ഗോൾഡൻ ഡോമിനെ എതിർത്തു, ചൈനയുമായി കരാർ; കാനഡയെ ഒരു കൊല്ലത്തിനുള്ളിൽ ചൈന ‘വിഴുങ്ങുമെന്ന്’ ട്രംപ്

വാഷിങ്ടൺ: യുഎസ് മുന്നോട്ടുവെച്ച മിസൈൽ പ്രതിരോധ സംവിധാനമായ ഗോൾഡൻ ഡോം പദ്ധതിയോട് മുഖംതിരിച്ച കാനഡയെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 'കാനഡയുടെ സുരക്ഷ കൂടി ഉറപ്പാക്കുന്ന പദ്ധതിയായിട്ടും അവർ അതിനെ പിന്തുണച്ചില്ല. പകരം ചൈനയുമായി വ്യാപാരത്തിന് ഒരുങ്ങുകയാണ്. ഒരു വർഷത്തിനുള്ളിൽത്തന്നെ ചൈന 'വിഴുങ്ങാൻ' സാധ്യതയുണ്ടെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു ഗ്രീൻലൻഡിന് മുകളിലായി താൻ നിർദ്ദേശിച്ച ഗോൾഡൻ ഡോം മിസൈൽ പ്രതിരോധ പദ്ധതി കാനഡ നിരസിച്ചതിനെത്തുടർന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
ഡാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ (WEF) കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർനിയുടെ സമീപകാല പരാമർശങ്ങൾക്ക് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രതികരണം. യുഎസിൽനിന്ന് ലഭിക്കുന്ന സൗജന്യ സഹായങ്ങൾക്കും സുരക്ഷാ സംരക്ഷണങ്ങൾക്കും കാനഡ കൂടുതൽ കൃതജ്ഞത പാലിക്കേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു.
'കാനഡ നമ്മളിൽ നിന്ന് ധാരാളം സൗജന്യ സഹായങ്ങൾ നേടുന്നുണ്ട്, അവർ ആ കൃതജ്ഞ കാട്ടണം, ഞാൻ ഇന്നലെ നിങ്ങളുടെ പ്രധാനമന്ത്രിയെ കണ്ടു; അദ്ദേഹം അത്രയ്ക്ക് കൃതജ്ഞതയുള്ളവനായിരുന്നില്ല. അവർ നമ്മളോട് നന്ദി കാണിക്കണം,'ട്രംപ് പറഞ്ഞു. ഗോൾഡൻ ഡോം മിസൈൽ പ്രതിരോധ സംവിധാനം കാനഡയ്ക്കും സംരക്ഷണം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാനഡ നിലനിന്നുപോരുന്നത് യുഎസിന്റെ സഹായത്താലാണെന്നും ട്രംപ് പറഞ്ഞു.
ജനുവരി 17 ന്, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർനി ചൈനയുമായി പുതിയ വ്യാപാര കരാർ പ്രഖ്യാപിച്ചിരുന്നു. കനേഡിയൻ വ്യവസായങ്ങൾക്കും തൊഴിലാളികൾക്കും കരാർ കൂടുതൽ വിപണികൾ തുറന്നുനൽകുമെന്ന് കാർനി പറഞ്ഞു. വിഭജിക്കപ്പെട്ടതും അനിശ്ചിതവുമായ ലോകത്ത്, കാനഡ കൂടുതൽ ശക്തവും സ്വതന്ത്രവും പ്രതിരോധശേഷിയുള്ളതുമായ ഒരു സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുകയാണ്. ഇതിനായി, കാനഡയുടെ പുതിയ സർക്കാർ വ്യാപാര പങ്കാളിത്തം വൈവിധ്യവൽക്കരിക്കാനും വൻതോതിലുള്ള പുതിയ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും അടിയന്തര പ്രാധാന്യത്തോടെയും ദൃഢനിശ്ചയത്തോടെയും പ്രവർത്തിക്കുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥ എന്ന നിലയിൽ, ചൈന ഈ ദൗത്യത്തിൽ കാനഡയ്ക്ക് വലിയ അവസരങ്ങൾ നൽകുന്നു.', എക്‌സ് പോസ്റ്റിൽ കാർനി പറഞ്ഞു.
കാനഡയിൽ നിന്നുള്ള കാർഷിക ഉത്പന്നങ്ങളിൽ കുറഞ്ഞ തീരുവയ്ക്ക് പകരമായി ചൈനീസ് ഇലക്ട്രിക് കാറുകൾക്ക് കാനഡ ഏർപ്പെടുത്തിയിരുന്ന 100% തീരുവ ഒഴിവാക്കാൻ സമ്മതിച്ചതായി സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ചൈനീസ് ഇവി കയറ്റുമതിയ്ക്ക് കാനഡയിലേക്കുള്ള ആദ്യ വർഷം 49,000 വാഹനങ്ങളായി പരിധി നിശ്ചയിക്കുമെന്നും ഇത് അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 70,000 ആയി ഉയരുമെന്നും കാർനി പറഞ്ഞു. കാനഡയുടെ പ്രധാന കയറ്റുമതിയായ കനോല വിത്തുകളിൽ ചൈനയുടെ മൊത്തത്തിലുള്ള തീരുവ 84 ശതമാനത്തിൽ നിന്ന് ഏകദേശം 15 ശതമാനമായി കുറയ്ക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
Content Highlights: Donald Trump warns Canada that choosing closer ties with China over US security could lead to Beijing `devouring` them within a year, following Canada`s rejection of a missile defense plan.