‘ആയുധം താഴെവെച്ചില്ലെങ്കിൽ ഹമാസിനെ തുടച്ചുനീക്കും’; ബോർഡ് ഓഫ് പീസ് പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്

#ന്യൂസ് ഡെസ്ക്
'ബോർഡ് ഓഫ് പീസ്' ചാർട്ടറിൽ ഒപ്പുവച്ച ശേഷം ട്രംപും അം​ഗങ്ങളും | PHOTO:X
'ബോർഡ് ഓഫ് പീസ്' ചാർട്ടറിൽ ഒപ്പുവച്ച ശേഷം ട്രംപും അം​ഗങ്ങളും | PHOTO:X

ദാവോസ്: ഗാസയിലെ സമാധാനവും പുനർനിർമ്മാണവും ലക്ഷ്യമിട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 'ബോർഡ് ഓഫ് പീസ്' ആഗോള സമാധാന പദ്ധതി പ്രഖ്യാപിച്ചു. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽവെച്ച് വ്യാഴാഴ്ചയാണ് പ്രഖ്യാപനമുണ്ടായത്. ഹമാസ് ഉടൻ ആയുധം ഉപേക്ഷിച്ചില്ലെങ്കിൽ കടുത്ത സൈനിക നടപടി നേരിടേണ്ടിവരുമെന്ന് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ ട്രംപ് മുന്നറിയിപ്പ് നൽകി.

35 രാജ്യങ്ങളുടെ പിന്തുണയോടെയാണ് പദ്ധതി  ആരംഭിച്ചിരിക്കുന്നത്. ഗാസയിലെ വെടിനിർത്തൽ നടപ്പിലാക്കുന്നതിനൊപ്പം ആഗോളതലത്തിലുള്ള മറ്റു സംഘർഷങ്ങൾ പരിഹരിക്കാനും ബോർഡ് മുൻകൈ എടുക്കുമെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. ബോർഡിന്റെ ചെയർമാനായി ട്രംപുതന്നെ പ്രവർത്തിക്കും.

ഈ സമിതി ഐക്യരാഷ്ട്രസഭയ്ക്ക് പകരമല്ലെന്നും മറിച്ച് യുഎന്നുമായി ചേർന്ന് പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും ശക്തമായ ബോഡിയായി മാറുമെന്നും ട്രംപ് പറഞ്ഞു. എന്നാൽ, സെക്യൂരിറ്റി കൗൺസിൽ തീരുമാനങ്ങളുടെ പരിധിയിൽനിന്ന് മാത്രമേ ഐക്യരാഷ്ട്രസഭ ഇതിനോട് സഹകരിക്കുകയുള്ളൂ എന്ന് യുഎൻ വക്താവ് വ്യക്തമാക്കി.

ലോകത്തിലെ മറ്റു സംഘർഷങ്ങളെക്കുറിച്ചും ട്രംപ് പരാമർശിച്ചു. ഉക്രെയ്ൻ യുദ്ധം പരിഹരിക്കുക എന്നത് താൻ വിചാരിച്ചതിനേക്കാൾ പ്രയാസകരമായ ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഭരണകാലത്ത് എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചുവെന്നും ഇറാന്റെ ആണവ ശേഷി അമേരിക്കൻ ആക്രമണത്തിലൂടെ തകർത്തുവെന്നും ട്രംപ് അവകാശപ്പെട്ടു. ഗാസയിലെ വെടിനിർത്തൽ നിലവിൽ ദുർബലമാണെന്നും ഹമാസ് നിരായുധരാകാത്തതാണ് ഇതിന് പ്രധാന തടസ്സമെന്നും ട്രംപിന്റെ മരുമകനും ചർച്ചകളിലെ പ്രധാനിയുമായ ജാറെഡ് കുഷ്‌നർ പറഞ്ഞു.

അതേസമയം, ട്രംപിൻ്റെ സുപ്രധാന നീക്കമായ ബോർഡ് ഓഫ് പീസിൽ ഇന്ത്യ പങ്കാളിത്തം സ്വീകരിച്ചിട്ടില്ല. പദ്ധതിയുടെ ഭാഗമാകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ട്രംപിൻ്റെ ക്ഷണം ലഭിച്ചിരുന്നെങ്കിലും  ഗാസയിലെ ഭരണസംവിധാനം ഉൾപ്പെടെയുള്ള വിഷയങ്ങളിലെ തന്ത്രപരമായ വശങ്ങൾ പരിഗണിച്ചാണ് ഇന്ത്യ വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്ന് നയതന്ത്രജ്ഞർ വ്യക്തമാക്കി. 

ഇന്ത്യയെക്കൂടാതെ ഫ്രാൻസ്, ബ്രിട്ടൻ, ചൈന, ജർമ്മനി എന്നീ രാജ്യങ്ങളും സംരംഭത്തിൽനിന്ന് വിട്ടുനിന്നു. പദ്ധതിയിൽ ചേരാൻ വിസമ്മതിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെതിരെ ട്രംപ് രംഗത്തെത്തിയിരുന്നു. ഫ്രഞ്ച് വീഞ്ഞിന്മേൽ അമേരിക്ക 200 ശതമാനം നികുതി ചുമത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്.

അതിനിടെ, പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ചടങ്ങിൽ നേരിട്ട് പങ്കെടുത്ത് കരാറിൽ ഒപ്പുവെച്ചു. സൗദി അറേബ്യ, ഇസ്രായേൽ, തുർക്കി, യുഎഇ, അർജന്റീന, ഇന്തോനേഷ്യ, അസർബൈജാൻ തുടങ്ങിയ രാജ്യങ്ങൾ പദ്ധതിയുടെ സ്ഥാപകാംഗങ്ങളാണ്. റഷ്യ ഈ ബോർഡിൽ ചേരുന്ന കാര്യം പരിഗണിച്ചുവരികയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഈ ബോർഡിൽ ചേരാൻ സമ്മതിച്ചിട്ടുണ്ട്.

Content Highlights: Donald Trump unveils `Board of Peace` at Davos to target Gaza reconstruction & global conflicts. 35 nations back the initiative. India abstains.