'ഭരിക്കാന്‍ കഴിവില്ലാത്ത മറവിരോഗി';ബൈഡന്‍ ഓട്ടോപെന്‍ ഉപയോഗിച്ച് ഒപ്പിട്ട രേഖകള്‍ അസാധുവാക്കി ട്രംപ്

വാഷിങ്ടണ്‍: മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ 'ഓട്ടോപെന്‍' ഉപയോഗിച്ച് ഒപ്പുവെച്ച എല്ലാ രേഖകളും അസാധുവാണെന്ന് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ബൈഡന്‍ ഒപ്പിട്ട എക്‌സിക്യൂട്ടീവ് ഓര്‍ഡറുകളും ഉത്തരവുകളും മറ്റ് രേഖകളുമാണ് താന്‍ റദ്ദാക്കിയതെന്നാണ് ട്രംപ് സാമൂഹികമാധ്യമത്തിലൂടെ അറിയിച്ചത്. ബൈഡന്‍ ഒപ്പിട്ട രേഖകളിലെ ഏകദേശം 92 ശതമാനവും ഓട്ടോപെന്‍ ഉപയോഗിച്ചൊപ്പിട്ടിട്ടുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു.
അധികാരത്തിലിരിക്കുമ്പോള്‍ ഭരിക്കാന്‍ കഴിയാത്തത്ര മറവിരോഗിയായിരുന്നു ബൈഡന്‍ എന്നും ട്രംപ് ആരോപിച്ചിരുന്നു. ബൈഡന്റെ ഈ ഉത്തരവുകള്‍ക്ക് അതിന് ഇനി യാതൊരു നിയമസാധുതയോ പ്രാബല്യമോ ഉണ്ടായിരിക്കുന്നതല്ലെന്നും ട്രംപ് സമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു. അതേസമയം മുന്‍ഗാമിയുടെ ഉത്തരവുകള്‍ റദ്ദാക്കിയ നടപടി നിയമപരമായി നിലനില്‍ക്കുമോ എന്നത് അനിശ്ചിതത്വത്തിലാണ്.
അതേസമയം ബൈഡന്റെ ഈ പ്രവൃത്തി നിയമവിരുദ്ധമാണെന്നും പറഞ്ഞു. ഒരു വ്യക്തിയുടെ ഒപ്പ് ആധികാരികമായി പകര്‍ത്താന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് ഓട്ടോപെന്‍ (സൈനിങ് മഷീന്‍). പ്രസിഡന്റുമാര്‍ ഇതുപയോഗിക്കുന്നത് പതിവാണ്. വൈറ്റ്ഹൗസിനുസമീപം നാഷണല്‍ ഗാര്‍ഡുകള്‍ക്കുനേരെയുണ്ടായ വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ ബൈഡന്റെ കാലത്തെ കുടിയേറ്റനയങ്ങളാണ് അമേരിക്കയിലെ സാമൂഹികാന്തരീക്ഷം വഷളാക്കിയതെന്ന് ട്രംപ് ആരോപിച്ചിരുന്നു. പിന്നാലെയാണ് ഈ നടപടി.
മുന്‍ പ്രസിഡന്റുമാര്‍ പലതരം ഓട്ടോപെന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും, ബൈഡന്റെ ഇത് ഉപയോഗിച്ചത് മാനസികമായി കഴിവില്ലാത്തത് കൊണ്ടും വൈറ്റ് ഹൗസിന്റെ നിയന്ത്രണം അദ്ദേഹത്തിനായിരുന്നില്ല എന്നും തെളിയിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു.
തന്റെ ഭരണത്തിന്റെ അവസാന ദിവസങ്ങളില്‍, ട്രംപിന്റെ കാലത്ത് കുറ്റാരോപിതരായ ആളുകള്‍ക്ക് ബൈഡന്‍ മാപ്പ് നല്‍കിയിരുന്നു. സ്വന്തം മകന്‍, ട്രംപിനെതിരെ അന്വേഷണം നടത്തിയ നിയമനിര്‍മ്മാതാക്കള്‍, ട്രംപിനെ വിമര്‍ശിച്ച ഒരു സൈനിക ജനറല്‍, രാജ്യത്തെ ഉന്നത കോവിഡ് വിദഗ്ദ്ധന്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇതടക്കമാണ് ട്രംപ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്.
Content Highlights: Donald Trump declared all documents signed by Joe Biden using an `auto-pen` invalid