വാതിലുകൾ തകർത്തു, മഡുറോയെ പിടികൂടുന്നത് ഒരു ടിവി ഷോ പോലെ കണ്ടു, കപ്പലിൽ കൊണ്ടുവരുന്നു- ട്രംപ്

നിക്കോളാസ് മഡുറോ, ഡൊണാള്‍ഡ് ട്രംപ് |ഫോട്ടോ:AFP
നിക്കോളാസ് മഡുറോ, ഡൊണാള്‍ഡ് ട്രംപ് |ഫോട്ടോ:AFP

വാഷിങ്ടൺ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് സൈന്യം പിടികൂടുന്നത് താൻ ഒരു ടെലിവിഷൻ ഷോ പോലെ സൈനിക ജനറൽമാർക്കൊപ്പം കണ്ടിരിക്കുകയായിരുന്നുവെന്ന് ഡൊണാൾഡ് ട്രംപ്. ഇങ്ങനെയൊരു നീക്കം ലോകത്ത് മറ്റൊരു രാജ്യത്തിനും ചെയ്യാൻ കഴിയില്ലെന്നും യുഎസ് പ്രസിഡന്റ് അവകാശപ്പെട്ടു. വെനസ്വേലയിൽ കടന്നുകയറിയുള്ള ആക്രമണത്തിന് പിന്നാലെ ഫോക്‌സ് ന്യൂസിന് നൽകിയ ഫോൺ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം.

ഓപ്പറേഷൻ വളരെ സങ്കീർണ്ണമായിരുന്നുവെന്നും ട്രംപ് വ്യക്തമാക്കി.'ഞാൻ അക്ഷാർത്ഥത്തിൽ ഒരു ടിവി ഷോ കാണുന്നത് പോലെ കണ്ടു. ഞങ്ങൾ അത് ഒരു മുറിയിൽ നിന്ന് നോക്കി കാണുകയായിരുന്നു. അതിന്റെ എല്ലാ വശങ്ങളും ഞങ്ങൾ നോക്കി. ജനറൽമാർ ഉൾപ്പെടെ നിരവധി ആളുകൾ ഞങ്ങളെ ചുറ്റിപ്പറ്റിയിരുന്നു, എന്താണ് സംഭവിക്കുന്നതെന്ന് അവർക്ക് അറിയാമായിരുന്നു. അത് വളരെ സങ്കീർണ്ണമായിരുന്നു. യഥാർത്ഥത്തിൽ, അവർ എല്ലാം തകർത്ത് പ്രവേശിക്കുകയായിരുന്നു, അത്രയധികം പ്രവേശിക്കാൻ കഴിയാത്ത സ്ഥലങ്ങളിലേക്ക് അവർ പ്രവേശിച്ചു, പ്രത്യേകം സ്ഥാപിച്ച സ്റ്റീൽ വാതിലുകൾ തകർത്ത് സെക്കൻഡുകൾക്കുള്ളിൽ അവരെ പുറത്തെടുത്തു. ഞാൻ ഇതിന് മുമ്പ് ഇങ്ങനെ ഒന്നും കണ്ടിട്ടില്ല' യുഎസ് സൈനിക നടപടിയെ കുറിച്ച് ട്രംപ് പറഞ്ഞു.

ക്രിസ്മസ്-പുതുവത്സരം ആഘോഷിക്കുന്നതിനായി പാം ബീച്ചിലെ തന്റെ സ്വകാര്യ ക്ലബ്ബിൽ ചെലവഴിക്കവെയാണ് ട്രംപ് ഓപ്പറേഷൻ നടപടികൾ വീക്ഷിച്ചത്. 'ഇങ്ങനെയൊരു നീക്കം ചെയ്യാൻ ഭൂമിയിലെ മറ്റൊരു രാജ്യത്തിനും കഴിയില്ലെന്ന് സൈനികർ എന്നോട് പറഞ്ഞു' ട്രംപ് കൂട്ടിച്ചേർത്തു.

വെനസ്വേലയിൽനിന്ന് പിടികൂടിയ മഡുറോയെയും ഭാര്യയെയും യുഎസ്എസ് ഐവോ ജിമ എന്ന യുദ്ധ കപ്പലിൽ ന്യൂയോർക്കിലേക്ക് കൊണ്ടുവരികയാണെന്നും ട്രംപ് വെളിപ്പെടുത്തി. 'ഹെലികോപ്റ്ററിലാണ് അവരെ പുറത്തെത്തിച്ചത്. അവർ അത് ആസ്വദിച്ചെന്ന് ഞാൻ ഉറപ്പ് നൽകുന്നു. പക്ഷേ അവർ ധാരാളം ആളുകളെ കൊന്നിട്ടുണ്ട്. അത് ഓർക്കുക' ട്രംപ് അഭിമുഖത്തിനിടെ പറഞ്ഞു.

ഒരാഴ്ച മുമ്പ് താൻ മഡുറോയെ വിളിച്ചിരുന്നതായും കീഴടങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ട്രംപ് പറഞ്ഞു.

മഡുറോയെ പിടികൂടാനുള്ള ഓപ്പറേഷനിടെ ഒരു അമേരിക്കക്കാരനും കൊല്ലപ്പെട്ടിട്ടില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. അതേസമയം ചിലർക്ക് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഓപ്പറേഷനിൽ പങ്കെടുത്ത വിമാനങ്ങളെല്ലാം തിരികെ എത്തി എന്ന് പറഞ്ഞ ട്രംപ് ഒരു ഹെലികോപ്റ്ററിന് കാര്യമായ ക്ഷതമേറ്റതായും വെളിപ്പെടുത്തി.

Content Highlights: Trump Describes Maduro Capture as "TV Show" Watched with Generals