സേനാതാവളത്തിൽ ട്രംപും പുതിനും തമ്മിൽ നിർണായക കൂടിക്കാഴ്ച; കിമ്മിനോട് വിശദാംശങ്ങൾ പങ്കുവെച്ച് പുതിൻ

ഡൊണാൾഡ് ട്രംപ്, വ്ലാദിമിർ പുതിൻ | File Photo: AFP
ഡൊണാൾഡ് ട്രംപ്, വ്ലാദിമിർ പുതിൻ | File Photo: AFP

മോസ്കോ: മൂന്നുവർഷം പിന്നിട്ട യുക്രൈൻ യുദ്ധത്തിന് അന്ത്യംകുറിക്കാൻ വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിനും തമ്മിലുള്ള കൂടിക്കാഴ്ച വെള്ളിയാഴ്ച നടക്കുക അലാസ്‌കയിലെ സേനാതാവളത്തിൽ.

1867-ൽ റഷ്യയിൽനിന്ന് യുഎസ് വാങ്ങിയ അലാസ്കയിലെ ഏറ്റവും വലിയ നഗരമായ ആങ്കറേജിന്റെ വടക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന യുഎസിന്റെ ജോയിന്റ് ബേസ് എൽമെൻഡോർഫ്-റിച്ചാർഡ്‌സണാണ് (ജെബിഇആർ) ചരിത്രപരമായ ട്രംപ്-പുതിൻ ഉച്ചകോടിയുടെ വേദി. നാലുവർഷത്തിനുശേഷമാണ് റഷ്യ-യുഎസ് രാഷ്ട്രത്തലവന്മാർ നേരിട്ടുകാണുന്നത്. പുതിൻറെ നിർദേശപ്രകാരം നടത്തുന്ന കൂടിക്കാഴ്ചയാണിതെന്ന് യുഎസ് വിദേശകാര്യവക്താവ് ടാമി ബ്രൂസ് പറഞ്ഞു.

സെലെൻസ്കി ജർമനിയിൽ
ബെർലിൻ: ട്രംപ്-പുതിൻ കൂടിക്കാഴ്ചയ്ക്കുമുൻപായി യൂറോപ്യൻ രാജ്യങ്ങളോടും യുഎസിനോടും യുക്രൈന്റെ നിലപാടറിയിക്കാൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി ബുധനാഴ്ച ജർമൻ തലസ്ഥാനമായ ബെർലിനിലെത്തി ചാൻസലർ ഫ്രീഡ്രിക് മെർ‌ത്‌സുമായി ചർച്ചനടത്തി. അതിനുമുൻപായി ഇരുവരും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമർ എന്നിവരുമായി ഫോണിൽ സംസാരിച്ചു. സെലെൻസ്കിയും യൂറോപ്യൻ നേതാക്കളും ട്രംപുമായി വെർച്വൽ കൂടിക്കാഴ്ച നടത്തും. യൂറോപ്യൻ നേതാക്കൾ മഹത്തുക്കളാണെന്ന് ചർച്ചയ്ക്കുമുന്നോടിയായി ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. 30-ലേറെ രാജ്യങ്ങളുടെ നേതാക്കളുമായി ചർച്ച നടത്തിയശേഷമാണ് സെലെൻസ്കി ബെർലിനിലെത്തിയത്.

കിമ്മിനെ വിളിച്ച് പുതിൻ
ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കുമുൻപായി യുക്രൈൻ യുദ്ധത്തിലെ തന്റെ സഖ്യകക്ഷിയായ ഉത്തരകൊറിയൻ ചെയർമാൻ കിം ജോങ് ഉന്നുമായി ചൊവ്വാഴ്ച പുതിൻ ഫോണിൽ സംസാരിച്ചു. ട്രംപുമായുള്ള ചർച്ചയുടെ വിശദാംശങ്ങൾ പുതിൻ കിമ്മിനോട് പങ്കുവെച്ചതായി ഉത്തരകൊറിയൻ വാർത്താ ഏജൻസി അറിയിച്ചു. യുക്രൈനെതിരേ പോരാടാൻ റഷ്യയെ സഹായിക്കുന്നതിനായി 15000 പട്ടാളക്കാരെ കിം അയച്ചിരുന്നു.

Content Highlights: Trump-Putin Summit in Alaska Aims to End Three-Year Ukraine Conflict