ഇന്ത്യ-പാക് വെടിനിർത്തൽ: അവകാശവാദം നിർത്താതെ ട്രംപ്; 'വെടിയുതിർക്കുന്നവരുമായി വ്യാപാരം സാധിക്കില്ല'

ന്യൂയോർക്ക്: ഇന്ത്യ-പാക് സായുധസംഘർഷം അവസാനിച്ചത് യുഎസിന്റെ ഇടപെടലിലൂടെയാണെന്ന അവകാശവാദം ആവർത്തിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പരസ്പരം വെടിയുതിർക്കുന്നവരുമായി വ്യാപാരം നടത്താനാകില്ലെന്ന് ഇരുരാജ്യങ്ങളോടും വ്യക്തമാക്കി. യുദ്ധത്തിൽ നിന്ന് ഇന്ത്യയേയും പാകിസ്താനേയും തടഞ്ഞു. ഒരു ആണവ ദുരന്തമായി മാറിയേക്കാവുന്ന സംഘർഷമാണ് താൻ ഇടപെട്ട് ഒഴിവാക്കിയതെന്ന് വിശ്വസിക്കുന്നതായും ഓവൽ ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
'ഇന്ത്യയിലേയും പാകിസ്താനിലേയും നേതാക്കളോട് നന്ദി പറയുന്നു. എന്റെ ജനങ്ങളോടും നന്ദി പറയാൻ ആഗ്രഹിക്കുന്നു. വ്യാപാരത്തെക്കുറിച്ച് സംസാരിച്ചു. പരസ്പരം വെടിയുതിർക്കുകയും ആണവായുധങ്ങൾ ഉപയോഗിക്കാൻ സാധ്യതയുള്ളവരുമായി വ്യാപാരം ചെയ്യാൻ സാധിക്കില്ലെന്ന് പറഞ്ഞു. ഇന്ത്യയിലേയും പാകിസ്താനിലേയും നേതാക്കൾക്ക് കാര്യങ്ങൾ മനസ്സിലാകുകയും എല്ലാം അവസാനിക്കുകയും ചെയ്തു', ട്രംപ് പറഞ്ഞു.
മേയ് 10-നാണ് ഇന്ത്യയും പാകിസ്താനും തമ്മിൽ വെടിനിർത്തൽ നിലവിൽവന്നത്. താൻ ഇടപെട്ട് പ്രശ്നം പരിഹരിച്ചെന്ന്, ഇരുരാജ്യങ്ങളുടെഭാഗത്തുനിന്നും പ്രഖ്യാപനമുണ്ടാകുംമുൻപ് ട്രംപ് സാമൂഹികമാധ്യമത്തിലൂടെ അവകാശപ്പെട്ടിരുന്നു. പിന്നീട് പലതവണ അദ്ദേഹം ഇക്കാര്യം ആവർത്തിക്കുകയും ചെയ്തു.
എന്നാൽ, ഇരുരാജ്യങ്ങളുംതമ്മിൽ വെടിനിർത്തൽധാരണയിലെത്തുന്നതിൽ മൂന്നാമതൊരു കക്ഷി ഇടപെട്ടിട്ടില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഏപ്രിൽ 22-ന് ജമ്മു-കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് മറുപടിയായാണ് മേയ് ഏഴിന് അർധരാത്രി പാകിസ്താനെതിരേ ഇന്ത്യ, ‘ഓപ്പറേഷൻ സിന്ദൂർ’ എന്നപേരിൽ സൈനികനടപടിയാരംഭിച്ചത്.
Content Highlights: President Trump reiterates his role in ending the India-Pakistan conflict