ചർച്ചകളെ ഇറാൻ ഗൗരവമായി കണ്ടുതുടങ്ങി, ആവശ്യമെങ്കിൽ ഏതുനിമിഷവും സൈനികനടപടിക്ക് ഞങ്ങൾ സജ്ജം- ട്രംപ്

വാഷിങ്ടൺ: യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള ചർച്ചകളെ ഇറാൻ മുമ്പത്തേക്കാൾ ഗൗരവതരമായി കണ്ടുതുടങ്ങിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇറാനുമായി ചർച്ചകൾ ഇപ്പോഴും നടക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ ട്രംപ് പിന്നാലെ ഭീഷണിയും മുഴക്കി. നയതന്ത്രം പരാജയപ്പെട്ടാൽ കനത്ത ആക്രമണം നടത്താൻ യുഎസ് സജ്ജമാണെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്.
'നോക്കൂ, ഞങ്ങൾ 'ലോക്ക്ഡ് ആൻഡ് ലോഡഡ്' ആണ്. ആവശ്യമെങ്കിൽ ഏതുനിമിഷവും സൈനികനടപടി സ്വീകരിക്കാൻ സജ്ജരാണ്. എന്നാൽ, ഇപ്പോൾ അവരുമായുള്ള ചർച്ച നടക്കുകയാണ്. അതിനാൽ വീണ്ടും ആക്രമണം ആരംഭിക്കുന്ന നിർണായക ഘട്ടത്തിലേക്ക് എത്തുമോ ഇല്ലയോ എന്ന് ഇപ്പോൾ പറയാനാകില്ല. ഒരുപക്ഷേ അവർ കീഴടങ്ങിയേക്കാം, പോരാട്ടം ഉപേക്ഷിച്ചേക്കാം, അതുമല്ലെങ്കിൽ ഏതെങ്കിലും ഗുഹയിൽ ഒളിച്ചേക്കാം', ട്രംപ് പറഞ്ഞു.
സംഘർഷം അവസാനിപ്പിക്കുന്നതിന് രണ്ട് സാധ്യതകളാണ് മുന്നിലുള്ളതെന്നും ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു. 'ഒന്ന് സൈനികമായ മാർഗമാണ്. ഇപ്പോൾ ചെയ്യുന്നതുപോലെ ആക്രമണം തുടരാം. ആവശ്യമെങ്കിൽ ആക്രമണം ശക്തമാക്കി ഇറാനെ പൂർണമായി തകർക്കാം. അതല്ലെങ്കിലുള്ള മികച്ച മാർഗം അവർ ഒരു ധാരണയിലെത്തുക എന്നതാണ്', ട്രംപ് പറഞ്ഞു.
'ഞങ്ങൾ അവരുമായി സംസാരിക്കുകയാണ്. അവർ ചർച്ചയെ മുമ്പത്തേക്കാൾ ഗൗരവമായി കാണുന്നുവെന്നാണ് ഞാൻ കരുതുന്നത്. പക്ഷേ അതുകൊണ്ട് മാത്രം ഒരു കരാറിലെത്തുമെന്ന് കരുതാൻ കഴിയില്ല. എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം', ട്രംപ് തുടർന്നു.
Content Highlights: US President Donald Trump stated at the White House that Iran is taking conflict resolution talks more seriously than before, while simultaneously warning that the US remains "locked and loaded" to pursue military action if diplomatic efforts fail.