ഹോർമുസ് തുറക്കാനുള്ള കരാർ ഉടനെന്ന് ട്രംപ്; ഇറാൻ-ഒമാൻ ചർച്ചയിൽ നിർണായക പുരോഗതി

#ന്യൂസ് ഡെസ്ക്
ഡൊണാൾഡ് ട്രംപ് | Photo: AP
ഡൊണാൾഡ് ട്രംപ് | Photo: AP

വാഷിങ്ടൺ: ആഗോളതലത്തിലെ തന്ത്രപ്രധാന ചരക്കിടനാഴിയായ ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള കരാർ പ്രഖ്യാപനം അമേരിക്കൻ സമയം ബുധനാഴ്ചയോ വ്യാഴാഴ്ചയോ ഉണ്ടായേക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാനെ ശക്തമായി ആക്രമിക്കുമെന്നും ട്രംപ് മുന്നറിയിപ്പുനൽകി.

കടലിടുക്ക് തുറക്കുന്നതുസംബന്ധിച്ച ഇറാൻ-ഒമാൻ ചർച്ചയിൽ നിർണായക പുരോഗതിയുണ്ടായ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം. ഇറാന്റെയും ഒമാന്റെയും പ്രാദേശിക സമുദ്രാതിർത്തികൾക്കിടയിലാണ് ഹോർമുസ്.

കടലിടുക്കിലെ ഇറാന്റെ നിയന്ത്രണത്തിലുള്ള പാതയിലൂടെ കപ്പലുകൾ പേർഷ്യൻ ഗൾഫിലേക്ക് പ്രവേശിക്കുന്നതിനും ഒമാന്റെ നിയന്ത്രണത്തിലുള്ള പാതയിലൂടെ തിരിച്ചുപോകുന്നതിനും ഇരുരാജ്യങ്ങളും സമ്മതിച്ചെന്നാണ് സൂചന. കപ്പലുകൾക്ക് സുരക്ഷ ഒരുക്കുന്നതിനുപകരം അവയിൽനിന്ന് സർവീസ് ഫീസ് ഈടാക്കിയേക്കും.

ഇറാന്റെ പരമാധികാരത്തിനും അവകാശങ്ങൾക്കും കോട്ടംതട്ടാത്തവിധം ഇരുരാജ്യങ്ങളുടെയും ദേശീയ സുരക്ഷാതാത്പര്യങ്ങൾ മുൻനിർത്തി ഹോർമുസിലൂടെ സുരക്ഷിതഗതാഗതം ഉറപ്പാക്കുക ലക്ഷ്യമിട്ടായിരുന്നു ഒമാനുമായുള്ള ചർച്ചയെന്ന് ഇറാന്റെ വിദേശകാര്യവക്താവ് ഇസ്മായിൽ ബാഘേയ് പറഞ്ഞു.

ഹോർമുസ് തുറക്കാനുള്ള ചർച്ചകൾ ഫലംകണ്ടെന്നും കപ്പൽനീക്കം ഈയാഴ്ച സാധ്യമാകുമെന്നും യു.എസ്. വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റും പറഞ്ഞു.

ഇറാൻ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുന്നതിൽ നിലവിലെ ഏറ്റവും വലിയ കീറാമുട്ടിയാണ് ഹോർമുസ് കടലിടുക്കിന്റെ അവകാശത്തർക്കം. ഇതിനുപരിഹാരമാകുന്നതോടെ ജൂൺ 17-ന് നിലവിൽവന്ന ഇടക്കാല വെടിനിർത്തൽ ധാരണാപത്രം അന്തിമമാകുന്നതിനുള്ള വഴിതെളിയും.

ഇറാന്റെ ആണവനിരായുധീകരണം ലക്ഷ്യമിട്ടാണ് യു.എസും ഇസ്രയേലും ഫെബ്രുവരി 28-ന് യുദ്ധം തുടങ്ങിയതെങ്കിലും സംഘർഷം പിന്നീട് ഹോർമുസിനെ ചുറ്റിപ്പറ്റി വഷളാവുകയായിരുന്നു. യുദ്ധപൂർവകാലത്ത് ആഗോള എണ്ണനീക്കത്തിന്റെ 20 ശതമാനവും കടന്നുപോയിരുന്ന പാതയാണ് ഹോർമുസ്.

യുദ്ധത്തെത്തുടർന്ന് ഇതടച്ചത് ആഗോളതലത്തിൽ വലിയ ഇന്ധനപ്രതിസന്ധിയും വിലക്കയറ്റവുമുണ്ടാക്കി. കരാർസാധ്യത തെളിഞ്ഞതോടെ ബുധനാഴ്ച ആഗോള അസംസ്‌കൃത എണ്ണവില കുറഞ്ഞു.

ചെങ്കടലിൽ കപ്പലാക്രമണം

ബുധനാഴ്ച രാവിലെ ചെങ്കടലിലൂടെപോയ സൗദിയുടെ വഫ എന്ന എണ്ണടാങ്കർ യെമെനിലെ ഹൂതി വിമതർ ആക്രമിച്ചു. ജൂലായിൽ ചെങ്കടലിലെ ബാബ് അൽ മാണ്ടേബ് കടലിടുക്കിൽ ഹൂതികൾ സൗദിക്ക് നാവിക ഉപരോധം പ്രഖ്യാപിച്ചിരുന്നു. ചൊവ്വാഴ്ച യെമെൻ തീരത്ത് ഇന്ത്യൻ പതാകയുള്ള കപ്പൽ ആക്രമിച്ച് മുക്കിയിരുന്നു. അതിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

Content Highlights: Trump announces imminent agreement to reopen the strategic Hormuz Strait. Iran and Oman reach a breakthrough in maritime transit negotiations. Potential for service fees on ships to ensure safe passage. The deal could finalize the June 17 ceasefire agreement. Global crude oil prices decline following news of the potential deal.