‘ലക്ഷ്യങ്ങൾ വ്യക്തം, യുദ്ധം 4-5 ആഴ്ച വരെ നീണ്ടേക്കാം’; ഇറാനെതിരായ ആക്രമണത്തെ ന്യായീകരിച്ച് ട്രംപ്

വാഷിങ്ടൺ: ഇറാനെതിരേ ഇസ്രയേലുമായി ചേർന്ന് നടത്തുന്ന സംയുക്ത ആക്രമണത്തെ ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ ആണവായുധം നിർമിച്ചാൽ അത് ലോകത്തിന് ഭീഷണിയാണെന്നും ലോകത്തിന്റെ മുഴുവൻ സുരക്ഷയ്ക്കായാണ് അമേരിക്ക ഇറാനെ ആക്രമിക്കുന്നതെന്നും ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് പറഞ്ഞു. നിരന്തരം നൽകിയിരുന്ന മുന്നറിയിപ്പുകൾ ഇറാൻ അവഗണിച്ചെന്നും ഇനി നാലു മുതൽ അഞ്ച് ആഴ്ച വരെ അമേരിക്ക യുദ്ധം തുടരുമെന്നും ട്രംപ് പറഞ്ഞു.
'ഇറാൻ ആണവസമ്പുഷ്ടീകരണത്തിന്റെ വക്കിലാണ്. അവർ ആണവായുധങ്ങൾ നിർമിക്കുകയാണ്. ബാലിസ്റ്റിക് മിസൈലുകളടക്കം ഇറാന്റെ പക്കലുള്ള ആണവ ശേഖരം അമേരിക്കയ്ക്കും ഭീഷണിയാണ്. ആണവായുധ നിർമാണത്തിൽനിന്ന് പിന്മാറണമെന്ന് ഇറാനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവർ ആയുധനിർമാണവുമായി മുന്നോട്ടുപോയതുകൊണ്ടാണ് അമേരിക്ക അവരെ ആക്രമിക്കാൻ നിർബന്ധിതരായത്.' വൈറ്റ് ഹൗസിലെ ഈസ്റ്റ് റൂമിൽ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
'ഇറാന്റെ ആണവായുധ നിർമാണ ഭീഷണി ഇല്ലാതാക്കാനായി ഞങ്ങൾക്ക് ലഭിച്ച ഏറ്റവും മികച്ചതും അവസാനത്തേതുമായ അവസരമാണിത്. ആ അവസരം അമേരിക്ക ഉപയോഗപ്പെടുത്തുക തന്നെ ചെയ്യും. ഇറാന് നിരന്തരം മുന്നറിയിപ്പുകൾ നൽകിയിരുന്നു. എന്നാൽ അവർ അതെല്ലാം അവഗണിച്ചു. ഇനി ഞങ്ങൾ യുദ്ധം തുടരുക തന്നെ ചെയ്യും. അമേരിക്കയ്ക്ക് എത്രകാലം വേണമെങ്കിലും യുദ്ധം തുടരാൻ സാധിക്കും. സൈനിക നീക്കം അടുത്തൊന്നും അവസാനിപ്പിക്കില്ല.' അദ്ദേഹം പറഞ്ഞു.
യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമങ്ങളെ കാണുന്നത്. 'ലക്ഷ്യങ്ങൾ വ്യക്തമാണ്. ഇറാന്റെ മിസൈൽ ശേഷി നശിപ്പിക്കുക എന്നതാണ് ആദ്യ ലക്ഷ്യം. രണ്ടാമതായി, ഞങ്ങൾ അവരുടെ നാവികപ്പടയെ നശിപ്പിക്കുകയാണ്; ഞങ്ങൾ ഇതിനോടകം ഇറാന്റെ 10 കപ്പലുകൾ മുക്കിക്കളഞ്ഞു. അവ ഇപ്പോൾ കടലിന്റെ അടിത്തട്ടിലാണ്. മൂന്നാമതായി, ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദ സ്‌പോൺസർക്ക് ആണവായുധം ലഭിക്കില്ലെന്ന് ഞങ്ങൾ ഉറപ്പാക്കുന്നു.' ട്രംപ് പറഞ്ഞു.
Content Highlights: Trump justifies the joint US-Israel attack on Iran as a necessary measure for global security. The primary reason cited is to prevent Iran from developing nuclear weapons and ballistic missiles. The military operation is projected to last 4-5 weeks with clear objectives to dismantle Iran's military capabilities.