ഇറാൻയുദ്ധം തുടരണോ വേണ്ടയോ? ട്രംപും നെതന്യാഹുവും രണ്ടുതട്ടിൽ; ഫോണിൽ ചർച്ചനടത്തി

വാഷിങ്ടൺ: ഇറാനെതിരായ യുദ്ധം മുന്നോട്ടുകൊണ്ടുപോകുന്നതിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും വ്യത്യസ്തമായ അഭിപ്രായങ്ങളാണുള്ളതെന്ന് റിപ്പോർട്ട്.
ഇരു നേതാക്കളും തമ്മിൽ ചൊവ്വാഴ്ച നടന്ന സുദീർഘമായ ടെലിഫോൺ സംഭാഷണത്തിൽ, ഇറാനെതിരേ വ്യോമാക്രമണം പുനഃരാരംഭിക്കണമെന്ന നിലപാടായിരുന്നു നെതന്യാഹു കൈക്കൊണ്ടതെന്നാണ് വിവരം. എന്നാൽ, ആക്രമണം വീണ്ടും ആരംഭിക്കുന്നതിന് മുൻപ് നയതന്ത്രത്തിന് ഒരു അവസരം കൊടുക്കണമെന്നായിരുന്നു ട്രംപിന്റെ അഭിപ്രായം.
ട്രംപുമായുള്ള ഫോൺ സംഭാഷണത്തിന് പിന്നാലെ നെതന്യാഹു 'തലയ്ക്ക് തീപിടിച്ച' അവസ്ഥയിലായിരുന്നെന്ന് യുഎസ് മാധ്യമമായ ആക്‌സിയോസ് റിപ്പോർട്ട് ചെയ്യുന്നു. ഇറാന്റെ സൈനികശേഷിയെ ദുർബലപ്പെടുത്താനും നിർണായകമായ അടിസ്ഥാന സൗകര്യങ്ങൾ തകർത്ത് ഭരണകൂടത്തെ ദുർബലപ്പെടുത്താനുമായി വ്യോമാക്രമണങ്ങൾ പുനഃരാരംഭിക്കണമെന്നാണ് നെതന്യാഹുവിന്റെ നിലപാട്. മാത്രമല്ല, സമാധാനചർച്ചയെ അത്യധികം സംശയത്തോടെയുമാണ് അദ്ദേഹം നോക്കിക്കാണുന്നതും. എന്നാൽ, ചർച്ചകൾക്ക് അവസരം നൽകണമെന്നും അതുവഴി കരാറിലെത്തിച്ചേരാനാകുമെന്നുമാണ് ട്രംപിന്റെ നിലപാട്. അങ്ങനെ സംഭവിക്കാത്തപക്ഷം യുദ്ധം തുടരാൻ തയ്യാറാണെന്നും ട്രംപ് അറിയിച്ചുവെന്നാണ് വിവരം.
യുഎസും ഇറാനും ഒപ്പിട്ട് യുദ്ധം ഔദ്യോഗികമായി അവസാനിപ്പിക്കാനുള്ള ഒരു ധാരണാപത്രം, സമാധാനചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന പാകിസ്താനും ഖത്തറും ചേർന്ന് തയ്യാറാക്കുകയാണെന്ന് നെതന്യാഹുവിനെ ട്രംപ് ടെലിഫോൺ സംഭാഷണത്തിനിടെ അറിയിച്ചിട്ടുണ്ട്. ഈ ധാരണാപത്രത്തിൽ ഒപ്പിടുന്നതിലൂടെ ചർച്ചകൾക്കായി 30 ദിവസം ലഭിക്കും. ഈ കാലയളവ് ഇറാന്റെ ആണവപദ്ധതി, ഹോർമുസ് കടലിടുക്ക് തുറക്കൽ തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾക്ക് പ്രയോജനപ്പെടുത്താനുമാകും.
എന്നാൽ, ട്രംപിന്റെ ഈ നീക്കത്തോട് നെതന്യാഹു വിയോജിപ്പ് പ്രകടിപ്പിച്ചു. ആക്രമണങ്ങൾ വൈകിപ്പിച്ചത് തെറ്റായി പോയെന്നാണ് താൻ കരുതുന്നതെന്ന് പറഞ്ഞ നെതന്യാഹു, ആക്രമണം നേരത്തെ നിശ്ചയിച്ചതുപോലെ തുടരണമെന്ന് നിർബന്ധം പിടിക്കുകയും ചെയ്തു. ഫോൺ സംഭാഷണത്തിന് പിന്നാലെ നെതന്യാഹുവിന് ‘തലയ്ക്ക് തീപിടിച്ചതു പോലെ’ ആയിരുന്നെന്നാണ് ട്രംപിന്റെ പദ്ധതി കേട്ടതിന് പന്നാലെയുള്ള അദ്ദേഹത്തെ പ്രതികരണത്തെ കുറിച്ച് ഒരു ഉദ്യോഗസ്ഥൻ പ്രതികരിച്ചത്.
ട്രംപിന്റെ ഫോൺവിളി, ആശങ്കപ്പെടുത്തുന്നതാണെന്ന് പിന്നീട് ഇസ്രയേലിന്റെ യുഎസിലെ എംബസി അമേരിക്കൻ നിയമനിർമാതാക്കളെ അറിയിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യം എംബസി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, ട്രംപുമായി വിഷയം നേരിട്ട് ചർച്ച ചെയ്യാൻ നെതന്യാഹു വാഷിങ്ടൺ സന്ദർശനത്തിന് ഒരുങ്ങുന്നെന്നും റിപ്പോർട്ടുകളുണ്ട്.
Content Highlights: Trump advocates for a 30-day diplomatic window to negotiate with Iran., Netanyahu insists on immediate airstrikes to weaken Iran's military and infrastructure., A peace memorandum is being drafted by Qatar and Pakistan., Netanyahu plans a Washington visit to address disagreements directly with Trump.