പുതിൻ ഒരു ഡീലിന് ആഗ്രഹിക്കുന്നു...! ട്രംപിന്റെ സംഭാഷണം പിടിച്ചെടുത്ത് മൈക്ക്, വൈറലായി ചർച്ച

ഡൊണാൾഡ് ട്രംപും വ്ലാദിമിർ പുതിനും | Photo: AFP
ഡൊണാൾഡ് ട്രംപും വ്ലാദിമിർ പുതിനും | Photo: AFP

വാഷിംഗ്ടൺ: റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യൂറോപ്യൻ നേതാക്കളും കൂടിക്കാഴ്ച്ചയ്ക്കു മുന്നോടിയായി നടന്ന സൗഹൃദസംഭാഷണത്തിൽ ട്രംപിന്റെ വാക്കുകൾ മൈക്കിലൂടെ പുറത്തായത് വൈറലായി. റഷ്യൻ പ്രസിഡന്റ് പുതിനെ ഉദ്ദേശിച്ച്, അദ്ദേഹം ഒരു ഡീൽ(കരാർ) ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് ശബ്ദം താഴ്ത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനോട് പറഞ്ഞതാണ് മൈക്ക് പിടിച്ചെടുത്തത്.

യോഗത്തിന് മുന്നോടിയായി ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച്ചയിൽ ട്രംപ് പറഞ്ഞു: 'റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുതിൻ ഒരു കരാറുണ്ടാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഞാൻ കരുതുന്നു... അദ്ദേഹം എനിക്കുവേണ്ടി ഒരു കരാറുണ്ടാക്കാൻ ആഗ്രഹിക്കുന്നു, നിങ്ങൾക്ക് മനസ്സിലായോ? കേൾക്കുമ്പോൾ വിചിത്രമായി തോന്നാമെങ്കിലും അതാണ് സത്യം.'

വെള്ളിയാഴ്ച അലാസ്‌കയിലെ ആങ്കറേജിൽവെച്ച് കണ്ടുമുട്ടിയപ്പോൾ റഷ്യൻ നേതാവുമായി നടത്തിയ സമീപകാല ചർച്ചകളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു അമേരിക്കൻ പ്രസിഡന്റിന്റെ ഈ പരാമർശം. പുതിൻ ഒരു കരാറിന് തയ്യാറാണെന്ന് താൻ വിശ്വസിക്കുന്നതായും ട്രംപ് പറയാതെ പറഞ്ഞു.

ലോകനേതാക്കളുടെ പരിശ്രമത്തെ തുടർന്ന് പുതിനും സെലൻസ്‌കിയും സമാധാന ഉച്ചകോടിക്ക് തയ്യാറായതായാണ് സൂചന. യുക്രൈന് ദീർഘകാല സുരക്ഷ ഉറപ്പാക്കുന്ന വിഷയത്തിലായിരുന്നു ചർച്ച. പുതിൻ -സെലെൻസ്‌കി ഉച്ചകോടി നടന്നാൽ, യുദ്ധം തുടങ്ങിയതിനു ശേഷം ഇരുനേതാക്കളും തമ്മിൽ നടത്തുന്ന ആദ്യത്തെ കൂടിക്കാഴ്ചയായിരിക്കും അത്.

ട്രംപ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ജർമ്മൻ ചാൻസലർ ഫ്രീഡ്രിഷ് മെയ്ര്‍സ്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ഫിൻലാൻഡ് പ്രസിഡന്റ് അലക്‌സാണ്ടർ സ്റ്റബ്, യൂറോപ്യൻ കമ്മീഷൻ അധ്യക്ഷ ഉർസുല വോൺ ഡെർ ലെയ്ൻ, നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ എന്നിവരുൾപ്പെടെ ഏഴ് യൂറോപ്യൻ നേതാക്കളാണ് യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളിൽ ഏർപ്പെട്ടത്.

അതേസമയം, ട്രംപുമായി വൈറ്റ് ഹൗസിൽ ചർച്ച നടത്തിയ ശേഷം, ബദ്ധവൈരിയായ പുതിനുമായി ഉഭയകക്ഷി ചർച്ചയ്ക്ക് താൻ തയ്യാറാണെന്ന് സെലൻസ്‌കി സ്ഥിരീകരിച്ചു. മോസ്‌കോയിൽ, യുക്രൈനുമായി നേരിട്ടുള്ള ചർച്ച എന്ന ആശയത്തോട് പുതിന് എതിർപ്പില്ലെന്ന് റഷ്യൻ ഉദ്യോഗസഥരും വ്യക്തമാക്കുന്നുണ്ട്. 

യുക്രൈനുമായുള്ള റഷ്യ ചില മുന്നേറ്റങ്ങൾ നടത്തിയെങ്കിലും യുദ്ധം ഫലത്തിൽ സ്തംഭനാവസ്ഥയിലാണ്. ട്രംപ് മുൻകൈ എടുത്തതിനെ തുടർന്നാണ് പുതിൻ അലാസ്‌കയിൽ എത്തി ചർച്ചയ്ക്കു തയ്യാറായത്. ഇതിനു തൊട്ടുപിന്നാലെ, സെലൻസ്‌കിയും ട്രംപിനെ കാണാനെത്തി. കഴിഞ്ഞ ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് ഇരുവരും തമ്മിൽ കടുത്ത വാക്കുതർക്കമുണ്ടായതിന് ശേഷം ഓവൽ ഓഫീസിൽവെച്ചായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ച.

Content Highlights: He Wants To Make Deal Trump's Hot Mic Moment On Putin