ഇറാൻ കരാർ ഏറെക്കുറെ പൂർത്തിയായതായി ട്രംപ്; ഗൾഫ് നേതാക്കളുമായും ചർച്ച നടത്തി,'ഹോർമുസ് തുറക്കും'

വാഷിങ്ടൺ: ഇറാൻ-യുഎസ് ചർച്ചയിൽ പുരോഗതിയുണ്ടായെന്ന് ഇരുരാജ്യങ്ങളും വെളിപ്പെടുത്തിയതിന് പിന്നാലെ കരാർ ഏറെക്കുറെ പൂർത്തിയായെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. ഗൾഫ് നേതാക്കളുമായി നടത്തിയ ഫോൺ സംഭാഷണത്തിന് ശേഷമാണ് ട്രംപിന്റെ പ്രഖ്യാപനം.
യുഎസുമായുള്ള കരാറിന്റെ കരട് ചട്ടക്കൂട് തയ്യാറാക്കിത്തുടങ്ങിയെന്നും അവസാന ഘട്ടത്തിലാണെന്നും കഴിഞ്ഞ ദിവസം ഇറാൻ അറിയിച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കുനുള്ള ധാരണാപത്രമാണ് ആദ്യം തയ്യാറാക്കുക. ശേഷം രണ്ട് മാസത്തിനുള്ളിൽ അന്തിമ കരാറിലേക്കെത്തുമെന്നാണ് ഇറാൻ പറയുന്നത്.
ധാരണയുടെ ആദ്യപടിയായി ഇറാൻ ഹോർമുസ് തുറക്കുകയും യുഎസ് നാവിക ഉപരോധം പിൻവലിക്കുകയും ചെയ്‌തേക്കുമെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സമാധാനചർച്ചകൾക്കായി വെള്ളിയാഴ്ച പാക് സൈനിക മേധാവി അസിം മുനീറും ഖത്തറിൽനിന്നുള്ള നയതന്ത്രസംഘവും ടെഹ്റാനിലെത്തിയിരുന്നു. ഇവർ മടങ്ങിയതിന് പിന്നാലെയാണ് ഇറാനും യുഎസും ചർച്ചകളിൽ വഴിത്തിരിവുണ്ടെന്ന് അറിയിച്ചത്.
ഇതിന് പിന്നാലെ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് ഇത് സംബന്ധിച്ച് വിശദീകരണവും നടത്തി. സൗദി, യുഎഇ, ഖത്തർ, ഈജിപ്ത്, തുർക്കി, ജോർദാൻ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളുടെ തലവൻമാരുമായും പാകിസ്താൻ ഫീൽഡ് മാർഷൽ അസിം മുനീറുമായും ഫോണിലൂടെ സംഭാഷണം നടത്തിയതായി ട്രംപ് അറിയിച്ചു. 'ഇറാനുമായുള്ള സമാധാനത്തെക്കുറിച്ചുള്ള ധാരണാപത്രവുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും സംഭാഷണങ്ങളിൽ ചർച്ചയായി. ഇറാനും യുഎസും മറ്റു രാജ്യങ്ങളും ഉൾപ്പെട്ട കരാർ സംബന്ധിച്ച് ഏറെക്കുറെ ചർച്ചകൾ പൂർത്തിയാക്കി. അവസാനവട്ട ചർച്ചകൾ പൂർത്തിയാക്കിയാൽ മാത്രമേ ഇത് ഔദ്യോഗികമാകൂ. ഇതിനുപുറമെ, ഞാൻ ഇസ്രായേലിന്റെ പ്രധാനമന്ത്രി ബിബി നെതന്യാഹുവുമായി സംസാരിക്കുകയും ചെയ്തു, അതും വളരെ നന്നായി നടന്നു. കരാറിന്റെ അവസാന ഘട്ടങ്ങളും വിശദാംശങ്ങളും നിലവിൽ ചർച്ചയിലാണ്, ഉടൻ തന്നെ പ്രഖ്യാപനം ഉണ്ടാകും. കരാറിലെ പല ഘടകങ്ങൾ കൂടാതെ, ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കും' ട്രംപ് അറിയിച്ചു.
Content Highlights: Donald Trump confirms the Iran-US peace agreement is nearing completion., Agreement includes the reopening of the strategic Hormuz Strait