യുക്രൈൻ വിഷയത്തിൽ പുതിനോട് നല്ല ദേഷ്യമുണ്ട്, റഷ്യൻ എണ്ണയ്ക്ക് തീരുവ കൂട്ടും- സ്വരം മാറ്റി ട്രംപ്

വാഷിങ്ടണ്‍: യുക്രൈന്‍ വിഷയത്തില്‍ പുതിനോട് നല്ല ദേഷ്യമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയുടെ രാഷ്ട്രീയഭാവിയെ പുതിന്‍ ചോദ്യംചെയ്തത് ചൂണ്ടിക്കാട്ടിയാണ് എന്‍ബിസി ന്യൂസിനോട് ട്രംപ് ഇക്കാര്യം പറഞ്ഞത്.
യുദ്ധം അവസാനിപ്പിക്കാനാകുന്നില്ലെങ്കില്‍ അത് റഷ്യയുടെമാത്രം തെറ്റാണെന്ന് ട്രംപ് പറഞ്ഞു. മുന്‍പ് ഇക്കാര്യത്തില്‍ ട്രംപിന്റെ പഴി യുക്രൈനായിരുന്നു. റഷ്യന്‍ എണ്ണയ്ക്ക് കൂടുതല്‍ തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് മുന്നറിയിപ്പുനല്‍കിയതായും എന്‍ബിസി ന്യൂസ് പറഞ്ഞു.
യുക്രൈനിലെ രക്തച്ചൊരിച്ചില്‍ തടയുന്ന കാര്യത്തില്‍ റഷ്യയ്ക്കും എനിക്കും ഒരു കരാറിലെത്താന്‍ കഴിയുന്നില്ലെങ്കില്‍, അത് റഷ്യയുടെ തെറ്റാണെന്ന് ഞാന്‍ തോന്നിയാല്‍ - അത് അങ്ങനെയല്ലായിരിക്കാം - പക്ഷേ അത് റഷ്യയുടെ തെറ്റാണെന്ന് ഞാന്‍ കരുതുന്നുവെങ്കില്‍, റഷ്യയില്‍ നിന്നുള്ള എണ്ണയ്ക്ക് ഞാന്‍ സെക്കന്‍ഡറി താരിഫ് ചുമത്തും.'
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നവരെ യുഎസില്‍ ബിസിനസ്സ് ചെയ്യുന്നത് നിരോധിച്ചാല്‍ ബിസിനസ്സ് ചെയ്യുന്നത് വലിയ ബുദ്ധിമുട്ടാകുമെന്ന് ട്രംപ് പറഞ്ഞു. എണ്ണയ്ക്ക് 25% താരിഫ് ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു, ഇത് 25-50 പോയിന്റ് താരിഫിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
സെലെന്‍സ്‌കിയെ മാറ്റി യുഎന്‍ നേതൃത്വംനല്‍കുന്ന ഇടക്കാല സര്‍ക്കാര്‍ യുക്രൈന്റെ ഭരണമേറ്റെടുത്താല്‍ ഒത്തുതീര്‍പ്പിലെത്താമെന്ന വെടിനിര്‍ത്തല്‍ വ്യവ്യസ്ഥ കഴിഞ്ഞദിവസം പുതിന്‍ മുന്നോട്ടുവെച്ചിരുന്നു. ഇതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. യുഎസിന്റെ മധ്യസ്ഥതയില്‍ സൗദിയില്‍ നടന്ന ചര്‍ച്ചയില്‍ കരിങ്കടല്‍ കേന്ദ്രീകരിച്ചുള്ള ആക്രമണം നിര്‍ത്താന്‍ റഷ്യയും യുക്രൈനും സമ്മതിച്ചിരുന്നു. അധികാരത്തിലെത്തിയശേഷം യുക്രൈനോട് ഇടയുന്ന, റഷ്യയോട് അടുക്കുന്ന സമീപനമാണ് ട്രംപ് സ്വീകരിച്ചത്.
Content Highlights: Trump criticizes Putin's questioning of Zelensky's leadership and proposes higher Russian oil tariff