‘രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണത്തിന് ഞങ്ങൾ തയ്യാറെടുത്തിരുന്നു, പക്ഷേ...’

#ന്യൂസ് ഡെസ്ക്
ഡൊണാൾഡ് ട്രംപ് | Photo: AP
ഡൊണാൾഡ് ട്രംപ് | Photo: AP

വാഷിങ്ടൺ: ഇറാനെതിരെ കൂടുതൽ സൈനിക നടപടികൾ സ്വീകരിക്കുന്നതിനേക്കാൾ അവരുമായി ഒരു കരാറിലെത്താനാണ് താൻ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക ആക്രമണത്തിന് യുഎസ് തയ്യാറെടുത്തിരുന്നുവെന്നും, എന്നാൽ 'ആക്രമണം നടത്തരുതെന്നും ചർച്ചകൾക്ക് തയ്യാറാണെന്നും' അഭ്യർത്ഥിച്ചുകൊണ്ട് ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ഫോൺ കോളിനെത്തുടർന്നാണ് അത് നിർത്തിവെച്ചതെന്നും ട്രംപ് ബുധനാഴ്ച വെളിപ്പെടുത്തി.

അതേസമയം, ഇറാനെ ആണവായുധങ്ങൾ വികസിപ്പിക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്നും ട്രംപ് ഊന്നിപ്പറഞ്ഞു. ലാസ് വെഗാസിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കവെ, സമീപകാലത്തെ സൈനിക നടപടികളിലൂടെ അമേരിക്ക ഇറാനെ ദുർബലപ്പെടുത്തിയെന്നും എന്നാൽ നയതന്ത്ര ചർച്ചകൾക്കുള്ള സാധ്യതകൾ ഇപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

'ഞങ്ങൾ അവരെ തകർത്ത് തരിപ്പണമാക്കിക്കൊണ്ടിരിക്കുകയാണ്. എന്നാൽ അക്രമത്തെക്കാളുപരിയായി ഒരു കരാറിലെത്താനാണ് ഞാൻ കൂടുതൽ ആഗ്രഹിക്കുന്നത്, കാരണം എനിക്ക് ആളുകളെ കൊല്ലാൻ താൽപര്യമില്ല.' ട്രംപ് പറഞ്ഞു. ഇറാനിലെ യുഎസ് സമീപനത്തെ വെനസ്വേലയിലെ തങ്ങളുടെ നടപടികളുമായി താരതമ്യം ചെയ്ത ട്രംപ്, രണ്ട് സാഹചര്യങ്ങളിൽ നിന്നും യുഎസിന് നേട്ടമുണ്ടായതായി അവകാശപ്പെട്ടു.

ഇറാനുനേരെ വളരെ വലിയൊരു സൈനിക നീക്കം ആസൂത്രണം ചെയ്തിരുന്നുവെന്നും എന്നാൽ ഇറാന്റെ ഭാഗത്തുനിന്ന് ചർച്ചകൾക്കായുള്ള താൽപര്യം ഉണ്ടായതിനെത്തുടർന്നാണ് താൻ അത് തടഞ്ഞതെന്നും ട്രംപ് അവകാശപ്പെട്ടു.

'രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ഒരു ആക്രമണത്തിന് ഞങ്ങൾ ഒരുങ്ങിയിരിക്കുകയായിരുന്നു. അപ്പോഴാണ് അവർ എന്നെ വിളിച്ച് പറഞ്ഞത്, 'ദയവായി അത് ചെയ്യരുത്. നമുക്ക് സംസാരിക്കാം...' എന്നാണ്. ഞങ്ങൾ ഇപ്പോൾ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഇനി എന്താണ് സംഭവിക്കുകയെന്ന് നോക്കാം.' അദ്ദേഹം പറഞ്ഞു.

ഇറാന് ഒരിക്കലും ആണവായുധങ്ങൾ സ്വന്തമാക്കാൻ കഴിയില്ലെന്നും ട്രംപ് ആവർത്തിച്ചു. 'അവർ നമ്മളെ ബഹുമാനിക്കുന്നുണ്ട്... വളരെ മുമ്പ് തന്നെ ചെയ്യേണ്ടിയിരുന്ന കാര്യങ്ങളാണ് ഇത്, മറ്റൊരു പ്രസിഡന്റും ഇതുവരെ അത് ചെയ്തിട്ടില്ല. ഞാനിത് ചെയ്യുന്നതിന് ഒറ്റ കാരണമേ ഉള്ളൂ, ഇറാൻ ഒരിക്കലും ആണവായുധം ഉണ്ടാക്കാൻ പാടില്ല.' അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാനെതിരെ ആക്രമണം നടത്തുമെന്ന ഭീഷണിയും, 'ഉടൻ തന്നെ' ഒരു കരാറിലെത്താൻ സാധിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കലും ഒക്കെയായി തിരിച്ചും മറിച്ചുമുള്ള പ്രസ്താവനകളാണ് ട്രംപ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം നടത്തിവന്നത്. ഇതിന് ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പുതിയ പ്രതികരണം പുറത്തുവരുന്നത്.

അതേസമയം, ഹോർമുസുമായി ബന്ധപ്പെട്ട കരാറിൽ ഇറാനും ഒമാനും തമ്മിൽ നടക്കുന്ന ചർച്ച അന്തിമഘട്ടത്തിൽ എത്തിയതായാണ് വിവരം. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിനെക്കുറിച്ച് ഒമാനുമായി മറ്റൊരു കരാറിൽ പുരോഗതി കൈവരിച്ചതായി ഇറാൻ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ട്രംപിന്റെ ഈ പരാമർശങ്ങൾ വരുന്നത്. കരാർ രൂപീകരണത്തിന്റെ അവസാന ഘട്ടത്തിൽ ആണെന്നും, ചില കക്ഷികൾ തടസ്സങ്ങൾ സൃഷ്ടിച്ചില്ലെങ്കിൽ സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് വ്യക്തമാക്കിയിരുന്നു.

മിക്കവാറും എല്ലാ തർക്കങ്ങളും പരിഹരിച്ച് ഇരു രാജ്യങ്ങളും കരാർ അന്തിമമാക്കുന്നതിന്റെ വക്കിലാണ് എന്ന് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസെം ഗരീബാബാദിയും അറിയിച്ചു. ഒമാനുമായുള്ള ചർച്ചകൾ പൂർണ്ണമായും ഉഭയകക്ഷിപരമാണെന്ന് പറഞ്ഞ അദ്ദേഹം, തന്ത്രപ്രധാനമായ ഈ ജലപാതയെക്കുറിച്ച് ഇറാൻ യുഎസുമായി ചർച്ച നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾ നിഷേധിച്ചു.

Content Highlights: Trump confirms a major military operation against Iran was halted following a request for talks. US stance remains firm against Iran acquiring nuclear weapons. Iran is finalizing a strategic maritime agreement with Oman regarding the Strait of Hormuz. Trump advocates for diplomatic resolution over military escalation.