H-1B വിസക്കാരുടെ പങ്കാളികൾക്ക് EAD അനുവദിക്കുന്നത് അവസാനിപ്പിക്കാൻ നീക്കവുമായി ട്രംപ് ഭരണകൂടം

വാഷിങ്ടൺ: എച്ച്-1ബി വിസക്കാരുടെ പങ്കാളികൾക്ക് വർക്ക് പെർമിറ്റ് അനുവദിക്കുന്ന സമ്പ്രദായം അവസാനിപ്പിക്കാൻ നിയമം കൊണ്ടുവരാനുള്ള നീക്കവുമായി അമേരിക്കയിലെ ഡൊണാൾഡ് ട്രംപ് ഭരണകൂടം.
നിയമം പ്രാബല്യത്തിലെത്തുന്ന പക്ഷം, എച്ച്-1ബി വിസക്കാരുടെ പങ്കാളികളായ എച്ച്-4 വിസക്കാർക്ക് നിയമാനുസൃതമായി യുഎസിൽ ജോലി ചെയ്യാനുള്ള അവസരം നഷ്ടമാകും. അങ്ങനെ സംഭവിച്ചാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുക ഇന്ത്യക്കാരായ പ്രൊഫഷണലുകളെ ആയിരിക്കും. നിരവധി ഇന്ത്യക്കാരാണ് എച്ച്-4 വർക്ക് പെർമിറ്റിൽ അമേരിക്കയിൽ ജോലി ചെയ്യുന്നത്.
2014 മുതൽ 2017 വരെയുള്ള കാലത്ത് അംഗീകാരം ലഭിച്ചിട്ടുള്ള എച്ച്-4 എംപ്ലോയ്മെന്റ് ഓതറൈസേഷൻ ഡോക്യുമെന്റ് (ഇഎഡി) ഉടമകളിൽ 93 ശതമാനവും ഇന്ത്യക്കാരാണ്. ഇതിൽതന്നെ 94 ശതമാനം പേരും സ്ത്രീകളാണ്. പത്തുകൊല്ലത്തിലേറെയായി പ്രാബല്യത്തിലുള്ള രീതിക്കാണ് പുതിയ നിയമത്തിലൂടെ അവസാനമിടാൻ ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്.
Removing H-4 Dependent Spouses From the Classes of Noncitizens Eligible for Employment Authorisation എന്ന തലക്കെട്ടിൽ ഓഫീസ് ഓഫ് ഇൻഫർമേഷൻ ആൻഡ് റെഗുലേറ്ററി അഫയേഴ്സിന്റെ വെബ്സൈറ്റിൽ ഈ നിർദേശം പ്രസിദ്ധപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ ഈ നിർദേശം അന്തിമ നിയമമല്ല. മാത്രമല്ല ഇത് എച്ച്-4 വിസക്കാർക്കുള്ള വർക്ക് പെർമിറ്റ് അവസാനിപ്പിക്കുന്നുമില്ല.
ഈ നിയമം പ്രാബല്യത്തിൽ വരണമെങ്കിൽ ആദ്യം ഫെഡറൽ രജിസ്റ്ററിൽ നിർദിഷ്ട നിയമനിർമാണത്തിനുള്ള അറിയിപ്പ് പ്രസിദ്ധീകരിക്കുകയും പൊതുജനങ്ങൾക്കും അഭിപ്രായങ്ങൾ സമർപ്പിക്കാൻ അവസരം നൽകുകയും തുടർന്ന് അന്തിമ നിയമം പുറപ്പെടുവിക്കുകയും വേണം. അതുവരെ, സാധുവായ ഇഎഡി ഉള്ള അർഹരായ എച്ച്-4 വിസക്കാർക്ക് നിലവിലുള്ള നിയമപ്രകാരം ജോലി തുടരാവുന്നതാണ്.
Content Highlights: Trump administration proposes ending work permits for H-1B visa spouses., H-4 visa holders, predominantly Indian professionals and women, will be most affected., The proposal is not yet a final law and requires federal register notice and public comments., Valid EAD holders can continue working under current rules until a final decision.