‘എസ്‌കലേറ്റര്‍ നിന്നപ്പോള്‍ രൂക്ഷമായ നോട്ടം, വിരല്‍ ചൂണ്ടിയുള്ള സംഭാഷണം’; മെലാനിയയ്ക്ക് ട്രംപിനോട് പുച്ഛമെന്ന് വിമര്‍ശകര്‍

ട്രംപ്, മെലാനിയ ട്രംപ്| Photo Credit: Getty Images via AFP
ട്രംപ്, മെലാനിയ ട്രംപ്| Photo Credit: Getty Images via AFP

വാഷിങ്ടൺ: വൈറ്റ് ഹൗസിനു പുറത്ത് മറീൻ വണ്ണിൽവെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയയും തമ്മിൽ വഴക്കുണ്ടായോ? ദമ്പതികളുടെ വിരൽ ചൂണ്ടിയുള്ള സംഭാഷണവും തീവ്രമായ പ്രതികരണങ്ങളും ക്യാമറയിൽ പതിഞ്ഞതിനു പിന്നാലെയാണ് ഊഹാപോഹങ്ങൾ ഉയർന്നുവന്നത്.

സെപ്റ്റംബർ 24, ബുധനാഴ്ച രാത്രി സൗത്ത് ലോണിൽ മറീൻ വൺ ഇറങ്ങുമ്പോൾ ഹെലികോപ്റ്ററിന്റെ ജനലിലൂടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും സംസാരിക്കുന്നത് ക്യാമറയിൽ പതിഞ്ഞിരുന്നു. ട്രംപ് മെലാനിയയ്ക്ക് നേരെ വിരൽ ചൂണ്ടുന്നതും മെലാനിയ മറുപടിയായി തലയാട്ടുന്നതും സോഷ്യൽ മീഡിയയിൽ വൈറലായ ക്ലിപ്പിൽ കാണാം.

വൈറലായ ഈ വീഡിയോയിലെ ട്രംപ് ദമ്പതികളുടെ സംഭാഷണം ലിപ് റീഡർമാർ (ചുണ്ടനക്കം നോക്കി സംഭാഷണം വായിക്കുന്നവർ) വ്യാഖ്യാനിച്ചിട്ടുണ്ട്. യുഎൻ ആസ്ഥാനത്ത് എത്തിയപ്പോൾ എസ്‌കലേറ്റർ തകരാറിലായതിനെക്കുറിച്ചാണ് ദമ്പതികൾ ചർച്ച ചെയ്തിരുന്നതെന്ന് അവർ പറയുന്നു. ഈ ആഴ്ച ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ നടന്ന എസ്‌കലേറ്റർ സംഭവത്തെക്കുറിച്ച് ട്രംപ് ദമ്പതികൾ അത്ഭുതത്തോടെ സംസാരിക്കുകയായിരുന്നുവെന്ന് താൻ വിശ്വസിക്കുന്നതായി ഫോറൻസിക് ലിപ് റീഡറായ ജെറമി ഫ്രീമാൻ ഡെയ്ലി മെയിലിനോട് പറഞ്ഞു.

എന്റെ വ്യാഖ്യാനമനുസരിച്ച്, ഡൊണാൾഡ് ട്രംപ് യുഎന്നിലെ തട്ടിപ്പുകളെക്കുറിച്ചാണ് സംസാരിച്ചിരുന്നതെന്ന് ജെറി ഫ്രീമാൻ പറയുന്നു.

'നിങ്ങൾ മുന്നോട്ട് നീങ്ങി.'

ട്രംപ് മറുപടി നൽകി: 'അത് അവിശ്വസനീയമായിരുന്നു. അവർക്ക് അതെങ്ങനെ ചെയ്യാൻ കഴിയും?'

ഇതായിരുന്നു സംഭാഷണമെന്നാണ് ഫ്രീമാൻ പറയുന്നത്.

മറ്റൊരു ബ്രിട്ടീഷ് ലിപ് റീഡറായ നിക്കോള ഹിക്ക്‌ലിങ് കണ്ടെത്തുത് മറ്റൊരു തലത്തിലാണ്.

മെലാനിയയോട് ട്രംപ് പറഞ്ഞു: 'എനിക്കവരോട് ക്ഷമിക്കാൻ കഴിയില്ല, അവർ നിങ്ങളെ വേദനിപ്പിക്കാൻ ശ്രമിച്ചു.'

മെലാനിയ: 'നമുക്കിത് ചെയ്യാൻ കഴിയില്ല, നമ്മൾ സുരക്ഷിതരായിരിക്കണം, നിങ്ങൾ സുരക്ഷിതനല്ല.'

ട്രംപ്: 'അവരുടെ കാര്യം കഴിഞ്ഞു. നമ്മൾ അവരെ വെല്ലുവിളിക്കണം.'

സെപ്റ്റംബര്‍ 23-ന് പൊതുസഭയെ അഭിസംബോധന ചെയ്യാനായി ട്രംപും മെലാനിയയും ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് എത്തിയപ്പോള്‍ അവര്‍ ഉപയോഗിച്ച എസ്‌കലേറ്റര്‍ നിന്നുപോയത് വിവാദമായിരുന്നു. എസ്‌കലേറ്റര്‍ നിന്നപ്പോള്‍ ട്രംപിന് മുന്നില്‍ നിന്നിരുന്ന മെലാനിയ വീഴാന്‍ പോയതായി വീഡിയോ ദൃശ്യങ്ങളില്‍ കാണാം. എസ്‌കലേറ്ററില്‍ നില്‍ക്കുമ്പോള്‍ ട്രംപിനെ നോക്കുന്ന മെലാനിയയുടെ ചിത്രവും ചര്‍ച്ചയായി. രൂക്ഷമായ നോട്ടത്തിന് പിന്നിൽ ട്രംപിനോടുള്ള ദേഷ്യമാണെന്നാണ് പലരുടെയും വ്യാഖ്യാനം.

'ഞാനും മെലാനിയയും ഈ സ്റ്റീൽ പടികളുടെ മൂർച്ചയേറിയ അരികുകളിലേക്ക് മുഖമടിച്ച് വീഴാഞ്ഞത് അത്ഭുതമാണ്,' ട്രംപ് പിന്നീട് ഈ സംഭവത്തെക്കുറിച്ച് ഓൺലൈനിൽ കുറിച്ചു. 'ഞങ്ങൾ ഇരുവരും കൈവരിയിൽ മുറുകെ പിടിച്ചത് കൊണ്ട് മാത്രം രക്ഷപ്പെട്ടു, അല്ലെങ്കിൽ അതൊരു ദുരന്തമാകുമായിരുന്നു.'

ഈ സംഭവം ഒരു അട്ടിമറി ആണെന്ന് ട്രംപ് അവകാശപ്പെട്ടു. എസ്‌കലേറ്റർ-ഗേറ്റ് സംഭവത്തിൽ അറസ്റ്റ് വേണമെന്ന് യുഎസ് പ്രസിഡന്റ് ആവശ്യപ്പെട്ടു. യുഎസ് സീക്രട്ട് സർവീസ് സംഭവം അന്വേഷിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് നേരത്തെ അറിയിച്ചിരുന്നു. ട്രംപിനും മെലാനിയയ്ക്കും ഏതാനും നിമിഷങ്ങൾക്കുമുമ്പ് എസ്‌കലേറ്ററിൽ കയറിയ അദ്ദേഹത്തിന്റെ വീഡിയോഗ്രാഫർ ആയിരിക്കാം എമർജൻസി സ്റ്റോപ്പ് പ്രവർത്തിപ്പിച്ചതെന്ന് യുഎൻ വക്താവ് സ്റ്റെഫാൻ ഡുജാറിക് പ്രസ്താവനയിൽ പറഞ്ഞു.

മേയിൽ പുറത്തുവന്ന മാക്രോൺ ദമ്പതികളുടെ ദൃശ്യങ്ങളുമായി ചില വിമർശകർ ഈ ദൃശ്യങ്ങളെ താരതമ്യം ചെയ്യുന്നുണ്ട്. ഫ്രഞ്ച് പ്രഥമ വനിത ബ്രിജിറ്റ് മാക്രോൺ ഭർത്താവ് ഇമ്മാനുവൽ മാക്രോണിനെ തള്ളിമാറ്റുന്നതും, ഫ്രഞ്ച് പ്രസിഡന്റ് ഞെട്ടിത്തിരിഞ്ഞുനോക്കുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു. ക്യാമറ കണ്ടതിന് ശേഷം അദ്ദേഹം പുഞ്ചിരിക്കുകയും കൈവീശിക്കാണിക്കുകയും ചെയ്തു. തെക്കുകിഴക്കൻ ഏഷ്യൻ പര്യടനത്തിനായി വിയറ്റ്‌നാമിൽ വിമാനമിറങ്ങാൻ തുടങ്ങുമ്പോഴായിരുന്നു ഈ സംഭവം.

അതേസമയം, മുൻ ടെന്നിസ് ചാമ്പ്യൻ മാർട്ടിന നവരത്തിലോവ നടത്തിയ പ്രതികരണം രൂക്ഷമായിരുന്നു. മെലാനിയയ്ക്ക് ട്രംപിനോട് പുച്ഛമാണെന്നായിരുന്നു മാർട്ടിനയുടെ കണ്ടെത്തൽ.

ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിനിടെ ന്യൂയോർക്ക് സിറ്റിയിൽ വെച്ചാണ് ഈ ചിത്രം എടുത്തത്. ഫോട്ടോയിൽ, മെലാനിയ ഭർത്താവിനൊപ്പം നടക്കുമ്പോൾ അദ്ദേഹത്തെ രൂക്ഷമായി നോക്കുന്നത് കാണാം. മെലാനിയയുടെ ഭാവപ്രകടനത്തിന്റെ അർത്ഥമെന്താണെന്ന് ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് ചോദിച്ചപ്പോൾ, മാർട്ടിന മൂന്ന് വാക്കുകളിൽ മറുപടി നൽകി: 'അവർക്ക് അയാളോട് പുച്ഛമാണ്.' ട്രംപിന്റെ സാന്നിധ്യം കാരണമുള്ള അധിക സുരക്ഷയെ ഭ്രാന്ത് എന്നാണ് മാർട്ടിന വിശേഷിപ്പിച്ചത്.

Content Highlights: Controversy erupts over US President Trump and Melania`s escalator incident at the UN. Lip readers interpret their conversation, sparking debate about their interaction and Melania`s alleged disdain.