപ്, വെടിനിർത്തൽ കരാർ നീട്ടി നൽകിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങളിൽ പാകിസ്താന്റെ മധ്യസ്ഥത നിർണ്ണായകമായ പങ്കാണ് വഹിക്കുന്നത്.
അടുത്ത '36 മുതൽ 72' മണിക്കൂറിനുള്ളിൽ സമാധാന ചർച്ചകൾ പുനരാരംഭിച്ചേക്കുമെന്ന് ഇസ്ലാമാബാദിലെ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോർക്ക് പോസ്റ്റ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. വിഷയത്തിൽ ഒരു വഴിത്തിരിവുണ്ടാകാൻ സാധ്യതയുണ്ടോ എന്ന പത്രത്തിന്റെ ചോദ്യത്തിന്, 'അതിന് സാധ്യതയുണ്ട്! പ്രസിഡന്റ് ഡിജെടി' എന്ന് ട്രംപ് ഒരു ടെക്സ്റ്റ് മെസേജിലൂടെ മറുപടി നൽകിയതായാണ് വിവരം.
അതേസമയം, വെള്ളിയാഴ്ച ചർച്ചകൾ നടക്കുമെന്ന് ട്രംപ് നേരിട്ട് അവകാശപ്പെട്ടില്ലെങ്കിലും, ഇറാനിലെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്‌നിം ന്യൂസ് ഇത് നിഷേധിക്കുകയും ട്രംപ് കള്ളം പറയുകയാണെന്ന് ആരോപിക്കുകയും ചെയ്തു. 'ട്രംപ് വീണ്ടും കള്ളം പറഞ്ഞു. വെള്ളിയാഴ്ച ചർച്ചകൾ നടത്താൻ ഇറാൻ നിലവിൽ തീരുമാനമൊന്നും എടുത്തിട്ടില്ല.' അവർ എക്സിൽ കുറിച്ചു.
സമാധാന ചർച്ചകൾക്കായി കൂടുതൽ സമയം നൽകുന്നതിനായി ഇറാനുമായുള്ള വെടിനിർത്തൽ നീട്ടിയതിന് പിന്നാലെയാണ് വെള്ളിയാഴ്ച ചർച്ച നടന്നേക്കും എന്ന തരത്തിലുള്ള ട്രംപിന്റെ പ്രതികരണം വന്നത്. നൽകിയ സമയപരിധി അവസാനിച്ചിട്ടും അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകാത്ത പശ്ചാത്തലത്തിലാണിത്. ഇറാൻ സ്വീകരിക്കേണ്ട അടുത്ത നടപടിക്ക് യുഎസ് സമയപരിധി നിശ്ചയിക്കാത്ത ആദ്യത്തെ അവസരമാണിത്.
പാകിസ്താൻ നേതൃത്വവുമായുള്ള ചർച്ചകളാണ് ഈ നയമാറ്റത്തിന് പിന്നിലെന്നും ട്രംപ് വ്യക്തമാക്കി. 'ഇറാൻ ഗവൺമെന്റ് അങ്ങേയറ്റം ഭിന്നിച്ചിരിക്കുകയാണെന്ന വസ്തുതയുടെ അടിസ്ഥാനത്തിലും, പാകിസ്താൻ ഫീൽഡ് മാർഷൽ ആസിം മുനീർ, പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവരുടെ അഭ്യർത്ഥന പ്രകാരവും, ഇറാൻ പ്രതിനിധികൾ ഒരു ഏകീകൃത നിർദ്ദേശവുമായി വരുന്നത് വരെ ആ രാജ്യത്തിന് മേലുള്ള ആക്രമണം ഞങ്ങൾ നിർത്തിവെക്കുകയാണ്.' ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.
അതേസമയം, ഹോർമുസിൽ സൈന്യത്തോട് ഉപരോധം തുടരാനും ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമായിരിക്കാനും നിർദ്ദേശിച്ചതായും, ഇറാന്റെ നിർദ്ദേശം ലഭിക്കുന്നത് വരെ വെടിനിർത്തൽ നീട്ടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനുമുമ്പ് വെടിനിർത്തൽ നീട്ടില്ലെന്നും കാലാവധി കഴിഞ്ഞാൽ ബോംബാക്രമണം പുനരാരംഭിക്കുമെന്നുമാണ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നത്.
വെടിനിർത്തൽ നീട്ടിയ ട്രംപിന്റെ നടപടിയെ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നന്ദിയോടെ സ്മരിച്ചു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും ഈ തീരുമാനത്തെ സ്വാഗതം ചെയ്തു.
Content Highlights: President Trump hints at positive developments in Iran peace talks by Friday. US ceasefire with Iran extended indefinitely to allow for a unified proposal. Pakistani leadership played a key role in mediating the ceasefire extension. Iran's Tasnim News has denied any current plans for negotiations. Global markets responded positively to the potential for a diplomatic resolution.